പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക

August 16th, 2012

Fukuoka epathram

ഒറ്റ വൈക്കോല്‍ വിപ്ലവം എന്ന പ്രശസ്തമായ കൃതിയിലൂടെ പ്രകൃതി കൃഷിക്ക് ലോകത്താകമാനമുള്ളവര്‍ക്ക് പ്രചോദനമായി മാറിയ  ജപ്പാൻ സ്വദേശിയായ മസനോബു ഫുക്കുവോക്ക (Masanobu Fukuoka) എന്ന മഹാനായ പ്രകൃതി സ്നേഹി നമ്മെ വിട്ടകന്നിട്ട് നാല് വര്ഷം തികയുന്നു. 2008 ഓഗസ്റ്റ് 16ല്‍ 98-‍ാം വയസിലാണ് അദ്ദേഹം അന്തരിച്ചത്. ജൈവ കൃഷി രീതിയുടെ ആധുനിക കാലത്തെ പ്രധാന പ്രയോക്താക്കളിൽ ഒരാളാണ്. ഭൂമി ഉഴുത് മറിക്കുകയോ, കള പറിക്കുകയോ, വള‌മോ കീടനാശിനിയോ ഉപയോഗിക്കുകയോ ചെയ്യാതെ കൃഷി നടത്തണമെന്ന് ആഹ്വാനം ചെയ്‌ത ശാസ്‌ത്രജ്ഞനാണ് ഫുക്കുവോക്ക.

മൈക്രോബയോളജിസ്‌റ്റായാണ് ഫുക്കുവോക്ക കാർഷിക രംഗത്തേക്ക് കടന്നത്. 25-‍ാം വയസ്സിൽ ആധുനികമായ കൃഷി രീതിയിൽ സംശയം പ്രകടിപ്പിച്ച അദ്ദേഹം ഗവേഷണ ശാസ്‌ത്രജ്ഞൻ എന്ന ജോലി ഉപേക്ഷിച്ച് സ്വന്തം നാടായ ‌ഷിക്കോക്കുവിൽ മടങ്ങിയെത്തി സ്വന്തം കൃഷിയിടത്തിൽ കൃഷി തുടങ്ങി. ഭൂമിയെ അതേപടി നിലനിർത്തിക്കൊണ്ട് കൃഷി ചെയ്യണമെന്ന ഫുക്കുവോക്കയുടെ താത്ത്വിക ആശയത്തെ പലരും സംശയത്തോടെ വീക്ഷിച്ചെങ്കിലും അവ പിന്നീട് ലോകപ്രശസ്‌തമായി. തൻറെ നിരീക്ഷണങ്ങളെപ്പറ്റി ഫുക്കുവോക്ക എഴുതിയ “The One-Straw Revolution” (ഒറ്റ വൈക്കോൽ വിപ്ലവം) പ്രകൃതിയിലേക്ക് മടങ്ങാന്‍ എന്നീ കൃതികള്‍ ഒട്ടേറെ വിദേശ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

ഈ മഹാനായ പ്രകൃതി സ്നേഹിയുടെ ഓര്‍മ്മയ്ക്ക് മുമ്പില്‍ eപത്രം പച്ചയുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശരത്ചന്ദ്രന്‍ പോരാട്ടങ്ങളുടെ മൂന്നാം കണ്ണ്

