മത്തങ്ങാ മെഴുക്കുപുരട്ടി

January 21st, 2012

mathanga-mezhukkupuratti-epathram
മത്തങ്ങാ കൊണ്ട് ഞാന്‍ ഒരേയൊരു ഐറ്റം മാത്രമേ ഇത് വരെ പരീക്ഷിച്ചിട്ടുള്ളൂ.. മത്തങ്ങാ വന്‍പയര്‍ എരിശ്ശേരി..അതും അമ്മായിയമ്മ റെസിപ്പി ആണ്.. എന്റെ സ്വന്തം വീട്ടില്‍ മത്തങ്ങയുടെ ഏര്‍പ്പാട് ഇല്ല. അതിനു മധുരം ആണത്രേ.. ഏതായാലും ദുബായില്‍ ഞങ്ങള്‍ക്ക് ഇടയ്ക്ക് ഇടയ്ക്ക് ഉള്ള ഒരു കറിയാണ് എരിശ്ശേരി. മത്തങ്ങാ എടുത്താല്‍ ഉറപ്പിക്കാം അന്ന് എരിശ്ശേരി ആണ് എന്ന്.. കഴിഞ്ഞ ദിവസം ഓഫീസില്‍ നിന്നും ഫോണ്‍ വിളിച്ചപ്പോള്‍ മമ്മിയോട് ചോദിച്ചു ഇന്ന് എന്താ ലഞ്ചിനു പച്ചക്കറി എന്ന്.. മമ്മി പറയുന്നു ഏതോ പഴയ കറി ഇരിപ്പുണ്ട്, അത് വച്ച് അഡ്ജസ്റ്റ് ചെയ്യണം, അല്ലെങ്കില്‍ പിന്നെ ഇരിക്കുന്നത് മത്തങ്ങാ ആണ്. അതിനാണ് എങ്കില്‍ പയര്‍ വെള്ളത്തില്‍ ഇട്ടിട്ടില്ല താനും.. ആഹാ.. മത്തങ്ങയെ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ.. പയറിന്റെ കൂട്ടില്ലാതെ ഉണ്ടാക്കാന്‍ പറ്റില്ല എന്ന അഹങ്കാരം ഇന്ന് തീര്‍ക്കാം. ഉടനടി ഒരു റെസിപ്പി അങ്ങ് ഫോണില്‍ കൂടെ ഡിസ്കസ് ചെയ്തു. മത്തങ്ങാ മെഴുക്കുപുരട്ടി.. :-) മത്തങ്ങാ മെഴുക്കുപുരട്ടിയോ ?? ഞാന്‍ ഇത് വരെ കേട്ടിട്ടേ ഇല്ലാ.. മമ്മി കൈ മലത്തുന്നു..:-) ഒന്ന് വച്ച് നോക്ക് മമ്മി.. ഇതിഷ്ടാകും..ഉറപ്പ്‌… എന്റെ ഉറപ്പിന്മേല്‍ മമ്മി അതുണ്ടാക്കി. വൈകുന്നേരം എത്തിയപ്പോള്‍ അതാ കോമ്പ്ലിമെന്റ്സ്.. മെഴുക്കുപുരട്ടി സൂപ്പര്‍..:)

mathanga-mezhukkupuratti-with rice-epathram
ചേരുവകള്‍

മത്തങ്ങാ – അര ഇഞ്ചു നീളത്തില്‍ ചെറിയ കഷ്ണങ്ങള്‍ ആക്കിയത് – 2 കപ്പ്
ചുവന്നുള്ളി – 12 എണ്ണം
വെളുത്തുള്ളി – 6-7 അല്ലി
വറ്റല്‍ മുളക് – 8 എണ്ണം
കറിവേപ്പില – 2 തണ്ട്
വെളിച്ചെണ്ണ – 2-3 ടേബിള്‍സ്പൂണ്‍
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

