താനെ : മഹാരാഷ്ട്രയിൽ ഒട്ടേറെ ഗ്രാമങ്ങൾ വരൾച്ചയുടെ ദുരിതം അനുഭവിക്കുന്നു. വീട്ടാവശ്യത്തിനായി ജലം ശേഖരിക്കാൻ 4 മണിക്കൂർ യാത്ര ചെയ്യേണ്ടി വരുന്ന ഒരു ഗ്രാമത്തിൽ ജല ശേഖരണം എളുപ്പമാക്കാനായി ഗ്രാമ വാസികൾ ഒരു പുതിയ വഴി കണ്ടെത്തി. ഒന്നിലേറെ വിവാഹം കഴിക്കുക. ഒരു ഭാര്യ വീട്ടിലെ കാര്യങ്ങൾ നോക്കുമ്പോൾ മറ്റ് ഭാര്യമാർ ദൂരെയുള്ള കിണറുകളിൽ നിന്നും വെള്ളം കോരി കൊണ്ടു വരുന്നു. കൂടുതൽ ഭാര്യമാർ ഉണ്ടെങ്കിൽ കൂടുതൽ വെള്ളവും ലഭിക്കും എന്ന് മനസ്സിലാക്കിയ ഗ്രാമവാസികൾ ബഹുഭാര്യത്വം നിയമ വിരുദ്ധമാണ് എന്ന് അറിഞ്ഞിട്ടും ഈ മാർഗ്ഗം പിന്തുടരുന്നു.
കാലവർഷം ലഭിക്കുന്ന ഒരു മാസം മാത്രമേ തങ്ങൾക്ക് ജലം ലഭിക്കുന്നുള്ളൂ എന്ന് ഗ്രാമവാസികൾ പറയുന്നു. ബാക്കി 11 മാസങ്ങളിലും ഇത്തരത്തിൽ ദൂരെ നിന്നും വെള്ളം കൊണ്ടുവരണം. മുംബൈ നഗരത്തിലേക്ക് ജലം ലഭ്യമാക്കുന്ന ഭട്സ ജലസംഭരണി ഗ്രാമത്തിൽ നിന്നും വെറും 5 കിലോമീറ്റർ അകലെയാണ്. ഇതിൽ നിന്നും തങ്ങൾക്ക് ജലം എത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം എന്ന ഗ്രാമവാസികളുടെ ആവശ്യം അധികൃതർ കേട്ടില്ലെന്ന് നടിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഇനിയും തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ മുംബൈയിലേക്ക് വെള്ളം കോണ്ടു പോകുന്ന പൈപ്പ് ലൈൻ തങ്ങൾ തകർക്കും എന്ന് ഗ്രാമവാസികൾ ഭീഷണിപ്പെടുത്തി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കാലാവസ്ഥ, മനുഷ്യാവകാശം, സ്ത്രീ