March 30th, 2012

sarath-chandran-epathram

പോരാട്ടങ്ങളുടെ മൂന്നാം കണ്ണുമായി പ്രതിരോധത്തിന്റെ ചലച്ചിത്രകാരന്‍ , പരിസ്ഥിതി പ്രവര്‍ത്തകന്‍ , മനുഷ്യസ്നേഹി ശരത്ചന്ദ്രന്‍ നമ്മെ വിട്ടകന്നിട്ട് ഇത്  രണ്ടാം വര്‍ഷം. ശരത്തില്ലാത്ത ലോകത്ത് നമ്മള്‍ എന്ത് ചെയ്യും എന്നാണ് പ്രമുഖ ഡോക്യുമെന്ററി സംവിധായകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ആനന്ദ്‌ പട് വര്‍ദ്ധന്‍ പറഞ്ഞത്‌.  തന്റെ കാമറയും പ്രോജക്ടറുമായി  ഗ്രാമങ്ങളില്‍ ചെന്ന് ലോക ക്ലാസിക്‌ സിനിമകളും ഡോക്യുമെന്ററികളും ലാഭേച്ഛയില്ലാതെ  ജനങ്ങളിലെത്തിക്കാന്‍ ശ്രമിച്ച യഥാര്‍ത്ഥ ഫിലിം ആക്റ്റിവിസ്റ്റ്. തന്റെ ശരീരവും ആത്മാവും പാരിസ്ഥിതിക സമരങ്ങള്‍ക്കായി അര്‍പ്പിച്ച ശരത്… ശരത്തില്ലാത്ത ലോകം എത്ര ശൂന്യം… വിളിക്കാതെ വരാന്‍ എന്നും ഒരു വിളിപ്പാടകലെ ശരത് ഉണ്ടായിരുന്നു… ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ധാതു ഖനനത്തിനായി ആട്ടിപായിച്ചു കൊണ്ടിരിക്കുന്ന ഒറീസ്സയിലെ ഗ്രാമീണര്‍ക്കിടയില്‍, പ്ലാച്ചിമടയില്‍ ആദ്യാവസാനം വരെ, എന്‍ഡോസള്‍ഫാന്‍ ദുരിത ഭൂമിയില്‍ ഇരകളുടെ കൂടെ, ചാലിയാറിന്റെ തീരത്ത് കാമറകണ്ണുമായി, അതിരപള്ളിയില്‍ ഹരിതാഭമായ പച്ചപ്പിനെ മുക്കികൊല്ലുന്നതിനെതിരെ, പാത്രക്കടവില്‍ സൈലന്റ്‌വാലിയെ കത്തി വെക്കുന്നതിനെതിരെ, മുത്തങ്ങയില്‍ ആദിവാസികളെ ആട്ടിപായിക്കുന്നതിനെതിരെ, ചെങ്ങറയില്‍ ആദിവാസികളുടെ പക്ഷത്ത്‌ അങ്ങനെ എത്ര എത്ര സമരമുഖത്ത്‌… ശരത്തില്ലാത്ത ഏതു പാരിസ്ഥിതിക സാമൂഹിക സമരമാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്‌? എല്ലാം ഭദ്രമായി ആരും ക്ഷണിക്കാതെ കാമറയില്‍ പകര്‍ത്തുന്ന ശരത്തെ നീ എന്തിനായിരുന്നു ഈ പോരാടങ്ങളുടെ ഭൂമികയില്‍ നിന്നും ഇത്ര പെട്ടെന്ന് ഞങ്ങളെ തനിച്ചാക്കി പോയത്‌…  നിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ഒരായിരം പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു…

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിജയമാധവന്‍ മാഷിന്റെ വിയോഗം തീരാനഷ്ടം

March 6th, 2012

dr-kt-vijayamadhavan-epathram

ചാലിയാറിലെ മെര്‍ക്കുറി മലിനീകരണത്തെ കുറിച്ച് ഗവേഷണം നടത്തി ആദ്യമായി ഈ പ്രശ്നം പൊതുശ്രദ്ധയില്‍ കൊണ്ടുവന്ന ഒരൊറ്റ കാര്യം മതി ഡോ. കെ. ടി. വിജയമാധവന്‍ എന്ന മനുഷ്യനെ പരിസ്ഥിതി രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്നും ഓര്‍ക്കാൻ. ഒരു എസ്റ്റാബ്ലിഷ്മെന്റിനും മുതിരാതെ കേരളത്തിലെ പാരിസ്ഥിതിക ബൌദ്ധിക തലത്തില്‍ നിരവധി സംഭാവനകള്‍ നല്‍കിയ ഇദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ പൊതു മണ്ഡലത്തിന് നികത്താനാവാത്ത നഷ്ടമാണ്. “സേവ് ചാലിയാര്‍” പ്രസ്ഥാനത്തിനെ നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ഡോ. വിജയമാധവന്‍ ദീര്‍ഘകാലം സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് എൻവയണ്മെന്റ് കേരള (Society for Protection of Environment – Kerala SPEK) യില്‍ അംഗമായിരുന്നു.

കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരെ സംബന്ധിച്ച് രണ്ടു പ്രമുഖരെയാണ് കഴിഞ്ഞ രണ്ടാഴ്ച്ചക്കകം നഷ്ടമായത്‌. കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ഗുരു തുല്യനായ ശിവപ്രസാദ്‌ മാഷും ഈയിടെ നമ്മെ വിട്ടകന്നിരുന്നു. ഇവരെ കേരളം വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ല എന്ന വേദന ബാക്കിയാകുന്നു. ഈ രണ്ടു മഹാ വ്യക്തിത്വങ്ങളുടെയും വിയോഗത്തില്‍ e പത്രം പരിസ്ഥിതി ക്ലബ്‌ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജോണ്‍ സി. ജേക്കബ് പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭിവന്ദ്യ ഗുരു

October 11th, 2011

john c jacob-epathram

കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭിവന്ദ്യ ഗുരു ജോണ്‍ സി ജേക്കബ്‌ നമ്മെ വിട്ടകന്നിട്ട് ഇന്നേക്ക് മൂന്നു വര്ഷം തികയുന്നു. ഋഷി തുല്യമായ ജീവിതം നയിച്ച ആ മഹാനായ പ്രകൃതിസ്നേഹിയുടെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ ഇ പത്രം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

1936-ല്‍ കോട്ടയം ജില്ലയിലെ കുറിച്ചിയിലാണ് ജോണ്‍ സി ജേക്കബ് ജനിച്ചത്‌. മദ്രാസ്‌ കൃസ്ത്യന്‍ കോളേജില്‍ നിന്നും ഉന്നത വിദ്യാഭാസം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥിയായിരിക്കെ തന്നെ പ്രകൃതി നിരീക്ഷണത്തില്‍ അതീവ താല്പര്യം കാണിച്ച ഇദ്ദേഹം അദ്ധ്യാപകനായിരിക്കെ സ്വന്തം വിദ്യാര്‍ഥികളെ  വനങ്ങളിലും കടല്‍ത്തീരത്തും ദ്വീപുകളിലും കൊണ്ടുപോയി പ്രകൃതിയുടെ പാഠങ്ങള്‍ പഠിപ്പിച്ചു.1977ല്‍ ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ പ്രകൃതി സഹവാസ ക്യാമ്പ്‌ ഏഴിമലയില്‍ സംഘടിപ്പിച്ചു. തുടര്‍ന്ന് ദക്ഷിണേന്ത്യയിലെ വിവിധ ഇടങ്ങളില്‍ നിരവധി ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കി. 1960 മുതല്‍ 65 വരെ ദേവഗിരി കോളേജിലും പിന്നീട് 1992വരെ പയ്യന്നൂര്‍ കോളേജിലും ജന്തുശാസ്ത്ര അദ്ധ്യാപകന്‍. ഇദ്ദേഹമാണ് കേരളത്തില്‍ ആദ്യമായി ഒരു പരിസ്ഥിതി സംഘടന രൂപീകരിച്ചത്‌. 1979ല്‍ സ്ഥാപിച്ച സീക്ക് (സൊസൈറ്റി ഫോര്‍ എന്‍വിറോണ്‍മെന്റല്‍ എജ്യുക്കേഷന്‍ ഇന്‍ കേരള) കേരള പാരിസ്ഥിതിക ചരിത്രത്തില്‍ അവഗണിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ സംഘടനയാണ്. 1986ല്‍ ഒരേ ഭൂമി ഒരേ ജീവന്‍ എന്ന പ്രസ്ഥാനവും പ്രസിദ്ധീകരണവും തുടര്‍ന്ന്  പ്രതിഷ്ഠാനം കൂട്ടായ്മയും ആരംഭിച്ചു. മലയാളത്തിലെ ആദ്യത്തെ പാരിസ്ഥിതിക കാലികമായ ‘മൈന’ തുടങ്ങിയതും ഇദ്ദേഹമാണ്. 1981 ല്‍ ആരംഭിച്ച ആദ്യത്തെ പാരിസ്ഥിതിക മാസികയായ ‘സൂചിമുഖി’ 1986ല്‍ ആരംഭിച്ച ആന്‍ഖ് മാസികയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു. 1995 ല്‍ തുടങ്ങിയ പ്രസാദം മാസിക 2008 ഒക്ടോബര്‍ 11 അദ്ദേഹം മരിക്കുന്നത് വരെ തുടര്‍ന്നു. ‘ഉറങ്ങുന്നവരുടെ താഴ്വര’ എന്ന പരിസ്ഥിതി കഥകളുടെ സമാഹാരവും ഡാനിയല്‍ ക്വിന്നിന്റെ ‘ഇഷ്മായേല്‍’ ‘എന്റെ ഇഷ്മായേല്‍’ എന്നീ കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു.  2004ല്‍ സ്വദേശി ശാസ്ത്രപ്രസ്ഥാനത്തിന്റെ പരിസ്ഥിതി വിദ്യാഭ്യാസം, ഇക്കോ സ്പിരിച്ച്വാലിറ്റി പുരസ്കാരം ലഭിച്ചു. 2005ല്‍ ഏര്‍പ്പെടുത്തിയ പ്രഥമ വനമിത്ര പുരസ്ക്കാരം നല്‍കി കേരള സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു. 2007ല്‍ കേരള ബയോഡിവോഴ്സിറ്റി ബോര്‍ഡിന്റെ ‘ഗ്രീന്‍’ വ്യക്തികത പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.

കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ഗുരുവായി ഇദ്ദേഹത്തെ വിശേഷിപ്പിക്കാം  2008 ഒക്ടോബര്‍ 11നാണ് ഇദ്ദേഹം നമ്മെ വിട്ടുപോയത്‌…

- ഫൈസല്‍ ബാവ

വായിക്കുക: ,

1 അഭിപ്രായം »

സാലിം അലി: പറവകള്‍ക്കു വേണ്ടി ഒരു ജീവിതം

July 27th, 2011

dr.salim ali-epathram

ലോക പ്രശസ്ത പക്ഷി ശാസ്ത്രജ്ഞന്‍ ഡോ. സാലിം അലി നമ്മോട് വിട പറഞ്ഞിട്ട് ഇന്നേക്ക് ഇരുപത്തി നാല് വര്‍ഷം തികയുകയാണ്. 1987 ജൂലൈ 27നാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. 2008ല്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരവോടെ സമര്‍പ്പിച്ച്ചുകൊണ്ടാണ് e പത്രം “പച്ച” തുടക്കമിട്ടത്‌. പച്ചക്കിന്ന് മൂന്നു വയസ്സ് തികയുന്നു . മഹാനായ പ്രകൃതി സ്നേഹി സാലിം അലിയുടെ ജീവിതത്തെ കുറിച്ചുള്ള വിവരണം ഒരിക്കല്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നു.