ചുവന്നുള്ളി, വെളുത്തുള്ളി, വറ്റല്‍ മുളക്, ഒരു തണ്ട് കറിവേപ്പില എന്നിവ ചതച്ചു എടുക്കുക. അരയരുത്. ഒരു നോണ്‍ സ്റ്റിക്ക് പാനില്‍ എണ്ണ ചൂടാക്കി ചതച്ച കൂട്ട് അതിലേക്കു ചേര്‍ത്ത് ഇളക്കുക. നന്നായി വഴന്നു കഴിയുമ്പോള്‍ മത്തങ്ങാ അരിഞ്ഞതും ഉപ്പും ബാക്കിയുള്ള കറിവേപ്പിലയും, ഒരു ടേബിള്‍സ്പൂണ്‍ വെള്ളവും കൂടി ചേര്‍ത്ത് നന്നായി ഇളക്കി, അടച്ചു വച്ച് ചെറുതീയില്‍ വേവിക്കുക. മത്തങ്ങാ വെന്തു കഴിഞ്ഞാല്‍ പാത്രം തുറന്നു വച്ച് ഇടയ്ക്ക് ഇളക്കി കൊടുത്തു 5 മിനുട്ട് കൂടി വരട്ടി എടുക്കുക. മെഴുക്കുപുരട്ടി റെഡി. കഞ്ഞിക്കും ചോറിനും ചപ്പാത്തിക്കും നല്ലതാണ്.

- ലിജി അരുണ്‍

വായിക്കുക: , , , ,

1 അഭിപ്രായം »

ഷാര്‍ജ ഷെയ്ക്ക്

January 16th, 2012

sharjah shake-epathram
എനിക്ക് മില്‍ക്ക് ഷെയ്ക്കുകള്‍ വല്യ താല്‍പ്പര്യം ഇല്ലാ. ജ്യൂസ്‌ ആണ് ഇഷ്ടം. കഴിഞ്ഞ ദിവസം വിശന്നു വീട്ടില്‍ എത്തിയപ്പോള്‍ അതാ കുറച്ചു ചിക്കു മേടിച്ചത് നന്നായി പഴുത്ത് ഇരിക്കുന്നു. ഫ്രിഡ്ജില്‍ ‘സ്കിംഡ് മില്‍ക്കും’. പഞ്ചസാരയ്ക്ക് പകരം അല്പം തേന്‍ ഒഴിക്കാം. ഒരു ഷെയ്ക്ക് അടിച്ചു നോക്കിയാലോ.. ചിക്കുവിനെ കൂടാതെ ഒരു പഴവും കൂടെ അടിക്കാം.. :) അങ്ങനെ നോടിയിടയ്ക്കുള്ളില്‍ എന്റെ ‘ദുബായ് ഷെയ്ക്ക്’ റെഡി ആയി. വലിയ ഡിമാന്‍ഡ് കാരണം എനിക്ക് അല്പം മാത്രമേ കിട്ടിയുള്ളൂ. എന്തായാലും നല്ല സ്വാദ് ഉണ്ടായിരുന്നു.

ചേരുവകള്‍

ചിക്കു (സപ്പോര്‍ട്ട) നന്നായി പഴുത്തത് – 2 എണ്ണം
ചെറുപഴം നന്നായി പഴുത്തത് – 1 എണ്ണം
പാല്‍ – 2 ഗ്ലാസ്‌
തേന്‍ – 1 ടേബിള്‍സ്പൂണ്‍
വാനില എസ്സെന്‍സ് – കാല്‍ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചിക്കുവും ചെറുപഴവും ചെറുതായി അരിഞ്ഞു മിക്സിയില്‍ അര ഗ്ലാസ് പാല്‍ ചേര്‍ത്ത് അടിക്കുക. ഇതിലേക്ക് തേനും, വാനില എസ്സെന്സും ബാക്കിയുള്ള പാലും ചേര്‍ത്ത് വീണ്ടും അടിക്കുക. മധുരം കൂടുതല്‍ വേണമെങ്കില്‍ അല്പം പഞ്ചസാരയും ചേര്‍ത്ത് അടിക്കാം. നീണ്ട ഗ്ലാസുകളില്‍ ഒഴിച്ച് മുകളില്‍ അല്‍പ്പം തേന്‍ ചുറ്റിച്ച് ഒഴിച്ച് അലങ്കരിച്ചു വിളമ്പുക.

കുറിപ്പ് : വാനില എസ്സെന്സിനു പകരം 1-2 ഏലയ്ക്ക പൊടിച്ചത് ചേര്‍ത്താലും നന്നായിരിക്കും.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ചെറുപയര്‍ ദോശ

