ന്യൂഡല്‍ഹി : എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷന് വ്യക്തമാക്കി. കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും, ലോകത്തെ പല രാജ്യങ്ങളും ദൂഷ്യ ഫലം തിരിച്ചറിഞ്ഞ് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടും ഇന്ത്യ മാത്രം മാറി നില്‍ക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും കമ്മീഷന് പറഞ്ഞു.
കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗമുള്ള പ്രദേശങ്ങളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്ന പ്രദേശങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ നിന്നും പ്രതിഷേധം അനുദിനം ശക്തമായി ക്കൊണ്ടിരിക്കുന്നുമുണ്ട്. ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ പൊതു ശ്രദ്ധയില്‍ കൊണ്ടു വരികയും ചെയ്തിട്ടുണ്ടെങ്കിലും അധികൃതര്‍ ഇനിയും എന്‍ഡോസള്‍ഫാന്‍ നിരോധിക്കുവാന്‍ തയ്യാറായിട്ടില്ല. ഇതിനിടയില്‍ എന്‍ഡോസള്‍ഫാനെ അനുകൂലിച്ചു കൊണ്ട് കേന്ദ്ര സഹ മന്ത്രി പ്രൊഫ. കെ. വി. തോമസ് കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം വ്യാപകമായ പ്രതിഷേധത്തിനു ഇട വരുത്തിയിരുന്നു. വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് തന്റെ പ്രസ്ഥാവനയില്‍ മന്ത്രി പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
- ഡെസ്ക്