വ്യവസ്ഥാധിഷ്ഠിതമായ പക്ഷിനീരീക്ഷണത്തിന്‌ ഇന്ത്യയില്‍  അടിസ്ഥാനമിട്ട ആളാണ് സാലിം അലി അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍, ഭാരതത്തിലെ ജനങ്ങളില്‍ പക്ഷി നിരീക്ഷണത്തിനും, പ്രകൃതി സ്നേഹത്തിനും അടിത്തറയിട്ടു. 1896 നവംബര്‍ 12-ന് മുംബൈയില്‍ ജനിച്ചു. അഞ്ച്‌  ആണ്‍കുട്ടികളും നാല്‌ പെണ്‍കുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തില്‍ ആയിരുന്നു സാലിം അലി ജനിച്ചത്‌. അച്ഛന്‍ മൊയ്സുദ്ദീന്‍, അമ്മ സീനത്തുന്നീസ. സാലിം ജനിച്ച്‌ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പിതാവും മൂന്നു വര്‍ഷം തികയുന്നതിനു മുന്‍പ്‌ മാതാവും മരിച്ചു പോയി. അനാഥരായ ആ കുട്ടികളെ മക്കളില്ലായിരുന്ന അമ്മാവനായിരുന്നു പിന്നീട്‌ വളര്‍ത്തിയത്‌. അക്കാലത്ത്‌ ഇന്ത്യയിലെത്തിയിരുന്ന സായ്പന്മാരുടെ പ്രധാന വിനോദം നായാട്ടായിരുന്നു, അവരെ അനുകരിച്ച്‌ നാട്ടുകാരും നായാട്ടിനിറങ്ങി. സാലിമിന്റെ അമ്മാവനും നല്ല ശിക്കാരി ആയിരുന്നു. പഠനത്തില്‍ ഒട്ടും താത്പര്യം കാണിക്കാതിരുന്ന സാലിമിന്റെ സ്വപ്നം നല്ലൊരു നായാട്ടുകാരനാവുക എന്നതായിരുന്നു. സാലിമിന്റെ പത്താം വയസ്സില്‍ അവന്‌ അമ്മാവന്റെ കൈയില്‍ നിന്നും ഒരു ‘എയര്‍ ഗണ്‍’ ലഭിച്ചു. അതുകൊണ്ട്‌ കുരുവികളെ വെടി വെച്ചിടുകയായി ആ കുട്ടിയുടെ പ്രധാന വിനോദം, വീട്ടില്‍ കുരുവിയിറച്ചി നിത്യവിഭവമായി. വീട്ടിലെ തൊഴുത്തില്‍ വാസമുറപ്പിച്ചിരുന്ന കുരുവികളെ വെടിവെച്ചിടുന്നതിനിടയില്‍ ഒരു പെണ്‍ കുരുവി മുട്ടയിട്ട്‌ അടയിരിക്കുന്നതായും ഒരു ആണ്‍കുരുവി അതിനു കാവലിരിക്കുന്നതായും സാലിം കണ്ടെത്തി, ആണ്‍കുരുവിയെ സാലിം വെടിവെച്ചിട്ടു, പക്ഷെ മണിക്കൂറുകള്‍ക്കുള്ളില്‍ പെണ്‍രുവി മറ്റൊരു ആണ്‍കുരുവിയെ സമ്പാദിച്ച്‌ തത്സ്ഥാനത്ത്‌ ഇരുത്തി, അങ്ങനെ എട്ട്‌ ആണ്‍ കുരുവികളെ സലിം വെടിവെച്ചിട്ടെങ്കിലും പെണ്‍കുരുവി ഒമ്പതാമൊരു ഇണയെ കണ്ടെത്തുകയാണ്  ഉണ്ടായത്‌. ഇതെല്ലാം സാലിം തന്റെ ഡയറിയില്‍ കുറിച്ചിടുന്നുണ്ടായിരുന്നു, സാലിം അലി എന്ന പക്ഷിശാസ്ത്രജ്ഞന്റെ ആദ്യ നിരീക്ഷണ രേഖകളാണവ.

തന്റെ പന്ത്രണ്ടാം വയസ്സില്‍ വെടിവെച്ചിട്ട മഞ്ഞത്താലി കുരുവിയുടെ കഴുത്തില്‍ ഒരു മഞ്ഞ അടയാളമുണ്ടായിരുന്നു. ഈശ്വരഭയമുള്ള ഒരു ഇസ്ലാമിന്‌ തിന്നാന്‍ പറ്റിയ മാംസമാണോ ഇതെന്ന സംശയവുമായി മാതുലന്റെ അടുത്തു ചെന്ന സാലിമിനെ അദ്ദേഹം ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയിലെ (BNHS) മില്യാഡ്‌ സായ്പിന്റെ അടുത്തേക്ക്‌ പറഞ്ഞു വിട്ടു. അവിടെ ചെന്ന സാലിമിനെ സായ്പ്‌ സ്നേഹപൂര്‍വ്വം സ്വീകരിക്കുകയും പക്ഷി മഞ്ഞത്താലി(Yellow throated sparrow- Petronia xanthocollis) ആണെന്ന് തിരിച്ചറിയുകയും ചെയ്തു. അവനെ പരീക്ഷണ മുറികളിലേക്കു കൊണ്ടു പോയി നിരവധി കുരുവികളേയും അവയുടെ വ്യത്യാസങ്ങളും കാണിച്ചു കൊടുത്തു, നിരവധി അറകള്‍ തുറന്ന് ഭാരതത്തിലെ നിരവധി പക്ഷികളേയും പരിചയപ്പെടുത്തി. സാലിം അലി എന്ന ലോക പ്രസിദ്ധനായ പക്ഷിശാസ്ത്രജ്ഞന്‍ ജനിച്ചു വീണ നിമിഷങ്ങളായിരുന്നു അവ.