January 9th, 2012

moong dal dosa-epathram
ഇയ്യിടെയായി വെയിറ്റ്‌ കൂടുന്നുണ്ടോ എന്നൊരു സംശയം. അരിയാഹാരം  കൂടുതല്‍ കഴിക്കുന്നത്‌ കൊണ്ടാണെന്ന് തോന്നുന്നു. :-( ഭക്ഷണം  നിയന്ത്രിക്കുക, അല്ലാതെ എന്ത് ചെയ്യാന്‍. അപ്പൊ ഇനി അങ്ങോട്ട്‌ പോഷക സമൃദ്ധവും, ആരോഗ്യകരവും, പൊണ്ണത്തടി വയ്പ്പിക്കാത്തതും ആയ ഭക്ഷണത്തിനു പ്രാധാന്യം കൊടുക്കണമല്ലോ.. അത് കൊണ്ട് പതിവ് ബ്രേക്ക്ഫാസ്റ്റ്‌ വിഭവങ്ങളായ അപ്പം, പുട്ട്, ഇഡ്ഡലി എന്നീ അരി വിഭവങ്ങള്‍ക്ക് ഒരു തല്ക്കാല റെസ്റ്റ് കൊടുക്കാം. (എത്ര ദിവസം ഉണ്ടാകുമോ ഈ ആവേശം.. :-))

ഇന്നത്തെ ഐറ്റം ചെറുപയര്‍ ദോശയും സാമ്പാറും..തെലുങ്കില്‍ ഇതിനു പേസരട്ട് എന്നാണ് പറയുന്നത്. വളരെയധികം പോഷകമൂല്യമുള്ള ഒരു പയര്‍ വര്‍ഗ്ഗമാണ് ചെറുപയര്‍. ഇതില്‍ അന്നജം, കൊഴുപ്പ് ,നാരുകള്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, കാല്‍സിയം, മഗ്നീഷ്യം, ഫോസ്ഫറസ്, സോഡിയം എന്നി അടങ്ങിയിട്ടുണ്ട്. ചെറുപയര്‍ ദോശ ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. സാധാ ദോശ പോലെ തലേ ദിവസം അരച്ച് വയ്ക്കണ്ട. ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നതിനു 3-4 മണിക്കൂര്‍ മുന്‍പേ ചെറുപയര്‍ പരിപ്പ് വെള്ളത്തില്‍ കുതിര്‍ക്കാന്‍ ഇടണം എന്ന് മാത്രം. ഇത് വരെ ഞാന്‍ ചപ്പാത്തിക്കു ഒരു കറി ആയിട്ടും, ഖിച്ടി ഉണ്ടാക്കുവാനും മാത്രമേ ചെറുപയര്‍ പരിപ്പ് ഉപയോഗിച്ചിട്ടുള്ളൂ. ആദ്യമായാണ്‌ ദോശ പരീക്ഷിച്ചത്. നന്നായിരുന്നു. ഇടയ്ക്ക് ഒരു ചേഞ്ച്‌ നു നല്ലതാണ്. ഒന്ന് ട്രൈ ചെയ്തു നോക്കു.. :-)

ചേരുവകള്‍:

ചെറുപയര്‍ പരിപ്പ്  – 2 ഗ്ലാസ്‌
ചുവന്നുള്ളി – 4 എണ്ണം
പച്ചമുളക് ചെറുതായി അരിഞ്ഞത്  – 1 വലുത്
ഇഞ്ചി ചെറുതായി അരിഞ്ഞത്- അര ഇഞ്ചു കഷ്ണം
കായം – അര ടീസ്പൂണ്‍ (ആവശ്യമെങ്കില്‍ മാത്രം)
ഉപ്പ് – പാകത്തിന്
മല്ലിയില ചെറുതായി അരിഞ്ഞത് – 1/4 കപ്പ്
സവാള ചെറുതായി അരിഞ്ഞത് – ഒരു വലുത്
നല്ലെണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം:

ചെറുപയര്‍ മൂന്നു നാല് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഇടുക. പിന്നീട് വെള്ളം വാര്‍ന്നു കളയുക. ഇത് മിക്സിയില്‍ ഇട്ടു കാല്‍ ഗ്ലാസ്‌ വെള്ളം, ചുവന്നുള്ളി, ഇഞ്ചി, കായം എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കണം. സാധാരണ ദോശ ഉണ്ടാക്കുന്ന അയവില്‍ അരച്ചെടുക്കുക. ഇതിലേക്ക്  സവാള, മല്ലിയില, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ആവശ്യമെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാം. ദോശക്കല്ലില്‍ എണ്ണ തടവി ദോശ ചുട്ടെടുക്കുക. സാമ്പാര്‍, തേങ്ങാ ചമ്മന്തി, തക്കാളി ചമ്മന്തി എന്നിവയോടുകൂടി ചൂടോടെ കഴിക്കുക.

