
വാഷിംഗ്ടൺ: ലോകത്തെ കാത്തിരുന്ന വൻ പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി വെടിനിർത്തൽ ധാരണയായെന്നും അമേരിക്കയുടെ നാവിക ഉപരോധം ഉടനടി പിൻവലിക്കുകയാണെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇതോടെ ആഗോള എണ്ണവ്യാപാരത്തിന്റെ നിർണായക പാതയായ ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾക്ക് ഇനി മുതൽ ടോൾ ഇല്ലാതെ സൗജന്യമായി കടന്നുപോകാനാവും.
ഞായറാഴ്ച ഇറാൻ വിദേശകാര്യ സഹമന്ത്രി കാസെം ഘരീബാബാദിയും കരാർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിൽ മാസങ്ങളായി നിലനിന്നിരുന്ന സൈനികപരമായ ശത്രുതയ്ക്ക് താൽക്കാലിക വിരാമമാകും. വരും വെള്ളിയാഴ്ച കരാറിൽ ഇരുരാജ്യങ്ങളും ഔദ്യോഗികമായി ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ടുകൾ.
തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഈ ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. ഞായറാഴ്ച 80-ാം ജന്മദിനം ആഘോഷിച്ച ട്രംപിന്റെ പ്രഖ്യാപനം വലിയ പ്രാധാന്യത്തോടെയാണ് ലോകമാധ്യമങ്ങൾ കാണുന്നത്.
“എല്ലാവർക്കും ആശംസകൾ! ഹോർമുസ് കടലിടുക്ക് ടോൾ രഹിതമായി തുറന്നു കൊടുക്കാൻ ഞാൻ ഇതിനാൽ പൂർണ്ണ അധികാരം നൽകുന്നു. അതോടൊപ്പം തന്നെ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ നാവിക ഉപരോധം ഉടനടി പിൻവലിക്കാനും ഉത്തരവിടുന്നു. ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എഞ്ചിനുകൾ സ്റ്റാർട്ട് ചെയ്യൂ… എണ്ണ ഒഴുകട്ടെ!” – ട്രംപ് കുറിച്ചു.
മറ്റൊരു പോസ്റ്റിൽ, ഈ വലിയ കരാർ മേഖലയിലാകെ സമാധാനവും സുരക്ഷിതത്വവും കൊണ്ടുവരുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ഇറാനുമായി കൂടുതൽ സമഗ്രമായ സമാധാന കരാറിലേക്ക് ഇത് വഴിതുറക്കുമെന്ന സൂചനയും അദ്ദേഹം നൽകി.
കഴിഞ്ഞ ഡിസംബർ 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി ആക്രമണം ആരംഭിച്ചതിനെത്തുടർന്നാണ് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഭൂരിഭാഗവും തടസ്സപ്പെട്ടത്. ഇത് ആഗോളതലത്തിൽ എണ്ണവില വർദ്ധനവിനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമായിരുന്നു. പുതിയ കരാറിലൂടെ ലോകത്തെ മുൻനിര ഇന്ധന വിതരണ പാത വീണ്ടും സജീവമാകുന്നതോടെ ആഗോള വിപണിയിലും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.
- ജെ.എസ്.




























