യു.എ.ഇ.യുടെ രാഷ്ട്ര പിതാവും അബുദാബിയുടെ ഭരണാധികാരി യുമായിരുന്ന മര്‍ഹൂം ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനെ ക്കുറിച്ച് എഴുത്തുകാരനും പത്ര പ്രവര്‍ത്ത കനുമായ ജലീല്‍ രാമന്തളി എഴുതിയ “ശൈഖ് സായിദ്” എന്ന പുസ്തകം അബുദാബിയില്‍ പ്രകാശനം ചെയ്തു.
ആരാലും കാര്യമായി ശ്രദ്ധിക്കപ്പെ ടാതിരുന്ന ഒരു കൊച്ചു രാജ്യം, അത്യാധുനികതയുടെ പര്യായമായി മാറുകയും, ലോകത്തെ മുഴുവന്‍ അങ്ങോട്ട് ആകര്‍ഷിക്കുകയും ചെയ്ത വിസ്മയകരമായ വളര്‍ച്ചയാണ് യു.എ.ഇ. യുടെ ചരിത്രം. നവീനമായ എല്ലാ വികസന ങ്ങളുടേയും ശാസ്ത്രീയ രീതികള്‍ അതി സമര്‍ത്ഥമായി സാംശീകരിച്ച ധിഷണാ ശാലിയും ക്രാന്ത ദര്‍ശിയു മായിരുന്ന മഹാനായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സൂര്യ പ്രഭയാര്‍ന്ന വ്യക്തിത്വ മായിരുന്നു ഈ അതിശയത്തിനു പിന്നിലെ ചാലക ശക്തി.
ജലീല്‍ രാമന്തളിയും പുസ്തകവും
ശ്ലാഘനീയമായ ദീര്‍ഘ വീക്ഷണം, കറയറ്റ മാനവികത, കുറ്റമറ്റ ഭരണ തന്ത്രജ്ഞത, വിശാലമായ സാഹോദര്യം, അനന്യ സാധാരണമായ സമഭാവന, മികച്ച ആസൂത്രണ പാടവം, തുളുമ്പുന്ന ആര്‍ദ്രത എന്നിവയാല്‍ ശ്രേഷ്ഠനായ ശൈഖ് സായിദിനെ ക്കുറിച്ച് ആദ്യമായി ഒരു ഇന്ത്യന്‍ ഭാഷയില്‍ രചിക്കപ്പെട്ട കൃതിയാണ് ജലീല്‍ രാമന്തളിയുടെ “ശൈഖ് സായിദ്”.
അഭയം തേടി, സ്നേഹം ഒരു കടങ്കഥ, ഇരുള്‍ മുറ്റിയ വഴിയമ്പലങ്ങള്‍, നഗരത്തിലെ കുതിരകള്‍, ഗള്‍ഫ് സ്കെച്ചുകള്‍, ഒട്ടകങ്ങള്‍ നീന്തുന്ന കടല്‍ തുടങ്ങിയ നിരവധി പുസ്തകങ്ങള്‍ ജലീല്‍ രാമന്തളിയുടേതായി പ്രസിദ്ധീ കരിച്ചിട്ടുണ്ട്. ഡോക്യുമെന്റ റികള്‍, വീഡിയോ ആല്‍ബങ്ങള്‍, റേഡിയോ പരിപാടികള്‍, ടെലി സിനിമകള്‍ എന്നിവക്ക് തിരക്കഥാ രചനയും നിര്‍വ്വഹിച്ചിട്ടുണ്ട്. പൂങ്കാവനം മാസികയിലെ കോളമിസ്റ്റ്, മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ അബുദാബി ലേഖകന്‍ കൂടിയാണ് അദ്ദേഹം.
‘ശൈഖ് സായിദ്’ എന്ന ഈ പുസ്തകത്തില്‍ അദ്ദേഹം എഴുതിയിരിക്കുന്നു: ഒരു നാട് തന്നെ ഒരു വ്യക്തിയുടെ നിത്യ സ്മാരകമാവുക എന്നത് ലോകത്തിലെ അപൂര്‍വ്വതകളില്‍ ഒന്നാണ്. ഒന്നുമില്ലാ യ്മയില്‍ നിന്നും എല്ലാം നേടിയെടുത്ത് ഒരു നാഗരിക നാട് കെട്ടിപ്പടുത്ത ശൈഖ് സായിദിന് ആ നാടിനേക്കാള്‍ വലിയ സ്മാരകമൊന്നും ആവശ്യമില്ല. ശൈഖ് സായിദിന്‍റെ വാക്കുകള്‍ അദ്ദേഹം കുറിച്ചിട്ടിരിക്കുന്നു. “സമ്പത്ത് എന്നാല്‍ പണമല്ല. സമ്പത്ത്, രാജ്യത്തിലെ പൌരന്‍ മാരാണ്. അവരിലാണ് യഥാര്‍ത്ഥ ശക്തി നില കൊള്ളുന്നത്. ഏറ്റവും വിലയേറിയ ശക്തി. നമ്മുടെ രക്ഷാ കവചമായി വര്‍ത്തിക്കുന്നവര്‍. ഈ ബോധമാണ്, അല്ലാഹു നല്‍കിയ ധനം അവരുടെ പുരോഗതിക്കും ഉന്നമനത്തിനുമായി വിനിയോ ഗിക്കുവാന്‍ നമുക്ക് പ്രചോദനമാവുന്നത് …”
ജലീല്‍ രാമന്തളി തുടരുന്നു…
‘ശൈഖ് സായിദ്’ … പ്രവാസ ജീവിതം ആരംഭിച്ചപ്പോള്‍ തന്നെ ഹൃദയത്തില്‍ ഒട്ടി നിന്ന പേരാണത്. മൂന്ന് ദശകങ്ങള്‍ പിന്നിട്ട പ്രവാസത്തില്‍ ഏറ്റവുമധികം എഴുതിയതും കേട്ടതും ആ പേരു തന്നെയാവണം. ക്ഷണ മാത്ര കൊണ്ട് എല്ലാം കീഴ്മേല്‍ മാറ്റി മറിക്കുന്ന സൈകത ക്കാറ്റിന്‍റെ അനിശ്ചിത ത്വത്തില്‍ ആടി ഉലയുമ്പോഴൊക്കെ, നിയമങ്ങള്‍ ചിലപ്പോഴൊക്കെ കൂര്‍ത്ത ദംഷ്ടങ്ങളുമായി ചീറിയടു ത്തപ്പോഴും ജീവിതം കൊരുക്കാന്‍ എത്തിയവര്‍ ആശ്വാസം കൊണ്ടതും ആ പേരില്‍ തന്നെ.
ഡോ. ബി.ആര്‍. ഷെട്ടി പുസ്തക പ്രകാശനം നിര്‍വ്വഹിക്കുന്നു
ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ഡോ. ബി. ആര്‍. ഷെട്ടി (എന്‍.എം.സി. ഗ്രൂപ്പ്), അബുദാബി ഇന്ത്യന്‍ എംബസ്സിയിലെ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഓഫീസര്‍ ഇളങ്കോവന് പുസ്തകത്തിന്‍റെ കോപ്പി നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ഐ.എസ്.സി. പ്രസിഡന്‍റ് സുധീര്‍ കുമാര്‍ ഷെട്ടി, ജലീല്‍ രാമന്തളി എന്നിവരും സന്നിഹിതരായിരുന്നു.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി