ബെര്‍ലിന്‍: 2022 ഓടെ രാജ്യത്തെ എല്ലാ ആണവനിലയങ്ങളും പൂട്ടുമെന്ന് ജര്‍മ്മന്‍ സര്‍ക്കാര്‍ അറിയിച്ചു. പഴക്കം ചെന്ന എട്ട് റിയാക്ടറുകള്‍ ഈവര്‍ഷം അവസാനിക്കുമ്പോഴേക്കും പൂട്ടുമെന്ന് പരിസ്ഥിതി മന്ത്രി നൊബേര്‍ട്ട് റൊട്ടെഗന്‍ പറഞ്ഞു. ഇപ്പോള്‍ രാജ്യത്തു 17 ആണവനിലയങ്ങള്‍ ആണ് ഉള്ളത്.
ഫുക്കുഷിമ ആണവ ദുരന്തത്തിന്റെ ഭീകരതയാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ വ്യാവസായിക രാഷ്ട്രമായ ജര്‍മ്മനിയെ പ്രേരിപ്പിച്ചിരിക്കുന്നത്. ഏഴു ആണവനിലയങ്ങള്‍ക്കു നിലവില്‍ മൊറാട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയൊന്നും ഒരു കാരണവശാലും റീ ആക്ടിവേറ്റ് ചെയ്യില്ലെന്നും പരിസ്ഥിതി മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് ആവശ്യമായ വൈദ്യുതിയുടെ 23 ശതമാനം ആണവ റിയാക്ടറുകളിലൂടെ ഉത്പാദിപ്പിക്കുന്ന ജര്‍മ്മനിയുടെ ഈ തീരുമാനത്തെ ആശ്ചര്യത്തോടെയാണ് ലോകരാഷ്ട്രങ്ങള്‍ കാണുന്നത്. രാജ്യത്തെ 17 റിയാക്ടറുകളുടേയും കാലാവധി 12 വര്‍ഷം കൂടി നീട്ടാന്‍ കഴിഞ്ഞവര്‍ഷം ചാന്‍സലര്‍ ഏയ്‌ഞ്ചെല മെര്‍ക്കല്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ ഇതിനെതിരെ ജര്‍മനിയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെയും ജനങ്ങളുടെയും പ്രതിഷേധമുയര്‍ന്നത്തോടെ ഏതാനും ആണവ നിലയങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ രണ്ടു മാസം മുമ്പ് നടന്ന മന്ത്രിമാരുടെ സമ്മേളനത്തില്‍ തീരുമാനമെടുത്തു. ഇതിനെ തുടര്‍ന്നാണ് ഘട്ടം ഘട്ടമായി ആണവനിലയങ്ങള്‍ അടച്ചു 2022 ഓടെ രാജ്യം ആണവോര്‍ജ്ജ വിമുക്തമാക്കാന്‍ തീരുമാനമായത്.