മിക്സ്ഡ് വെജിറ്റബിള്‍ ആന്‍ഡ്‌ ഫ്രൂട്ട് സലാഡ്‌

October 18th, 2011

Mixed Fruit & Vegetable Salad-epathram

അയ്യേ.. സലാഡോ?? ഇത്രേം നല്ല ഭക്ഷണം കഴിക്കുന്നതിനു മുമ്പേ ഈ പച്ചക്കറി തിന്നു വയര്‍ നിറയ്കണോ?? ചോദിക്കാന്‍ വരട്ടെ, ഈ സലാഡ്‌ ഒന്ന് കഴിച്ചു നോക്ക്. തികച്ചും വ്യത്യസ്തമായ ഒരു സലാഡ്‌ ആണ് ഇത്. വീട്ടില്‍ പൊതുവേ കാണുന്ന പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ച് ഇത് തയ്യാറാക്കാം എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത. പഴങ്ങള്‍ കൂടി ഉള്ളതിനാല്‍ പച്ചക്കറി കഴിക്കുന്നു എന്ന് തോന്നുകയുമില്ല.

ചേരുവകള്‍
സലാഡ്‌ വെള്ളരി – ഒന്ന്
തക്കാളി – ഒന്ന്
കാപ്സികം – അര മുറി
ഗ്രീന്‍ ആപ്പിള്‍ – ഒന്ന്
പപ്പായ – ഒരു ഇടത്തരം കഷ്ണം
പൈനാപ്പിള്‍ – ഒരു ഇടത്തരം കഷ്ണം
പച്ച മുന്തിരി – ഒരു ചെറിയ കപ്പ്‌
ഒലിവ് ഓയില്‍ – 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
മുളക് പൊടി – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും വളരെ ചെറുതായി നുറുക്കി ഒരു സലാഡ്‌ ബൌളില്‍ വയ്ക്കുക. ഇതിലേക്ക് ഒലിവ് ഓയിലും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പച്ചക്കറിയും പഴങ്ങളും ഉടയാതെ ശ്രദ്ധിക്കുക. സാലഡ്‌ റെഡി!!

കുറിപ്പ്‌: മേല്‍പ്പറഞ്ഞ പച്ചക്കറികളുടെ കൂടെ ചെറിയ കഷ്ണം കാരറ്റ്‌, ബീറ്റ്‌റൂട്ട്, ലെറ്റ്‌യുസ് ഇല എന്നിവ ചേര്‍ത്ത് കൂടുതല്‍ പോഷകസമ്പുഷ്ടമാക്കാം. പഴങ്ങളുടെ കൂട്ടത്തില്‍ പേരക്ക, സ്ട്രോബെറി, കിവി, പെയര്‍, അവക്കാഡോ, മാങ്ങ എന്നിവ ചേര്‍ത്താലും സ്വാദ് കൂടും.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദാല്‍ ഫ്രൈ

October 18th, 2011

dal-fry-epathram

പരിപ്പിനോടുള്ള എന്റെ സ്നേഹം ഡല്‍ഹി ജീവിതത്തില്‍ നിന്നും കിട്ടിയതാണ്. പല തരം പരിപ്പുകള്‍ പല രീതിയില്‍ പാകം ചെയ്തു ചോറിനും ചപ്പാത്തിക്കും കഴിക്കുക ഒരു ശീലമാണ് അവിടെ. പരിപ്പ് ഏതു രൂപത്തില്‍ കിട്ടിയാലും എനിക്ക് സന്തോഷം ആണ്. മാത്രവുമല്ല അത്താഴത്തിനു ചപ്പാത്തിക്ക് ഒരു നല്ല കൂട്ട് കൊടുക്കുവാന്‍ പരിപ്പിന് മാത്രമേ കഴിയൂ എന്ന് എനിക്ക് തോന്നാറുണ്ട്. :-) ഏതായാലും പയര്‍, കടല, പരിപ്പ് എന്നീ കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹം കുറയ്‌ക്കാന്‍ സഹായിക്കും എന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.

