
ഇറാനിലെ ഊർജ്ജ നിലയങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണം അഞ്ച് ദിവസത്തേക്ക് നിർത്തി വെച്ചു എന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അമേരിക്കയും ഇറാനും തമ്മിൽ അതീവ ഗൗരവമേറിയ ചർച്ചകൾ നടന്നു. ഇതിനെ ത്തുടർന്നാണ് ഇറാന് എതിരായ ആക്രമണം അഞ്ച് ദിവസത്തേക്ക് നിർത്തി വെച്ചത് എന്നും ട്രംപ് അവകാശപ്പെട്ടു.
അഞ്ച് ദിവസത്തേക്ക് സൈനിക നീക്കങ്ങൾ നിർത്തി വെക്കുന്നു എന്ന ട്രംപിന്റെ പ്രഖ്യാപനം, ഇറാന്റെ ശക്തിക്കു മുന്നിൽ അമേരിക്ക എന്ന വൻശക്തിക്കു അടി തെറ്റി എന്നതിന്റെ തെളിവ് കൂടിയാണ് എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ഇറാൻ അടച്ചിട്ട ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നു നൽകിയില്ല എങ്കിൽ 48 മണിക്കൂറിനുള്ളിൽ ഇറാനെ തകർക്കും എന്നും ലോകത്തെ വിറപ്പിക്കും എന്നുമൊക്കെ വീമ്പിളക്കിയ ട്രംപിന് അടി പതറിയ കാഴ്ചയാണ് ഈ പിന്മാറ്റത്തിലൂടെ ലോകം കാണുന്നത്.
അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ സംയുക്ത ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ സ്വീകരിച്ച തന്ത്രപരമായ നിലപാടുകൾ പാശ്ചാത്യ രാജ്യങ്ങളെ ഒന്നടങ്കം പ്രതിരോധത്തിലാക്കി.
2026 ഫെബ്രുവരി 28 ന് ആരംഭിച്ച യുദ്ധം ആഗോള തലത്തിൽ കനത്ത ഇന്ധന പ്രതിസന്ധിക്ക് കാരണമായ സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ നീക്കം. ആഗോള സമ്പദ് വ്യവസ്ഥ നേരിടാൻ പോകുന്ന ഏറ്റവും വലിയ ഭീഷണി ആയിരിക്കും ഇറാൻ യുദ്ധം എന്നും എഴുപതുകളിലെ എണ്ണ പ്രതിസന്ധിയേക്കാളും ഭീകരമായ ആഘാതമാണ് നിലവിലെ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത് എന്നും ഈ വിഷയത്തിൽ അന്താരാഷ്ട്ര ഇടപെടലുകൾ അനിവാര്യമാണ് എന്നും അന്താരാഷ്ട്ര ഊർജ്ജ ഏജൻസി മുന്നറിയിപ്പ് നൽകി.
- Image Credit : White House & Trump FaceBook Page
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ആണവം, ഇറാന്, ഇസ്രായേല്‍, ക്രമസമാധാനം, മനുഷ്യാവകാശം, യുദ്ധം, വിവാദം, സാമ്പത്തികം




