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »

ചേന ചെറുപയര്‍ മെഴുക്കുപുരട്ടി

December 24th, 2011

payar-chena-mezhukupuratti-epathram
ഇന്ന് എന്താ കറി വയ്ക്കുക എന്ന് ഓര്‍ത്ത്‌ ഫ്രിഡ്ജ്‌ തുറന്നു നോക്കിയപ്പോള്‍ അത് കാലിയായി ഇരിക്കുന്നു. മാര്‍ക്കറ്റില്‍ പോവാനുള്ള മടി കാരണം പച്ചക്കറികള്‍ ഒന്നും ഇല്ല വീട്ടില്‍ ..:-( നോക്കുമ്പോ അതാ ഒരു കഷ്ണം ചേന ആരും കാണാതെ പാത്തു പതുങ്ങി ഇരിക്കുന്നു. ഹോ രക്ഷപ്പെട്ടു. ഇന്ന് ഇവനെ വച്ച് കാര്യം സാധിക്കാം..:-) പക്ഷെ പുറത്തെടുത്തു നോക്കിയപ്പോള്‍ ചേനയുടെ ഒരു വശം ചീഞ്ഞു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ആഴ്ച അവിയല്‍ വയ്ക്കാന്‍ മേടിച്ചതിന്റെ ബാക്കി ഇരുന്നതാ.. പാവം.. ഇനി എന്ത് ചെയ്യും? ഈ ചെറിയ ഒരു കഷ്ണം ചേന കൊണ്ട് കാര്യം നടക്കില്ല.. ഒരു കറിക്ക് തികയില്ല. എന്റെ കണ്ണുകള്‍ അടുക്കളയിലെ അലമാരികള്‍ പരതി. വളരെ കാലത്തിനു ശേഷം ബുദ്ധി വര്‍ക്ക്‌ ചെയ്യിപ്പിച്ചു. ചേനയുടെ കൂടെ പറ്റിയ പല പല കോമ്പിനേഷന്‍സ് ആലോചിച്ചു. സാധാരണ എന്റെ വീട്ടില്‍ ചേനയും വന്‍പയറും ഇട്ടു എരിശ്ശേരി ഉണ്ടാക്കാറുണ്ട്. അതേ ഞാന്‍ കഴിച്ചിട്ടുള്ളു. ഏതായാലും ചുവന്ന പയര്‍ ഇനി ഇട്ടു കുതിര്‍ത്തു എടുക്കുമ്പോഴേക്കും ചേന മൊത്തം ചീയും..:-) അപ്പൊ ചെറുപയര്‍ ആയാലോ.. യുറേക്കാ.. :-) ചേന ചെറുപയര്‍ മെഴുക്കുപുരട്ടി!!! ഇന്ന് അങ്ങനെയൊരു സംഗതി ആവട്ടെ. വച്ച് നോക്കി. കൊള്ളാം.. കഞ്ഞിക്ക് പറ്റിയ കറിയാണ്. :-) അപ്പൊ ഇന്ന് ചോറും കാച്ചിയ മോരും, മെഴുക്കുപുരട്ടിയും.. ..:-)

ചേരുവകള്‍

ചെറുപയര്‍ – ഒരു കപ്പ്‌ 3-4 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തത്
ചേന – ഒരു കപ്പ്‌ – ചെറുതായി നുറുക്കിയത്
ചുവന്നുള്ളി – 15 എണ്ണം
വെളുത്തുള്ളി – 7-8 അല്ലി
വറ്റല്‍മുളക് – 5 എണ്ണം
കറിവേപ്പില – 2 തണ്ട്
കുരുമുളക്പൊടി – ഒരു ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 2 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചെറുപയറും ചേനയും ഉപ്പിട്ട് നികക്കെ വെള്ളമൊഴിച്ചു പ്രഷര്‍കുക്കറില്‍ രണ്ടു വിസില്‍ വരുന്നത് വരെ വേവിക്കുക. ചുവന്നുള്ളി, വെളുത്തുള്ളി, വറ്റല്‍മുളക് എന്നിവ നന്നായി ചതച്ച്‌ എടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി ചതച്ച ചേരുവയും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് കുരുമുളക്പൊടി ചേര്‍ത്ത് ഇളക്കുക. വേവിച്ചു വച്ചിരിക്കുന്ന ചേന പയര്‍ കൂട്ട് ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക. 3-4 മിനുട്ടിന് ശേഷം തീ ഓഫു ചെയ്യുക.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രാജ്മ മസാല

December 20th, 2011

rajma-masala-epathram

ഞാന്‍ ഡല്‍ഹിയില്‍ ചെന്നപ്പോഴാണ് ആദ്യമായി രാജ്മ മസാല കഴിക്കുന്നത്‌. രാജ്മ ചാവല്‍ അവിടെ പ്രസിദ്ധമാണ്. ഇത് ഒരു പഞ്ചാബി ഭക്ഷണമാണ്. ബസ്മതി ചോറിന്റെ കൂടെ രാജ്മയും തയിരും എന്റെ ഒരു ഇഷ്ട കോമ്പിനേഷന്‍ ആണ്. :-) അല്പം അച്ചാറും പപ്പടവും കൂടി ഉണ്ടെങ്കില്‍ പിന്നെ കാര്യം കുശാലായി.