ഈ ദാല്‍ ഫ്രൈ നിങ്ങള്‍ ഉദ്ദേശിക്കുന്ന ദാല്‍ ഫ്രൈ ആണോ എന്ന് എനിക്ക് പിടുത്തമില്ല. എന്തായാലും ഞാന്‍ ഉണ്ടാക്കുന്ന ദാല്‍ ഫ്രൈ ഇങ്ങനെയാണ്. ‘ലിജീസ്‌ വേര്‍ഷന്‍’ എന്ന് വിളിക്കാം. :)

ചേരുവകള്‍

തുവര പരിപ്പ് 1/4 കപ്പ്
ചെറുപയര്‍ പരിപ്പ് 1/4 കപ്പ്
ചുവന്ന പരിപ്പ് 1/4 കപ്പ്
സവാള  – 1 എണ്ണം ചെറുതായി അരിഞ്ഞത്
മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍
വെളുത്തുള്ളി – അരിഞ്ഞത് ഒരു ടീസ്പൂണ്‍
പച്ച മുളക് – 4 എണ്ണം
ജീരകം – അര ടീസ്പൂണ്‍
കടുക് – അര ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – ഒരു പിടി
എണ്ണ – ഒരു ടീസ്പൂണ്‍
വറ്റല്‍ മുളക് – 2 എണ്ണം

തയ്യാറാക്കുന്ന വിധം

പരിപ്പ് കഴുകി വൃത്തിയാക്കുക. പ്രഷര്‍കുക്കറില്‍ പരിപ്പ് ഇരട്ടി വെള്ളവും മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് 3 വിസില്‍ വരുന്നത് വരെ വേവിക്കുക.  ആവി പോയി കഴിയുമ്പോള്‍ തുറന്ന് നീളത്തില്‍ കീറിയ 2 പച്ച മുളക് ചേര്‍ത്ത് മൂടിവെച്ച് വേവിക്കുക. മറ്റൊരു പാത്രത്തില്‍ എണ്ണയൊഴിച്ച് ജീരകം, കടുക്, വറ്റല്‍മുളക് എന്നിവ വറക്കുക. ഇതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന വെളുത്തുള്ളിയും വലിയ ഉള്ളിയും ബാക്കി മുളകും ചേര്‍ക്കുക. ഇവ ബ്രൌണ്‍ നിറം ആകുമ്പോള്‍ വേവിച്ചുവെച്ചിരിക്കുന്ന പരിപ്പിലേക്ക് ചേര്‍ക്കുക. നന്നായി ഇളക്കി തീ ഓഫ് ചെയ്യുക. മുകളില്‍ മല്ലിയില വിതറുക. ദാല്‍ ഫ്രൈ റെഡി. :)

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തലശ്ശേരി ബിരിയാണി

October 18th, 2011

thalasherry biriyani-epathram

ബിരിയാണിയോട് എനിക്കൊരു പ്രത്യേക ഇഷ്ടമുണ്ട്. കാരണം വീട്ടില്‍ ബിരിയാണി എന്നും ‘സ്പെഷ്യല്‍’ ആയിരുന്നു ..വിശേഷാവസരങ്ങളില്‍ മാത്രം വയ്ക്കുന്ന ഒരു വിഭവം. അത് പിറന്നാള്‍ ആവാം, ക്രിസ്തുമസ്സ് ആവാം ഇനി ഇവ ഒന്നുമല്ലെങ്കില്‍ ഒരു ഹര്‍ത്താല്‍ ആയാലും മതി. എല്ലാവരും വീട്ടില്‍ ഉണ്ടാകുമല്ലോ. പലതരം ബിരിയാണി ഞാന്‍ കഴിച്ചിട്ടുണ്ട്. എങ്കിലും കൂട്ടത്തില് ഏറ്റവും എളുപ്പം തയ്യാറാക്കാവുന്നതും, രുചിയുള്ളതും പിന്നെയും പിന്നെയും കഴിക്കാന്‍ തോന്നുന്നതുമായ ബിരിയാണി തലശ്ശേരി ബിരിയാണിയാണ് എന്നാണ് എനിക്ക് തോന്നുന്നത്.  ഈ ബിരിയാണി ഒഴിച്ച്, കണ്ണൂര്‍ ജില്ലയില്‍പ്പെട്ട തലശ്ശേരിയുമായി എനിക്ക് ഒരു ബന്ധവും ഇല്ല.

