ദോഹ: രാജ്യത്ത് ഉപഭോഗ വസ്തുക്കളുടെ വില ഉയര്‍ത്തുന്ന തിനെതിരെ അധികൃതരുടെ മുന്നറിയിപ്പ്. യാതൊരു കാരണ വശാലും രാജ്യത്തെ വന്‍ ഷോപ്പിംഗ് മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും വില്‍ക്കുന്ന സാധനങ്ങളുടെ വില ഉയര്‍ത്തരുതെന്ന് ബിസിനസ് വാണിജ്യ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏതു കാരണത്തിന്റെ പേരിലായാലും സാധനങ്ങളുടെ വില ഉയര്‍ത്തുവാന്‍ വിതരണക്കാര്‍ ശ്രമിക്കുക യാണെങ്കില്‍ അതിന് വഴങ്ങരുതെന്ന് ഈ മുന്നറിയിപ്പില്‍ പറയുന്നു.
ഇതു സംബന്ധിച്ച് ബിസിനസ് വാണിജ്യ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് പ്രത്യേക യോഗം വിളിച്ചിരുന്നു. രാജ്യത്ത് 104 ഉപഭോഗ വസ്തുക്കളുടെ വില സ്ഥിരത ഉറപ്പു വരുത്താന്‍ സമ്മതിച്ച 10 വന്‍ ഷോപ്പിംഗ് മാളുകളുടെ പ്രതിനിധികള്‍ സംബന്ധിച്ച യോഗത്തിലാണ് ഇക്കാര്യം അവരെ അറിയിച്ചത്. വില ഉയര്‍ത്തുന്ന തിനെതിരെ വിതരണക്കാര്‍ക്കും അധികൃതര്‍ ഈ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വില ഉയര്‍ത്തുന്നതിന് മുമ്പായി വിതരണക്കാര്‍ ഉപഭോക്തൃ സംരക്ഷണ വകുപ്പിന് വ്യക്തമായ കാരണം കാണിച്ച് അക്കാര്യം അറിയിക്കണം. ഇത് പരിശോധിച്ച് അനുവാദം ലഭിച്ചാല്‍ മാത്രമേ വില ഉയര്‍ത്താന്‍ അനുവദിക്കുകയുള്ളു. വന്‍ ഷോപ്പിംഗ് മാളുകളിലായും മറ്റു സൂപ്പര്‍ മാര്‍ക്കറ്റുക ളിലായാലും രാജ്യത്ത് വില്‍ക്കുന്ന ഏതെങ്കിലും ഉപഭോഗ വസ്തുക്കളുടെ വില ഉയര്‍ത്തിയതായി ശ്രദ്ധയില്‍ പെട്ടാല്‍ അക്കാര്യം ഉപഭോക്തൃ സംരക്ഷണ വകുപ്പിനെ അറിയിക്കാന്‍ പൊതു ജനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉപഭോക്തൃ സംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അല്‍മിറ, കാര്‍ഫോര്‍, ജയന്റ് സ്റ്റോര്‍, ലൂലു, ദസ്മാന്‍, മെഗാ മാര്‍ട്ട്, അല്‍ സഫീര്‍, സഫാരി, ദഹ്ല്‍, ഫാമിലി ഫുഡ് സെന്റര്‍ എന്നീ വന്‍ ഷോപ്പിംഗ് മാളുകളുടെ പ്രതിനിധികളാണ് യോഗത്തില്‍ സംബന്ധിച്ചത്.
രാജ്യത്തെ സര്‍ക്കാര്‍ സര്‍വീസില്‍ വന്‍ തോതില്‍ ശംബളവും അലവന്‍സുകളും ഉയര്‍ത്തിയ പുതിയ മാനവ വിഭവ നിയമം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തി ലായതോടെ സാധനങ്ങളുടെ വില വീണ്ടും ഉയര്‍ന്നേക്കുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ നടപടിയെന്നാണ് കരുതപ്പെടുന്നത്. കര്‍ശനമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശമ്പള വര്‍ധന മൂലം ലഭിക്കുന്ന അധിക വരുമാനം വിലക്കയറ്റം അപഹരിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ അറബി പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
– മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍


ദോഹ: അഞ്ചാമത് അല്‍ജസീറ അന്താരാഷ്ട്ര ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിന് ഏപ്രില്‍ 13 ന് തുടക്കമാവും. ഏപ്രില്‍ 16 വരെ നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവല്‍ ദോഹ ഷെറാട്ടണിലാണ് നടക്കുന്നത്. ഫെസ്റ്റിവല്‍ അല്‍ജസീറ ചെയര്‍മാന്‍ ശൈഖ് ഹമദ് ബിന്‍ താമര്‍ ആല്‍താനിയാണ് ഉദ്ഘാടനം ചെയ്യുന്നത്. പ്രമുഖ സംവിധായകരും മാധ്യമ പ്രവര്‍ത്തകരും വിശിഷ്ടാതിഥികളും പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിനു ശേഷം ഉദ്ഘാടന ചിത്രം പ്രദര്‍ശിപ്പിക്കും. അല്‍ജസീറ ഉപഗ്രഹ ചാനല്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ മദ്ധ്യ പൌരസ്ത്യ നാടുകളിലെ സുപ്രധാന ടെലിവിഷന്‍ ഫിലിം ഫെസ്റ്റുകളി ലൊന്നാണ്. ഫെസ്റ്റിവലി നോടനുബന്ധിച്ച് ചിത്ര നിര്‍മ്മാണത്തെ കുറിച്ചും പ്രമുഖ സംവിധായകരുടെ സംഭാവനകളെ കുറിച്ചും മാധ്യമ രംഗം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും പ്രത്യേക ചര്‍ച്ചകളുണ്ടാവും. വിവിധ സ്ഥാപനങ്ങളുടേയും ടെലിവിഷന്‍ കമ്പനികളുടേയും സ്റ്റാളുകളും പുസ്തക ഫോട്ടോ പ്രദര്‍ശനങ്ങളും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.
ദോഹ: ലോകത്തെ ഏറ്റവും വലിയ ആദ്യത്തെ സമഗ്രമായ ദ്രവീകൃത പ്രകൃതി വാതക പദ്ധതിയായ ഖത്തര്‍ ഗ്യാസ് 2 അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍താനിയും പത്നി ശൈഖ മൌസ ബിന്‍ത് നാസര്‍ ആല്‍മിസ്നദും രാഷ്ട്രത്തിന് സമര്‍പ്പിച്ചു. റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ഇന്ന് നടന്ന പ്രൌഢമായ ഉദ്ഘാടന ചടങ്ങില്‍ ഒട്ടേറെ വിശിഷ്ടാതിഥികള്‍ സംബന്ധിച്ചു. 13.2 ബില്യണ്‍ ഡോളര്‍ ചിലവഴിച്ചാണ് ഈ പദ്ധതി പൂര്‍ത്തിയാക്കിയത്.





