“ആതുര സേവനത്തിന് ഒരു കൈ സഹായം” എന്ന ലക്‌ഷ്യവുമായി, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘സി. എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്‍റര്‍’ എന്ന സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കൈ സഹായവുമായി അബുദാബി സംസ്ഥാന കെ. എം. സി. സി. യുടെ കീഴിലുള്ള സി. എച്ച്. സെന്‍റര്‍ രംഗത്തു വന്നു. മാസം തോറും ഒരു ലക്ഷം രൂപ വീതം സി. എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്‍ററിനു നല്‍കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം അബുദാബിയില്‍ വിളിച്ചു ചേര്‍ത്തിരുന്ന പത്ര സമ്മേളനത്തിലാണ് സി. എച്ച്. സെന്‍റര്‍ ഭാരവാഹികള്‍ ഇക്കാര്യം അറിയിച്ചത്. സെന്‍റര്‍ പ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, അഭ്യുദയ കാംക്ഷികള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ലഭിക്കുന്ന സംഭാവനകള്‍ സ്വരൂപിച്ചാണ് ഒരോ മാസവും ഒരു ലക്ഷം രൂപ വീതം നല്‍കുക.
അബൂദാബി സി. എച്ച്. സെന്‍ററിന്‍റെ പ്രവര്‍ത്തങ്ങളുടെ ഫലമായി പ്രവാസി സമൂഹത്തില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ചെയര്‍മാന്‍ ഹാഫിസ് മുഹമ്മദ്, ജനറല്‍ കണ്‍വീനര്‍ അഷ്റഫ് പൊന്നാനി, കണ്‍വീനര്‍ അബ്ദുല്‍ മുത്തലിബ്, സംസ്ഥാന കെ. എം. സി. സി പ്രസിഡണ്ട് കരീം പുല്ലാനി, ജനറല്‍ സിക്രട്ടറി കെ. പി. ഷറഫുദ്ധീന്‍, നാസര്‍ കുന്നത്ത്, അഷ്റഫ് പൊവ്വല്‍ തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളില്‍ നിന്നും തമിഴ് നാട്ടിലെ നീലഗിരി അടക്കം നിരവധി സ്ഥലങ്ങളില്‍ നിന്നും രോഗികള്‍ എത്തുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍, സി. എച്ച്. സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സേവന സന്നദ്ധരായ നാനൂറോളം പേരടങ്ങിയ വളണ്ടിയര്‍ വിംഗ്, സജീവ സാന്നിദ്ധ്യമായി നില കൊള്ളുന്നു. നിരാലംബരായ രോഗികള്‍ക്ക് സെന്‍ററിന്‍റെ സേവനങ്ങള്‍ ആവശ്യമായി വരുമ്പോള്‍ യു. എ. ഇ. യിലെ സി. എച്ച്. സെന്‍റര്‍ ഭാരവാഹികളുമായി ബന്ധപ്പെട്ടാല്‍ വേണ്ടതു ചെയ്യുമെന്നും, വീടുകളില്‍ ഉപയോഗിക്കാതെ ബാക്കി വരുന്ന മരുന്നുകള്‍ സെന്‍ററിന്‍റെ സൌജന്യ മരുന്നു വിതരണ ഫാര്‍മ്മസിയില്‍ എത്തിച്ചു തന്നാല്‍ സ്വീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി