ദോഹ: ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സ് എഡുസില്‍ (ഇന്ത്യ) ലിമിറ്റഡ് ദോഹയില്‍ ‘ഇന്ത്യന്‍ വിദ്യാഭ്യാസ പ്രദര്‍ശനം – 2009’ സംഘടിപ്പിക്കുന്നു. അഡ്‌വന്റ് വേള്‍ഡ് വൈഡിന്റെയും ബിര്‍ളാ പബ്ലിക് സ്‌കൂളിന്റെയും സഹകരണത്തോടെ ഏപ്രില്‍ 23 മുതല്‍ 25 വരെ ബിര്‍ളാ പബ്ലിക് സ്‌കൂളിലാണ് പ്രദര്‍ശനം.
ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ ഗുണങ്ങളെ ക്കുറിച്ച് വിദേശ രാജ്യങ്ങളില്‍ പ്രചാരണം നടത്താനുള്ള ലക്ഷ്യത്തോടെ ആണ് ഈ പ്രദര്‍ശനം എന്ന് ഇഡിസില്‍ ഇന്ത്യാ ലിമിറ്റഡ് ചെയര്‍ പേഴ്‌സണും മാനേജിങ് ഡയറക്ടറുമായ അന്‍ജു ബാനര്‍ജി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിദ്യാഭ്യാസ രംഗത്ത് ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം ശക്തിപ്പെടുത്താനും ചര്‍ച്ചകള്‍ നടന്നതായി അന്‍ജു ബാനര്‍ജി പറഞ്ഞു. ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ ഖത്തറില്‍ നടത്തുന്ന ഇത്തരത്തിലുള്ള ആദ്യത്തെ പ്രദര്‍ശനമാണിത്.
എന്‍ജിനീയറിങ്, മെഡിക്കല്‍, ഫാര്‍മസി, നഴ്‌സിങ്, കമ്പ്യൂട്ടേഴ്‌സ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി, ബയോ ടെക്‌നോളജി തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രാമുഖ്യമുള്ള സ്ഥാപനങ്ങളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതെന്നും അന്‍ജു പറഞ്ഞു.
പത്ര സമ്മേളനത്തില്‍ ബിര്‍ളാ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ. കെ. ശ്രീവാസ്തവ, സ്‌കൂള്‍ ഡയറക്ടര്‍ ആരതി ഒബറോയ്, ചെയര്‍മാന്‍ ഡോ. മോഹന്‍ തോമസ് എന്നിവരും പങ്കെടുത്തു.
– മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