തലശ്ശേരി ബിരിയാണി ഒന്ന് പരീക്ഷിച്ചു നോക്കു, ഇനി മറ്റൊരു ബിരിയാണിയും നിങ്ങള്ക്ക് ഇഷ്ടമാവില്ല എന്ന് ഞാന്‍ ഉറപ്പു തരാം. ;-)

ചേരുവകള്‍

1. കോഴി ഇറച്ചി- ഒരു കിലോ
2. ബിരിയാണി അരി- 3 കപ്പ്‌
3. നെയ്യ്- 3 ടേബിള്‍ സ്പൂണ്‍
4. വെജിറ്റബിള്‍ ഓയില്‍ – 5 ടേബിള്‍ സ്പൂണ്‍
5. വെളുത്തുള്ളി- 8 വലിയ അല്ലി
6. പച്ചമുളക്- 12 എണ്ണം ( എരിവ് അനുസരിച്ച്)
7. ഇഞ്ചി- 2 ഇഞ്ച് കഷ്ണം
8. തക്കാളി- 3 വലുത്
9. സവാള- 5 വലുത്
10. പുതിനയില- 3 തണ്ട്
11. മല്ലിയില – ഒരു കപ്പ്‌
12. ഗരം മസാല- ഒന്നര ടേബിള്‍ സ്പൂണ്‍
13. കറുവപ്പട്ട- 6
14. ഏലയ്ക്ക- 10
15. തക്കോലം – 3
16. ഗ്രാമ്പൂ- 10 ഗ്രാം
17. കുരുമുളക് – ഒരു ടീസ്പൂണ്‍
18. ചെറുനാരങ്ങ- ഒരെണ്ണം
19. ഉപ്പ്- പാകത്തിന്
20. ഉണക്കമുന്തിരി- 20 ഗ്രാം
21. അണ്ടിപ്പരിപ്പ്- 25 ഗ്രാം

പാകം ചെയ്യുന്ന വിധം

മസാല തയ്യാറാക്കാന്‍: ഒരു നോണ്‍ സ്റ്റിക് പാത്രത്തില്‍ എണ്ണ ഒഴിച്ച് ചുടാക്കിയതിലേക്ക് ചെറുതായി അരിഞ്ഞ 4 സവാള ചേര്‍ത്ത് നന്നായി വഴറ്റുക. അതിനുശേഷം ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചതച്ചത് ചേര്‍ത്ത് നന്നായി വഴറ്റുക. ബ്രൌണ്‍ നിറമാകുമ്പോള്‍ കഷ്ണങ്ങളാക്കിയ തക്കാളിയും ചേര്‍ത്തിളക്കുക. തക്കാളി നന്നായി വെന്തുടയുമ്പോള്‍ അതിലേക്ക് മല്ലിയിലയും പുതിനയും ചേര്‍ത്ത് ഇളക്കി കഷ്ണങ്ങളാക്കിയ കോഴിയിറച്ചി, ഉപ്പ്, ഒരു ടേബിള്‍ സ്പൂണ്‍ ഗരം മസാല എന്നിവ ചേര്‍ത്ത് വേവിക്കുക. കോഴിയിറച്ചി മുക്കാലും വെന്തതിനുശേഷം അര ടേബിള്‍സ്പൂണ്‍ ഗരംമസാലപ്പൊടി, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് ഇളക്കി മാറ്റിവെക്കുക.

റൈസ് തയ്യാറാക്കുന്ന വിധം: പാത്രത്തില്‍ നെയ്യൊഴിച്ച് അതിലേക്ക് കറുവപ്പട്ട, ഏലയ്ക്ക, തക്കോലം, ഗ്രാമ്പൂ, കുരുമുളക്  എന്നിവ ചേര്‍ത്തിളക്കുക. അതിലേക്ക് ഒരു സവാള അരിഞ്ഞതു ചേര്‍ത്ത് വഴറ്റുക. കഴുകി വെള്ളം വാര്‍ന്ന അരി ഇതിലേക്ക് ഇട്ടു ഒന്ന് വറക്കുക. 6 കപ്പ്‌ വെള്ളമൊഴിച്ച് ഉപ്പും ചേര്‍ത്ത് വെള്ളം വറ്റി തീരുന്നത് വരെ വേവിക്കുക. അതിനുശേഷം നേരത്തേ തയ്യാറാക്കിയ മസാലയും റൈസും 2-3 ലയെര്‍ ആയി സെറ്റ്‌ ചെയ്തു അര മണിക്കൂര്‍ ദം ചെയ്‌തെടുക്കുക. നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, സവാള  എന്നിവ മുകളില്‍ വിതറി അലങ്കരിക്കുക.

കുറിപ്പ്  : ഞാന്‍ ബിരിയാണി അരി ജീരകശാല ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. വെള്ളം വറ്റിച്ച് വേവിക്കുന്നതിനാല്‍ ഇത് കുഴഞ്ഞു പോകാതെ ഇരിക്കും.