സാലിം അലിയുടെ ആദ്യകാല പഠനം മുംബൈയിലെ സെന്റ്‌. സേവിയഴ്സ്  കോളേജിലായിരുന്നു. ഒന്നാം വര്‍ഷത്തിനു ശേഷം പഠനം ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ അദ്ദേഹം ബര്‍മയിലെ താവോയിലേക്ക് മാറുകയായിരുന്നു. അവിടെ കുടുംബസ്വത്തിന്റെ ഭാഗമായ ടങ്ങ്സ്ടങ്ങ്  ഖനികളില്‍ അദ്ദേഹം ജോലി ചെയ്തു. ബര്‍മയിലെ വാസ സ്ഥലത്തിനടുത്തുള്ള കാടുകളില്‍ അദ്ദേഹം തന്റെ ഒഴിവു സമയം ചിലവിട്ടു. അങ്ങനെ പ്രകൃതി ശാസ്ത്രത്തില്‍ അദ്ദേഹത്തിന് താല്പര്യമുണ്ടായി. ഈ സമയത്താണ് അദ്ദേഹം ജെ.സി. ഹോപ് വുഡിനെയും ബെര്‍ത്തോള്‍ഡ്‌ റിബെന്ട്രോപ്പിനെയും പരിചയപ്പെടുന്നത്. ഇവര്‍ രണ്ടു പേരും ആ സമയം ബര്‍മ ഗവണ്മെന്റ്നു കീഴില്‍ വനംവകുപ്പില്‍ ജോലിചെയ്തുകൊണ്ടിരിക്കുകയായിരുനു. ഏഴു വര്‍ഷത്തിനു ശേഷം 1917-ല്‍ ഇന്ത്യയിലേക്ക് തിരിച്ചു വന്ന സാലിം, പഠനം പൂര്‍ത്തിയാക്കാന്‍ തീരുമാനിക്കുകയും, വ്യാവസായിക നിയമം പഠിക്കാന്‍ ദാവര്‍ കോളേജില്‍ ചേരുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രകൃതി ശാസ്ത്രത്തിലുള്ള താല്പര്യം തിരിച്ചറിഞ്ഞ സെന്റ്‌.സേവ്യര്‍ കോളേജിലെ ഫാദര്‍ എതെല്‍ബെറ്റ് ബ്ളാറ്റര്‍ അദ്ദേഹത്തെ ജന്തുശാസ്ത്രം പഠിക്കാന്‍ പ്രേരിപ്പിച്ചു. അങ്ങനെ സെന്റ്‌. സേവിയര്‍ കോളേജില്‍ നിന്നും അദ്ദേഹം ജന്തുശാസ്ത്രവും പഠിക്കുകയുണ്ടായി. ഭാരത ജന്തുശാസ്ത്ര സര്‍വേയില്‍ ([Zoological Survey of India) ഒരു പക്ഷി ശാസ്ത്രജ്ഞന്റെ ഒഴിവില്‍ ജോലിക്കുവേണ്ടി അപേക്ഷിച്ചിരുന്നെങ്കിലും ഒരു ഔപചാരിക യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്തതിനാല്‍ അദ്ദേഹം തഴയപ്പെടുകയായിരുന്നു. ഈ ഒഴിവ് പിന്നീട് നികത്തിയത് എം.