എന്റെ വീട്ടില്‍ എല്ലാര്‍ക്കും രാജ്മ ചപ്പാത്തിയുടെ കൂടെയാണ് ഇഷ്ടം. അത് കൊണ്ട് ഇത് ഒരു ഡിന്നര്‍ ഐറ്റം ആണ്. പക്ഷെ പെട്ടന്ന് ഒരു വൈകുന്നേരം വന്നു ഉണ്ടാക്കാന്‍ പറ്റില്ല. കാരണം ഉണക്ക രാജ്മ ആണെങ്കില്‍ ഒരുപാട് നേരം കുതിര്‍ക്കേണ്ടി വരും. എന്നാല്‍ ഇവിടെ ദുബായില്‍ കാന്‍ഡ് രാജ്മ കിട്ടും. അത് വേവിച്ചതാണ്. അതാണെങ്കില്‍ പിന്നെ കുതിര്‍ക്കുന്ന ടെന്‍ഷന്‍ ഒന്നും വേണ്ടാ. :-) ഞാന്‍ എന്നാല്‍ ഇത് വാങ്ങാറില്ല. രാജ്മ വയ്ക്കേണ്ട ദിവസം രാവിലെ തന്നെ അത് വെള്ളത്തില്‍ ഇടും. :-) വൈകുന്നേരം വരുമ്പോള്‍ രാജ്മ കുക്കറില്‍ വേവാന്‍ വച്ചിട്ട് ബാക്കിയുള്ള ചേരുവകള്‍ അരിഞ്ഞെടുക്കും. അപ്പോള്‍ അര മണിക്കൂറിനുള്ളില്‍ നമ്മുടെ രാജ്മ മസാല തയ്യാറാകും. :-)

ചേരുവകള്‍

രാജ്മ ബീന്‍സ് രണ്ട് കപ്പ്
സവാള അരിഞ്ഞത് – 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂണ്‍
തക്കാളി – മൂന്ന് നീളത്തില്‍ അരിഞ്ഞത്
പച്ചമുളക് നെടുകെ കീറിയത്  – 4 എണ്ണം
ഗരംമസാല –  ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു ടീസ്​പൂണ്‍
മുളക്പൊടി – അര ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
മല്ലിയില അരിഞ്ഞത് ഒരു പിടി
വെള്ളം – മൂന്ന് കപ്പ്
എണ്ണ – കാല്‍ കപ്പ്

രാജ്മ ബീന്‍സ് കഴുകി വൃത്തിയാക്കി കുറഞ്ഞത് എട്ടു മണിക്കൂര്‍ എങ്കിലും കുതിര്‍ത്തു എടുക്കുക. ഇത് ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ 20 മിനിറ്റ് വേവിക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ വഴറ്റുക. ഇവ നന്നായി വഴന്നു കഴിയുമ്പോള്‍  മുളക്പൊടി, മഞ്ഞള്‍പ്പൊടി, ഗരംമസാല എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് തക്കാളി ചേര്‍ത്ത് നന്നായി ഉടയുന്നത് വരെ വഴറ്റുക. വേവിച്ചു വച്ചിരിക്കുന്ന രാജ്മ ഇതിലേക്ക്‌ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഗ്രേവി കൂടുതല്‍ വേണമെങ്കില്‍ അല്പം തിളച്ച വെള്ളം ഒഴിക്കാം. ആവശ്യത്തിന് കുറുകിവരുമ്പോള്‍ മല്ലിയില ചേര്‍ത്ത് ഇളക്കി വാങ്ങാം.  ചപ്പാത്തിക്കും ചോറിനും കഴിക്കാം.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 3 of 512345

« Previous Page« Previous « മട്ടണ്‍ സ്ട്യു
Next »Next Page » ചേന ചെറുപയര്‍ മെഴുക്കുപുരട്ടി »



പ്രഷര്‍കുക്കര്‍ ബിരിയാണി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine