ബെര്‍ലിന്‍ : ഒരു ഉപഗ്രഹ വിപത്തില്‍ നിന്നും ലോകം കഷ്ടിച്ച് രക്ഷപ്പെട്ടിട്ട് ഒരു മാസം പോലും തികയുന്നതിന് മുന്‍പ് ഇതാ വീണ്ടുമൊരു ഉപഗ്രഹ ഭീഷണി. ഇത്തവണ ഭൂമിയിലേക്ക് അതിവേഗത്തില്‍ വീണു കൊണ്ടിരിക്കുന്നത് ജെര്‍മ്മന്‍ ഉപഗ്രഹമായ റോസാറ്റ് ആണ്. ഇത് നാളെ (വെള്ളിയാഴ്ച) മുതല്‍ തിങ്കളാഴ്ച വരെയുള്ള കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും ഭൂമിയില്‍ പതിക്കും എന്നാണ് ജെര്‍മ്മന്‍ എയറോസ്പേസ് സെന്റര്‍ അറിയിക്കുന്നത്.
മുകളിലേക്ക് തൊടുത്തു വിടുമ്പോള്‍ സാദ്ധ്യമാവുന്ന കൃത്യത പക്ഷെ ഉപയോഗശേഷം ഉപഗ്രഹം തിരികെ വരുമ്പോള്‍ അത് എവിടെ പതിക്കും എന്ന കാര്യത്തില്‍ പോലും പ്രവചിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിയുന്നില്ല എന്നത് വീണ്ടും തെളിയിക്കുകയാണ് റോസാറ്റ്. ഒരു മിനി വാനിന്റെ വലിപ്പമുള്ള ഈ ഉപഗ്രഹം മിക്കവാറും ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ വായുവുമായുള്ള ഘര്‍ഷണത്തില്‍ കത്തി തീരും. എന്നാലും ഏതാണ്ട് 30 കഷണങ്ങള്‍ എങ്കിലും ബാക്കി വരാം എന്നും ഇത് ഭൂമിയില്‍ പതിക്കും എന്നുമാണ് കണക്ക് കൂട്ടല്‍. ഇതിന്റെ ഭാരം 2 ടണ്ണോളം വരും. ഇത് എവിടെയാവും വീഴുക എന്നത് ഇനിയും വ്യക്തമല്ല.
1990ല്‍ വിക്ഷേപിച്ച ഈ ഉപഗ്രഹം 1990ല്‍ പ്രവര്‍ത്തനരഹിതമായി. ശാസ്ത്രീയ പഠനങ്ങള്‍ നടത്തുവാനായി ജെര്‍മ്മനി വിക്ഷേപിച്ചതാണ് ഈ കൃത്രിമ ഉപഗ്രഹം.
കഴിഞ്ഞ മാസം നാസയുടെ ഒരു ഉപഗ്രഹം ഭൂമിയില്‍ പതിച്ചിരുന്നു. അന്ന് ഭാഗ്യവശാല്‍ ഉപഗ്രഹ അവശിഷ്ടങ്ങള്‍ ശാന്ത സമുദ്രത്തില്‍ പതിച്ചതിനാല്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.
- ജെ.എസ്.