എല്‍. റൂണ്‍വാള്‍ ആണ്. 1926-ല്‍ അദ്ദേഹം മുംബയിലെ പ്രിന്‍സ് ഓഫ് വെയില്സ് മ്യൂസിയത്തിലെ പ്രകൃതിശാസ്ത്ര വിഭാഗത്തിലെ ഗൈഡ്‌ ലെച്ടറര്‍ ആയി നിയമിതനായി. പ്രതിമാസം 350 രൂപയായിരുന്നു ശമ്പളം. രണ്ടു വര്‍ഷത്തിനു ശേഷം ഉദ്യോഗം മടുത്ത അദ്ദേഹം പഠനം തുടരുന്നതിന് വേണ്ടി ജര്‍മനിയിലേക്ക് പോയി. അവിടെ ബെര്‍ലിന്‍ യൂണിവേഴ്സിറ്റിയുടെ ജന്തുശാസ്ത്ര മ്യുസിയത്തില്‍ പ്രൊഫ.ഇര്‍വിന്‍ സ്ട്രസ്സ്മാനു കീഴില്‍ ജോലി ചെയ്തു. ജോലിയുടെ ഭാഗമായി ജ.കെ.സ്ടാന്ഫോര്‍ഡ് സംഗ്രഹിച്ച മാതൃകകള്‍ പഠിക്കാനും അദ്ദേഹത്തിന് അവസരം കിട്ടി. ബെര്‍ലിനില്‍ താമസമാക്കിയിരുന്നത് കൊണ്ട് പല മുന്‍നിര ജര്‍മ്മന്‍ പക്ഷിശാസ്ത്രജ്ഞരുമായി ഇടപഴാകാന്‍ അദേഹത്തിന് അവസരം കിട്ടി. അതില്‍ പ്രമുഖര്‍ ബെര്‍നാണ്ട് റേന്‍ഷ(Bernhard Rensch), ഓസ്കര്‍ ഹീന്രോത് ( Oskar Heinroth ), എറണ്സ്റ്റ്റ്‌ മേയര്‍ (Ernst Mayr) എന്നിവരായിരുന്നു. ഹീഗോലാന്‍ഡ് നിരീക്ഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും സലിം എഴുതിയ ഗ്രന്ഥങ്ങള്‍ വിജ്ഞാനപ്രദവും പ്രസിദ്ധവുമാണ്. ഇവയില്‍ കേരളത്തിലെ പക്ഷികളെ പറ്റിയെഴുതിയ ഗ്രന്ഥവും ഉള്‍പ്പെടും. ‘ഒരു കുരുവിയുടെ പതനം’ അദ്ദേഹത്തിന്‍റെ ആത്മകഥയാണ്. പക്ഷിശാസ്ത്രത്തില്‍ നാഷണല്‍ പ്രൊഫസറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ വിവിധ സര്‍വകലാശാലകള്‍ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.

