ഗാസയിലേക്ക് സഹായവുമായെത്തിയ “ഫ്ലോട്ടില്ല” യെ ഇസ്രയേലി കമാന്‍ഡോകള്‍ ആക്രമിച്ചു. ഇരുപതോളം പേര്‍ മരിച്ചതായാണ് വിവരം ലഭിച്ചിട്ടുള്ളത്. ആഗോള തലത്തില്‍ വന്‍ പ്രതിഷേധത്തിന് ഇത് ഇടയാക്കിയിട്ടുണ്ട്. ബ്രിട്ടന്‍, അയര്‍ലാന്‍ഡ്, അള്‍ജീരിയ, കുവൈറ്റ്, ഗ്രീസ്, ടര്‍ക്കി എന്നിവിടങ്ങളില്‍ നിന്നും എത്തിയ ആറു കപ്പലുകളുടെ ഒരു സംഘമാണ് ഫ്ലോട്ടില്ല എന്ന സഹായ സംരംഭത്തില്‍ ഉണ്ടായിരുന്നത്.
ഹെലികോപ്റ്ററുകളില്‍ എത്തിയ ഇസ്രയേലി കമാന്‍ഡോകള്‍ കപ്പലില്‍ ഇറങ്ങിയാണ് ആക്രമണം നടത്തിയത്. നോബല്‍ പുരസ്കാര ജേതാവ് ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന ഈ യാത്രയില്‍ ആകെ 700 യാത്രക്കാരാണ് ഉള്ളത്. കപ്പല്‍ പരിശോധിക്കാന്‍ എത്തിയ തങ്ങളുടെ സൈനികര്‍ക്ക് നേരെ കപ്പലിലെ പ്രകടനക്കാര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് തങ്ങള്‍ ആക്രമണം നടത്തിയത് എന്ന് ഇസ്രായേല്‍ പറയുന്നു. ഗാസയില്‍ നിന്നും 65 കിലോമീറ്റര്‍ അകലെ ഇസ്രായേല്‍ അതിര്‍ത്തിക്കു പുറത്തു വെച്ച് തങ്ങള്‍ ഇത്തരമൊരു ആക്രമണം നടത്തിയത് തങ്ങളുടെ രാജ്യ രക്ഷയ്ക്ക് വേണ്ടിയാണ് എന്നാണ് ഇസ്രയേലിന്റെ പക്ഷം.
എന്നാല്‍ തങ്ങളിലാരും വെടി വെച്ചില്ലെന്നും, ഇസ്രയേലി ആക്രമണം തുടങ്ങുന്നതിനു മുന്‍പേ തങ്ങള്‍ ഒരു വെള്ള കോടി ഉയര്‍ത്തി കീഴടങ്ങുന്നതായി സൂചിപ്പിച്ചിരുന്നു എന്നും കപ്പലില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞു. ഹെലികോപ്റ്ററുകളില്‍ എത്തിയ കമാന്‍ഡോകളുടെ ആക്രമണത്തിനു പുറകെ ഇസ്രായേല്‍ നാവിക സേനയുടെ യുദ്ധക്കപ്പലുകള്‍ സംഘത്തെ വളഞ്ഞു. ഇതോടെ കൂടുതല്‍ സംഘര്‍ഷത്തിന് വഴി വെയ്ക്കാതെ കപ്പല്‍ സംഘം കപ്പലിന്റെ വേഗത കുറയ്ക്കുകയും കപ്പല്‍ ഗതി മാറ്റി വിടുകയും ചെയ്തു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇസ്രായേല്‍, ദേശീയ സുരക്ഷ, പലസ്തീന്, യുദ്ധം