കണ്ണൂര്‍: കൂത്തുപറമ്പ് വെടിവെപ്പിനെ സംബന്ധിച്ച് വിവാദ പ്രസ്താവന നടത്തിയ കണ്ണൂര്‍ ഡി. സി. സി. പ്രസിഡണ്ട് പി.രാമകൃഷ്ണന്‍ രാജി വെച്ചു. രാജി കത്ത് കെ. പി. സി. സി. പ്രസിഡണ്ടിനു ഫാക്സ് ചെയ്തു. കുറച്ച് കാലങ്ങളായി കെ. സുധാകരന്‍ എം. പി. ക്കെതിരെ രാമകൃഷ്ണന്‍ നിരന്തരം പ്രസ്താവനകള്‍ നടത്തി വരികയായിരുന്നു. ഇതിനോടനുബന്ധിച്ച് കുറച്ചു നാള്‍ മുമ്പ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പി. രാമകൃഷ്ണനെ ഡി. സി. സി. ഓഫീസില്‍ കയറുവാന്‍ അനുവദിക്കാതെ തടയുകയുണ്ടായി. കെ. സുധാകരന്‍ – പി. രാമകൃഷണന്‍ പോര് പിന്നീട് തെരുവിലേക്കും വ്യാപിച്ചു. കണ്ണൂരിലെ കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങള്‍ രൂക്ഷമായതോടെ പരസ്യ പ്രസ്താവന നടത്തുന്നതില്‍ നിന്നും നേതാക്കളെ കെ. പി. സി. സി. നേതൃത്വം വിലക്കിയിരുന്നു. എന്നാല്‍ അതു കണക്കിലെടുക്കാതെ പി. രാമകൃഷ്ണന്‍ കെ. സുധാകരനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം പത്ര സമ്മേളനം നടത്തി. കൂത്തുപറമ്പ് വെടി വെയ്പ് നടന്ന ദിവസം പ്രവര്‍ത്തകരും പോലീസും വിലക്കിയിട്ടും കൂത്തു പറമ്പിലേക്ക് പോകുവാന്‍ എം. വി. രാഘവനെ നിര്‍ബന്ധിച്ചത് “ഈ വിദ്വാന്‍” ആണെന്ന് കെ. സുധാകരനെ ഉദ്ദേശിച്ച് രാമകൃഷ്ണന്‍ പറഞ്ഞത് ഏറെ വിവദമായിരുന്നു. കൂടാതെ കണ്ണൂരിലെ പല അക്രമ പ്രവര്‍ത്തനങ്ങള്‍ക്കും കാരണം സുധാകരനാണെന്ന രീതിയിലും രാമകൃഷ്ണന്റെ ഭാഗത്തു നിന്നും പരാമര്‍ശങ്ങള്‍ ഉണ്ടായി. ഇത് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. കൂത്തുപറമ്പ് വെടി വെപ്പ് കേസില്‍ പി. രാമകൃഷ്ണനെ സാക്ഷിയാക്കിക്കൊണ്ട് പുനരന്വേഷണം ആവശ്യപ്പെട്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടി രംഗത്തെത്തി.
കെ. സുധാകരനെതിരെയുള്ള രാമകൃഷ്ണന്റെ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്നവരും വിഷയം രൂക്ഷമായതോടെ പിന്‍വാങ്ങുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കഴിഞ്ഞ ദിവസം പി. രാമകൃഷണനെ കയ്യൊഴിഞ്ഞ രീതിയിലായിരുന്നു മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ വിഷയത്തില്‍ രാമകൃഷ്ണനെതിരെ കണ്ണൂരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് പറഞ്ഞ് തടിയൂരുവാന്‍ പി. ആര്‍. ശ്രമിച്ചെങ്കിലും സംഭവം വിവാദമയതോടെ അദ്ദേഹത്തിനെതിരെ ശക്തമായ നടപടിയെടുക്കുവാന്‍ കെ. പി. സി. സി. നേതൃത്വത്തിനു മേല്‍ സമ്മര്‍ദ്ദം ഏറി. ഒടുവില്‍ ഗത്യന്തരമില്ലാതെ രാമകൃഷ്ണന്‍ രാജി വെക്കുകയായിരുന്നു. രാമകൃഷ്ണന്‍ ഒഴിയുന്നതൊടെ കണ്ണൂരിലെ പാര്‍ട്ടിയില്‍ സുധാകര പക്ഷം കൂടുതല്‍ കരുത്താര്‍ജ്ജിക്കും.
- ലിജി അരുണ്‍