1914-ല്‍ ബ്രിട്ടീഷ്‌ ഇന്ത്യയെക്കുറിച്ചുള്ള ഒരു ശാസ്ത്രലേഖനത്തിന്റെ നിരൂപണത്തില്‍ നിരൂപകന്‍ ആ പുസ്തകത്തില്‍ ഇന്ത്യക്കാരുടെ സംഭാവനയായി ഒന്നും തന്നെ ഇല്ല എന്ന് എടുത്തുപറഞ്ഞിരുന്നു ഇത്‌ സാലിം അലിയുടെ മനസ്സില്‍ തട്ടുകയും പക്ഷികളെ കുറിച്ച്‌ പഠിക്കാനായി ജീവിതം ഉഴിഞ്ഞു വെയ്ക്കുവാനും തീരുമാനിച്ചു. കുടുംബപ്രാരാബ്ധം മൂലം അതിനിടയില്‍ ബര്‍മ്മയില്‍ പണിയന്വേഷിച്ചുപോയെങ്കിലും ഇടവേളകളില്‍ പക്ഷിനിരീക്ഷണം നടത്തിയിരുന്നു. നാലുവര്‍ഷത്തിനു ശേഷം ഇന്ത്യയിലെത്തിയ സാലിം അലി ഒരു വ്യാപാരിയുടെ മകളായ തെഹ്‌മിനയെ വിവാഹം കഴിച്ചു. ഇതിനിടയിലും പക്ഷിനിരീക്ഷണത്തിനായി ജര്‍മ്മനിയിലും മറ്റും പോകുകയും ചെയ്തു. ഒരു ജോലിക്കുവേണ്ടി അലയുന്നതിനിടയില്‍ 1932-ല്‍ “ഹൈദരാബാദ്‌ സംസ്ഥാന പക്ഷിശാസ്ത്ര പര്യവേക്ഷണ”ത്തില്‍(Hyderabad State Ornithology Survey) പങ്കെടുക്കാന്‍ അവസരം ലഭിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പഠന പര്യവേക്ഷണം.
1935-ല്‍ തിരുവിതാംകൂര്‍ മഹാരാജാവ്‌ തിരുവിതാംകൂര്‍, കൊച്ചി ഭാഗങ്ങളിലെ പക്ഷികളെ കുറിച്ച്‌ പഠിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കുകയും ബി.എന്‍.എച്ച്‌.എസിനെ അറിയിക്കുകയും ചെയ്തു. സാലിം അലിയുടെ ഹൈദരാബാദ്‌ പഠനത്തിന്റെ ഗഹനത കണക്കിലെടുത്ത്‌ സാലിം അലിയെ തന്നെ ഈ പഠനത്തിനു വേണ്ടി നിയോഗിച്ചു. അദ്ദേഹം ആദ്യമായ്‌ മറയൂര്‍ ഭാഗത്താണ്‌ പഠനം നടത്തിയത്‌ പിന്നീട്‌ ചാലക്കുടി, പറമ്പിക്കുളം,കുരിയാര്‍കുട്ടി മുതലായിടത്തും പോയി. കുരിയാര്‍കുട്ടിയിലെ ചെറിയ ഒരു സത്രത്തിലിരുന്നാണ്‌ കേരളത്തിലെ പക്ഷിശാസ്ത്രത്തിന്റെ ആരംഭം കുറിച്ചത്‌, അദ്ദേഹത്തിന്റെ ഭാര്യ തെഹ്മിന ആയിരുന്നു വിവരങ്ങള്‍ രേഖപ്പെടുത്തിയത്‌. പിന്നീടിള്ള യാത്രാമധ്യേ തട്ടേക്കാടെത്തുകയും അവിടുത്തെ അമൂല്യമായ പക്ഷിസമ്പത്തിനെകുറിച്ച്‌ തിരിച്ചറിയുകയും അവിടം ഒരു സംഭരണകേന്ദ്രം(Collection center) ആയി തിരഞ്ഞെടുക്കുകയും ചെയ്തു. പിന്നീട്‌ മൂന്നാര്‍, കുമളി, ചെങ്കോട്ട, അച്ചന്‍കോവില്‍ മുതലായ സ്ഥലങ്ങളില്‍ പഠനം നടത്തുകയും ചെയ്തു. ആ നിരീക്ഷണങ്ങള്‍ ആദ്യം തിരുവിതാംകൂര്‍, കൊച്ചിയിലെ പക്ഷിശാസ്ത്രം എന്നും പിന്നീട്‌ സര്‍ സി. പി. രാമസ്വാമി അയ്യരുടെ ആവശ്യപ്രകാരം പരിഷ്കരിച്ച്‌ കേരളത്തിലെ പക്ഷികള്‍ എന്ന പേരിലും പുറത്തിറക്കുകയുണ്ടായി. 1939-ല്‍ കേരളത്തിലെ പഠനം പൂര്‍ത്തിയായപ്പോഴേക്കും ഭാര്യ തെഹ്‌മിന എന്നെന്നേക്കുമായി വിടപറഞ്ഞു, അതോടെ സാലിം പരിപൂര്‍ണ്ണ പക്ഷിനിരീക്ഷകനായി.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 3123

« Previous « മുംബൈയില്‍ തണല്‍ മരങ്ങള്‍ ആസിഡ് വെച്ച് ഇല്ലാതാക്കുന്നു
Next Page » ഇനി വേണ്ട… »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010