പരിസ്ഥിതിയെ പറ്റി ഏറെ ചിന്തിക്കുകയും പ്രവര്‍ത്തിക്കേണ്ടതുമായ കാലഘട്ടമാണിത്. പ്രകൃതിയെ അനുദിനം നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പ്രസക്തി ഏറി വരികയാണ്. കേരളത്തിലെ വിവിധ ഭാഗങ്ങളിലായി വിവിധ പാരിസ്ഥിതിക വിഷയങ്ങളില്‍ ഇടപെടുന്ന നിരവധി പേര്‍ നമുക്കിടയില്‍ ഉണ്ട്. ഇവര്‍ക്ക് പരസ്പരം ബന്ധപ്പെടുവാനും ആശയങ്ങള്‍ കൈമാറുവാനും ഉള്ള ഒരു വേദി ഒരുക്കുകയാണ് e പത്രം.
e പത്രത്തില്‍ പാരിസ്ഥിതിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന “പച്ച” യില്‍ ഈ ഡയറക്ടറിക്ക് തുടക്കം ഇടുകയാണ്. ലോകത്തില്‍ എവിടെ ഇരുന്നും, നമ്മുടെ നാടിന്റെ പാരിസ്ഥിതിക വിഷയങ്ങളില്‍ നമ്മുടെതായ സഹായം എത്തിക്കുവാനും അതാത് മേഖലയിലെ പരിസ്ഥിതി പ്രവര്‍ത്തകരെ ബന്ധപ്പെടുവാനും സഹായകരമാവും ഈ ഉദ്യമം. പരിസ്ഥിതി രംഗത്ത് ഏറെ പ്രവര്‍ത്തിക്കുകയും തങ്ങളുടേതായ വ്യക്തി മുദ്രകള്‍ പതിപ്പിക്കുകയും ചെയ്തു നമ്മെ വിട്ടു പോയവരെ കുറിച്ചുള്ള സ്മരണകള്‍, പരിസ്ഥിതി സമരങ്ങളും ചെറുത്തുനില്‍പ്പുകളും, സമാന്തര പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി പ്രസിദ്ധീകരണങ്ങള്‍, വെബ് സൈറ്റുകള്‍, പരിസ്ഥിതി പ്രവര്‍ത്തകരുടെ വിലാസങ്ങള്‍, നാട്ടറിവുകള്‍, നല്ല ഭക്ഷണം, ജൈവ കൃഷിയെ പറ്റിയുള്ള വിവരങ്ങള്‍, ജൈവ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്ന ഇടങ്ങള്‍, ഡോക്യുമെന്ററികള്‍, പുസ്തകങ്ങള്‍, ചിത്ര ശലഭ നിരീക്ഷണം, പക്ഷി നിരീക്ഷണം തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ അടങ്ങിയ വിശാലമായ ഒരിടമാണ് e പത്രം e ഡയറക്ടറി ഒരുക്കുന്നത്.
e ഡയറക്ടറിയിലേക്കുള്ള പ്രവേശന പത്രിക ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
തിരുവനന്തപുരം : ലോകമെമ്പാടും അന്താരാഷ്‌ട്ര പ്ലാസ്റ്റിക് സഞ്ചി വിരുദ്ധ ദിനം ആചരിച്ചപ്പോള്‍ തലസ്ഥാന നഗരമായ തിരുവനന്തപുരവും അതില്‍ പങ്കു ചേര്‍ന്നു. “തണല്‍”, “സീറോ വെയിസ്റ്റ് സെന്റര്‍” എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ഒട്ടേറെ പരിസ്ഥിതി സംഘങ്ങളും പരിസ്ഥിതി സ്നേഹികളും നഗരത്തില്‍ ഒത്തു കൂടി ഈ ദിനാചരണത്തില്‍ പങ്കെടുത്തു. പ്ലാസ്റ്റിക് സഞ്ചിക്ക് പകരമായി ഉപയോഗിക്കാവുന്ന കടലാസു സഞ്ചികള്‍, തുണി സഞ്ചികള്‍ എന്നിങ്ങനെയുള്ള പരിസ്ഥിതി സൌഹൃദ സാമഗ്രികള്‍ ഇവര്‍ കൂട്ടായ്മയില്‍ പ്രദര്‍ശിപ്പിച്ചു. പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് പകരം ഉപയോഗിക്കാവുന്ന ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ സുലഭമായി ലഭ്യമാണ് എന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ഇത്തരം പ്രകൃതി ദത്തമായ സാമഗ്രികള്‍ കൊണ്ട് നിര്‍മ്മിക്കുന്ന സഞ്ചികള്‍ പ്രചാരത്തില്‍ വരണമെങ്കില്‍ ആദ്യം പ്ലാസ്റ്റിക് സഞ്ചികള്‍ സമ്പൂര്‍ണ്ണമായി നിരോധിക്കണം. ഇത്തരം സഞ്ചികളുടെ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ തലത്തില്‍ നിന്നും ആവശ്യമായ പ്രോത്സാഹനവും പിന്തുണയും ആവശ്യമാണ്. ഇത് പ്രാദേശികമായി ഒട്ടേറെ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കും.