- ലിജി അരുണ്‍

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

ഞണ്ട് റോസ്റ്റ്‌

October 17th, 2011

crab roast-epathram

ഞണ്ട് അധികം പരീക്ഷണ വിധേയമാകാത്ത ഒരു സീഫുഡ് ആണെന്നാണ് എനിക്ക് തോന്നാറ്. കാരണം അധികം പേര്‍ക്കും ഇത് വൃത്തിയാക്കേണ്ടത് എങ്ങനെ എന്ന് അറിയില്ല. എന്റെ ചെറുപ്പത്തില്‍ ഞാന്‍ ഞണ്ട് കഴിച്ചത് ഒരിക്കല്‍ മാത്രമാണ് എന്നാണ് എന്റെ ഓര്മ. ഏതായാലും ദുബായില്‍ എത്തിയതിനു ശേഷം ഞാന്‍ നല്ല ഞണ്ട് റോസ്റ്റ്‌ കഴിച്ചു. ദൈറ ഫിഷ്‌ മാര്‍ക്കെറ്റില്‍ പോയാല്‍ നല്ല വലിയ ഞണ്ട് വൃത്തിയാക്കി കിട്ടും. മാത്രവുമല്ല എന്റെ അമ്മായിയമ്മ ഒരു അടിപൊളി കുക്ക് ആണ്. ഇത് മമ്മിയുടെ സ്പെഷ്യല്‍ ഞണ്ട് റോസ്റ്റ്‌ റെസിപി ആണ്.

ചേരുവകള്‍

മസാല 1:

തേങ്ങ-അര മുറി
ചുവന്നുള്ളി 5 അല്ലി
വെളുത്തുള്ളി 2 അല്ലി
കറിവേപ്പില  2 തണ്ട്
ഇഞ്ചി  1 ചെറിയ കഷ്ണം
ഇതെല്ലാം ഒരുമിച്ച് ഇട്ട് ചുവക്കെ വറുക്കുക. വെള്ളം തൊടാതെ പൊടിച്ചെടുക്കുക.

മസാല 2:

ഞണ്ട് – 1 കിലോ
ഇഞ്ചി – ഒരു വലിയ കഷ്ണം
കാശ്മീരി മുളകുപൊടി – 3 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
പച്ചമുളക് നെടുവേ കീറിയത് – 8 എണ്ണം
വെളുത്തുള്ളി ചതച്ചെടുത്തത് – 16 അല്ലി
സവാള – 5 എണ്ണം
തക്കാളി – 4  എണ്ണം
കറിവേപ്പില – 3 തണ്ട്
വെളിച്ചെണ്ണ – ആവശ്യത്തിന്

ഞണ്ട് കഴുകി വൃത്തിയാക്കി വെള്ളം കളയാന്‍ വെക്കുക. 3 ടേബിള്‍സ്പൂണ്‍ എണ്ണയില്‍ സവാള വഴറ്റുക. പച്ചമുളക് കറിവേപ്പില ചേര്‍ത്ത് വഴറ്റുക. വഴന്നു കഴിയുമ്പോള്‍ ഇഞ്ചി ചേര്‍ക്കുക, ബ്രൌണ്‍ നിറമാവുമ്പോള്‍ വെളുത്തുള്ളി ചേര്‍ക്കുക. ലൈറ്റ് ബ്രൌണ്‍ ആവുമ്പോള്‍ മുളക് പൊടി ചേര്‍ക്കുക. മഞ്ഞള്‍ പൊടി ചേര്‍ക്കുക. പൊടികള്‍ മൂത്ത് വരുമ്പോള്‍ തക്കാളി ചേര്‍ക്കുക. ഉപ്പ് ചേര്‍ക്കുക. എണ്ണ തെളിയുമ്പോള്‍ ഞണ്ട് ചേര്‍ക്കുക. വീണ്ടും ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. ഒരു ഗ്ലാസ്‌ വെള്ളം ഒഴിക്കുക. 15 മിനിറ്റ് ചെറിയ തീയില്‍ അടച്ചു വെയ്ക്കുക. വെള്ളം വറ്റി ഞണ്ട് റോസ്റ്റ് ആയി വരും. ഇടയ്ക്ക് ഇളക്കി വെള്ളം മുഴുവന്‍ വറ്റിക്കുക. നേരത്തെ തയ്യാറാക്കിയ തെങ്ങ വറുത്ത് ചേര്‍ക്കുക. ഞണ്ട് റോസ്റ്റ്‌ റെഡി !!

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 12 of 12« First...89101112

« Previous Page
Next » തലശ്ശേരി ബിരിയാണി »



പ്രഷര്‍കുക്കര്‍ ബിരിയാണി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine