കൊട്ടാരക്കര: കേരള കോണ്‍ഗ്രസ്സ് ബിയിലെ ഗ്രൂപ്പ് പോരിന് ഒടുവില്‍ മകനും മന്ത്രിയുമായ കെ.ബി.ഗണേശ് കുമാറിനെ തളക്കുവാന്‍ പിതാവും മുന്‍ മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപിള്ള നേരിട്ട് തെരുവിലിറങ്ങി. ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുമ്പോള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് കാണിച്ച് ആദ്യം ആശുപത്രിയിലും പിന്നീട് യു. ഡി. എഫ്. സര്‍ക്കാറിന്റെ അധികാരം ഉപയോഗിച്ച് ശിക്ഷയിളവ് വാങ്ങി പുറത്തിറങ്ങിയ “അവശനായ” പിള്ളയെ അല്ല പൊതു ജനം കണ്ടത്. മറിച്ച് വാര്‍ദ്ധ്യക്യത്തിലും ഒരു പോരിനുള്ള കരുത്ത് തന്നില്‍ അവശേഷിച്ചിട്ടുണ്ടെന്ന് സ്വയം വിളിച്ചു പറയുന്ന പിള്ളയെ ആയിരുന്നു. കേരള കോണ്‍ഗ്രസ് ബി ഗണേശ് കുമാര്‍ വിഭാഗം കോട്ടപ്പുറം നിസ ഓഡിറ്റോറിയത്തില്‍ നടത്തിയ യോഗ സ്ഥലത്തേക്ക് പിള്ള വിഭാഗം പ്രതിഷേധ മാര്‍ച്ചുമായി എത്തിയതോടെ പ്രശ്നങ്ങള്‍ ആരംഭിക്കുകയായിരുന്നു. മാര്‍ച്ച് യോഗ സ്ഥലത്തിന് അടുത്തെത്തിയതോടെ നായക സ്ഥാനം പിള്ള ഏറ്റെടുത്തു. ഗണേശ് കുമാര്‍ വിഭാഗം സ്ഥാപിച്ചിരുന്ന ഫ്ലക്സുകളും കൊടി തോരണങ്ങളും പിള്ള വിഭാഗക്കാര്‍ നശിപ്പിക്കുവാനും ആരംഭിച്ചിരുന്നു.
പുത്രനെതിരെ പിതാവ് രാഷ്ടീയ പട നയിക്കുന്ന കാഴ്ച കാണികള്‍ക്ക് കൌതുകമായെങ്കിലും രംഗം പന്തിയല്ലെന്ന് കണ്ട പോലീസുകാര്‍ പ്രകടനത്തെ തടഞ്ഞു. ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷം ഉണ്ടായാല്‍ അത് തെരുവു യുദ്ധമായി മാറിയേക്കും എന്ന് അവര്‍ പിള്ളയെ ബോധ്യപ്പെടുത്തുവാന്‍ ശ്രമിച്ചു. “എന്റെ പാര്‍ട്ടിയുടെ യോഗമാണു നടക്കുന്നത്. ഞാന്‍ അകത്തു കയറും. എന്തു സംഭവിക്കും എന്ന് നോക്കട്ടെ” – പുറകോട്ടില്ലെന്ന നിലപാടില്‍ പിള്ള ഉറച്ചു നിന്നു. ഇതിനിടയില്‍ പ്രധാന റോഡുകളില്‍ അടക്കം വലിയ ഗതാഗത കുരുക്ക് രൂപപ്പെട്ടിരുന്നു.
ഒളിഞ്ഞു തെളിഞ്ഞും പ്രസ്ഥാവനകളിലൂടെയും പ്രവര്‍ത്തകരിലൂടെയും പരസ്പരം പോരടിച്ചിരുന്ന പിള്ളയും പുത്രനും പോര്‍ വിളിയുമായി പരസ്യമായി രംഗത്തെത്തിയതോടെ യു. ഡി. എഫ്. നേതൃത്വം വെട്ടിലായി. ഒടുവില്‍ യു. ഡി. എഫ്. നേതൃത്വം ഇടപെട്ട് ഗണേഷ് കുമാറിന്റെ ഉദ്ഘാടന പ്രസംഗം മൊബൈല്‍ ഫോണിലൂടെ ആക്കി.
മന്ത്രി വന്നില്ലെങ്കിലും യോഗം നടന്നു എന്ന് ഗണേശ് വിഭാഗവും ഗണേശനെ പരിപാടിയില്‍ പങ്കെടുപ്പിച്ചില്ലെന്ന ആശ്വാസത്തില്‍ പിള്ള വിഭാഗവും പിരിഞ്ഞു പോയി. തത്വത്തില്‍ ഇരു പക്ഷത്തിനും തങ്ങളാണ് വിജയിച്ചതെന്ന് തല്‍ക്കാലത്തേക്ക് ആശ്വസിക്കാം.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, രാഷ്ട്രീയ അക്രമം