
ന്യൂഡൽഹി : മുൻ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേരിൽ കേന്ദ്ര സർക്കാർ നൽകി വരുന്ന വിവിധ പെൻഷൻ പദ്ധതികളിൽ നിന്നും ഇന്ദിരാ ഗാന്ധി യെയും ഒഴിവാക്കുന്നു.
ഇന്ദിരാ ഗാന്ധി ദേശീയ വയോജന പെൻഷൻ പദ്ധതി, ഇന്ദിരാ ഗാന്ധി ദേശീയ വിധവാ പെൻഷൻ പദ്ധതി, ഇന്ദിരാ ഗാന്ധി ദേശീയ ഭിന്ന ശേഷി പെൻഷൻ പദ്ധതി എന്നീ മൂന്ന് പെൻഷൻ പദ്ധതികളുടെ പേരുകൾ മാറ്റുവാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പുതിയ പേരുകൾ യഥാക്രമം പ്രധാനമന്ത്രി വയോ വൃദ്ധ പെൻഷൻ യോജന, പ്രധാനമന്ത്രി വിധവാ പെൻഷൻ യോജന, പ്രധാന മന്ത്രി ദിവ്യാംഗജൻ പെൻഷൻ യോജന എന്നിങ്ങനെ ആയിരിക്കും.
ദേശീയ സാമൂഹിക സഹായ പദ്ധതി (എൻ. എസ്. എ. പി.) പ്രധാനമന്ത്രി സാമൂഹിക സഹായ യോജന എന്നും ദേശീയ കുടുംബ ക്ഷേമ പദ്ധതി പ്രധാന മന്ത്രി പരിവാർ ലാഭ് യോജന എന്നും മാറ്റി.
പേരു മാറ്റം കൂടാതെ ഭിന്നശേഷി പെൻഷന്റെ മാനദണ്ഡങ്ങളിലും ആനുകൂല്യ തുകയിലും മാറ്റം വരുത്തി. പെൻഷൻ ലഭിക്കുന്നതിനുള്ള കുറഞ്ഞ ഭിന്ന ശേഷി പരിധി 80 ശതമാനത്തിൽ നിന്ന് 40 % ആയി കുറച്ചു.
പ്രായ പരിധി 18 വയസ്സിൽ നിന്ന് ജനനം മുതൽ എന്നാക്കി. ഇതോടെ കൂടുതൽ പേർക്ക് ആനുകൂല്യം ലഭിക്കും എന്നാണു അവകാശപ്പെടുന്നത്.
പുതുക്കിയ വ്യവസ്ഥ പ്രകാരം 79 വയസ്സു വരെയുള്ള ഭിന്നശേഷിക്കാർക്ക് പ്രതിമാസം 375 രൂപയും 80 വയസ്സിൽ കൂടുതലുള്ളവർക്ക് 625 രൂപയും കേന്ദ്ര സഹായം ലഭിക്കും.
- pma
അനുബന്ധ വാര്ത്തകള്
വായിക്കുക: ഇന്ത്യ, നിയമം, പ്രതിഷേധം, മനുഷ്യാവകാശം, വിവാദം, സാങ്കേതികം, സാമ്പത്തികം, സ്ത്രീ




