പ്ലാസ്റ്റിക് സഞ്ചികള്‍ ഉയര്‍ത്തുന്ന പാരിസ്ഥിതിക ഭീഷണിയെ പറ്റിയുള്ള അവബോധം വളര്‍ത്താന്‍ അന്താരാഷ്‌ട്ര സമൂഹം ഇന്ന് (ജൂലൈ 3) അന്താരാഷ്‌ട്ര പ്ലാസ്റ്റിക് സഞ്ചി വിരുദ്ധ ദിനമായി ആചരിക്കുന്നു. പ്ലാസ്റ്റിക് സഞ്ചിയും മറ്റ് ഉപയോഗിച്ച ശേഷം ഉപേക്ഷിക്കാവുന്ന സാധനങ്ങളുടെയും അമിത ഉപയോഗത്തെ കുറിച്ച് ബോധവല്‍ക്കരിക്കുകയും പരിസ്ഥിതി സൗഹൃദപരമായ ശീലങ്ങള്‍ നിത്യ ജീവിതത്തില്‍ കൈക്കൊണ്ട് കൂടുതല്‍ ഉത്തരവാദിത്ത ബോധമുള്ള ഒരു സമൂഹം കേട്ടിപ്പടുക്കുവാനും ലക്ഷ്യമിട്ടാണ് ഈ ദിനം ആചരിക്കുന്നത്. സ്പെയിനില്‍ നിന്നും ഉല്‍ഭവിച്ച ഈ ആശയത്തോട് അനുകൂലിച്ചു ഈ ദിനം ആചരിക്കാന്‍ ലോകമെമ്പാടും നിന്നുമുള്ള അനേകം സംഘടനകളും വ്യക്തികളും പങ്കു ചേരുന്നുണ്ട്.
വാഷിംഗ്ടണ്‍ : അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ മലിനീകരണമായി അറിയപ്പെടുന്ന ഡീപ് വാട്ടര്‍ ഹൊറായ്സന്‍ എണ്ണ ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരമായും പാരിസ്ഥിതിക മലിനീകരണം പരിഹരിക്കുന്നതിനും, ബാധിത പ്രദേശങ്ങള്‍ വെടിപ്പാക്കുന്നതിനുമായി അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമ ചൊവ്വാഴ്ച ആവശ്യപ്പെട്ടതനുസരിച്ച് ബ്രിട്ടീഷ് പെട്രോളിയം 20 ബില്യന്‍ ഡോളര്‍ നല്‍കും എന്ന് അറിയിച്ചു. ഒബാമ ആവശ്യപ്പെട്ടത് പോലെ ഈ തുക കമ്പനി ആയിരിക്കില്ല കൈകാര്യം ചെയ്യുക. ഇടക്കാലാശ്വാസമായി നല്‍കാം എന്ന് കമ്പനി നേരത്തെ സമ്മതിച്ചിരുന്ന പണം തങ്ങള്‍ക്കു വേണ്ടവണ്ണം ലഭിക്കുന്നില്ല എന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച വേളയില്‍ അമേരിക്കന്‍ പ്രസിഡണ്ടിനോട് സ്ഥലവാസികള്‍ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഓവല്‍ ഓഫീസില്‍ നിന്നുമുള്ള തന്റെ ചരിത്ര പ്രധാന ടെലിവിഷന്‍ പ്രസംഗത്തില്‍ ഒബാമ നഷ്ടപരിഹാര ഫണ്ട് ഒരു സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കണം എന്ന് കമ്പനിയോട് ആവശ്യപ്പെട്ടത്. ഇത് ഇന്നലെ ബ്രിട്ടീഷ് പെട്രോളിയം കമ്പനി ചെയര്‍മാന്‍ കാള്‍ ഹെന്‍റിക് സ്വാന്‍ബെര്‍ഗ് അംഗീകരിക്കുകയായിരുന്നു.
ന്യൂഡല്‍ഹി : ഭോപ്പാല്‍ ദുരന്തം കൈകാര്യം ചെയ്ത രീതിയെ പറ്റി വ്യാപകമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ആണവ ബാദ്ധ്യതാ ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പുതിയ പ്രസക്തി കൈവന്നതായി സര്‍ക്കാരിന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നു. പൊതുജനാഭിപ്രായം കണക്കിലെടുത്ത് സര്‍ക്കാര്‍ ആണവ ബാദ്ധ്യതാ ബില്ലില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അപകടങ്ങള്‍ക്ക് ആണവ ഉപകരണ നിര്‍മ്മാതാക്കളെയും വിതരണക്കാരെയും ഉത്തരവാദികളാക്കാനാണ് പുതിയ തീരുമാനം. ഒരു അപകടം ഉണ്ടായാല്‍ അതിന്റെ ബാദ്ധ്യതയില്‍ നിന്നും ഇവര്‍ക്ക് ഒഴിഞ്ഞു മാറാന്‍ വഴി വെയ്ക്കുന്ന ഒരു വ്യവസ്ഥ കരാറില്‍ നിന്നും നീക്കം ചെയ്യാനാണ് സര്‍ക്കാര്‍ ഇന്നലെ തീരുമാനം എടുത്തത്.