മെല്‍ബണ്‍ : തീവ്രവാദി എന്ന് മുദ്ര കുത്തി അറസ്റ്റ് ചെയ്യുകയും കുറ്റം ചാര്‍ത്തുകയും തടവില്‍ ഇടുകയും വിസ റദ്ദാക്കുകയും ചെയ്ത ഇന്ത്യന്‍ ഡോക്ടര്‍ മൊഹമ്മദ് ഹനീഫിനോട് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഔപചാരികമായി മാപ്പ് പറഞ്ഞു. തെറ്റ് തിരുത്തല്‍ നടപടികളുടെ ഭാഗമായി ഡോ. ഹനീഫിന് ഒരു വന്‍ തുക നഷ്ട പരിഹാരമായി നല്‍കിയതിന് തൊട്ടു പുറകെയാണ് സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷമാപണം പുറത്തു വന്നത്. ഡോക്ടര്‍ ഹനീഫ് നിരപരാധിയാണ് എന്നും ഇത് ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസിന് പറ്റിയ ഒരു തെറ്റാണ് എന്ന് തങ്ങള്‍ സമ്മതിക്കുന്നു എന്നും ക്ഷമാപണത്തില്‍ വ്യക്തമാക്കുന്നു. ഡോ. ഹനീഫിന്റെ ജീവിതത്തിലെ ഈ ഒരു ദൌര്‍ഭാഗ്യകരമായ അദ്ധ്യായം അവസാനിപ്പിക്കാനും ജീവിതവുമായി മുന്നോട്ട് പോകുവാനും നഷ്ടപരിഹാര തുക അദ്ദേഹത്തിന് സഹായകരമാവും എന്ന് തങ്ങള്‍ പ്രത്യാശിക്കുന്നു എന്നും ക്ഷമാപണം തുടരുന്നു. ഡോ. ഹനീഫിന് നല്‍കിയ നഷ്ട പരിഹാര തുക എത്രയാണ് എന്ന വിവരം രഹസ്യമായി സൂക്ഷിക്കണം എന്നത് ക്ഷമാപണ കരാറിലെ ഒരു വ്യവസ്ഥയാണ്.
എന്നാല്‍ ഡോ. ഹനീഫിന് എതിരെ ഏറ്റവും കടുത്ത നിലപാടുമായി രംഗത്തുണ്ടായിരുന്ന ഓസ്ട്രേലിയന്‍ കുടിയേറ്റ വകുപ്പ് മന്ത്രി കെവിന്‍ ആന്‍ഡ്രൂസ് ഇപ്പോഴും തന്റെ നിലപാടില്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറായിട്ടില്ല. ഒത്തുതീര്‍പ്പ് ചര്‍ച്ച പ്രകാരം ആന്‍ഡ്രൂസിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കില്ല എന്ന് ഡോ. ഹനീഫ് സമ്മതിച്ചിട്ടുണ്ട്.
എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നില നില്‍ക്കില്ല എന്നും തനിക്കെതിരെ മാന നഷ്ടത്തിന് കേസെടുത്താല്‍ അത് വിജയിക്കില്ല എന്നുമാണ് തനിക്ക് ലഭിച്ച നിയമോപദേശം എന്ന് ആന്‍ഡ്രൂസ് പറഞ്ഞു.
ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ശേഷം ബ്രിസ്ബേനില്‍ തന്നെ തുടരാനാണ് ഡോ. ഹനീഫിന്റെ തീരുമാനം. തനിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് തന്നെ സമീപിച്ച അസംഖ്യം സാധാരണക്കാരായ ഓസ്ട്രേലിയന്‍ പൌരന്മാര്‍ ഹനീഫിന് ഏറെ മനോധൈര്യം പകര്‍ന്നിട്ടുണ്ട് എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ റോഡ് ഹോഗ്സന്‍ അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഓസ്ട്രേലിയ, തീവ്രവാദം, പീഡനം, പോലീസ്