240,000 ജീവന്‍ വിലയുള്ള ഒരു പരീക്ഷണം

August 9th, 2010

nagasaki-fat-man-plutonium-bomb-explosion-epathramനാഗസാക്കി : അമേരിക്കന്‍ സൈന്യം 1945 ഓഗസ്റ്റ്‌ 9ന് ജപ്പാനിലെ നാഗസാക്കിയില്‍ പ്ലൂട്ടോണിയം അണു ബോംബ്‌ പരീക്ഷണം നടത്തിയപ്പോള്‍ ഉടനടി പൊലിഞ്ഞത്‌ 140,000 ത്തിലധികം ജീവനാണ്. പിന്നീടുള്ള മരണങ്ങളടക്കം മൊത്തം 240,000 പേരുടെ മരണത്തിന് ഈ ബോംബ്‌ സ്ഫോടനം കാരണമായി. രണ്ടാം ലോക മഹാ യുദ്ധത്തില്‍ ജപ്പാനെ അടിയറവു പറയിക്കാന്‍ ഹിരോഷിമയില്‍ യുറാനിയം ബോംബ് ഇട്ടതിന്റെ മൂന്നാം ദിവസം നാഗസാക്കിയിലെ ജനങ്ങളുടെ മേല്‍ അമേരിക്ക നടത്തിയ ആണവ പരീക്ഷണമാണ് “ഫാറ്റ്‌ മാന്‍ – Fat Man” എന്നറിയപ്പെടുന്ന പ്ലൂട്ടോണിയം സ്ഫോടനം. ജപ്പാനെ മുട്ട് കുത്തിക്കാന്‍ ഈ രണ്ടാം സ്ഫോടനത്തിന്റെ ആവശ്യം ഇല്ലായിരുന്നു എന്ന് സൈനിക വിദഗ്ദ്ധര്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

fat-man-nuclear-bomb-epathram

ഫാറ്റ്‌ മാന്‍ ബോംബിന്റെ മാതൃക

അമേരിക്കന്‍ പ്രസിഡണ്ട് ഫ്രാങ്ക്ലിന്‍ റൂസ്‌വെല്‍റ്റിന്റെ നിരുപാധിക കീഴടങ്ങല്‍ എന്ന നയമാണ് ഈ ആണവ പരീക്ഷണങ്ങള്‍ക്ക് മറയായി അമേരിക്ക ഉപയോഗിച്ചത്.

ക്രിസ്തുവിനു 660 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ചതാണ് ജപ്പാനിലെ രാജ പരമ്പര. സൂര്യ ഭഗവാന്റെ പിന്മുറക്കാരാണ് ജപ്പാനിലെ ചക്രവര്‍ത്തിമാര്‍ എന്നാണു ജപ്പാന്‍ ജനതയുടെ വിശ്വാസം.

1945 മെയ് മാസത്തില്‍ തന്നെ, ചക്രവര്‍ത്തിയെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയും, യുദ്ധ കുറ്റകൃത്യങ്ങളുടെ പേരില്‍ വിചാരണ ചെയ്യുകയും ചെയ്യില്ലെങ്കില്‍ കീഴടങ്ങാന്‍ ജപ്പാന്‍ സന്നദ്ധമായിരുന്നു. ഈ വിവരം ഏപ്രിലില്‍ സ്ഥാനമേറിയ അമേരിക്കന്‍ പ്രസിഡണ്ട് ട്രൂമാന്‍ മെയ്‌ മാസത്തില്‍ തന്നെ അറിയുകയും ചെയ്തിരുന്നു.

എന്നാല്‍ പ്രസിഡണ്ട് ട്രൂമാന്‍ റൂസ്‌വെല്‍റ്റിന്റെ നിരുപാധിക കീഴടങ്ങല്‍ നയം സ്വീകരിക്കാന്‍ തീരുമാനിച്ചു എന്ന പേരിലാണ് ജപ്പാനെതിരെ ആണവ ആക്രമണത്തിന് അനുമതി നല്‍കിയത്.

എന്നാല്‍ യുദ്ധാനന്തരം ഹിരോഹിതോ ചക്രവര്‍ത്തി 1989ല്‍ അദ്ദേഹത്തിന്റെ മരണം വരെ ജപ്പാന്റെ സിംഹാസനത്തില്‍ തുടര്‍ന്നു. അദ്ദേഹത്തിന് യുദ്ധ വിചാരണ നേരിടേണ്ടി വന്നതുമില്ല. അതായത് ജപ്പാന്‍ മുന്‍പോട്ടു വെച്ച കീഴടങ്ങല്‍ ഉപാധികള്‍ അംഗീകരിക്കപ്പെട്ടു എന്നര്‍ത്ഥം. എങ്കില്‍ പിന്നെ ആണവ ബോംബുകള്‍ അമേരിക്ക വര്ഷിച്ചതെന്തിന്?

ലോകത്ത്‌ ആദ്യമായി ആണവായുധങ്ങള്‍ പരീക്ഷിച്ച് തങ്ങളുടെ സൈനിക ശേഷി ഉറപ്പു വരുത്താന്‍ ഇതിലും നല്ല ഒരു അവസരം അമേരിക്കയ്ക്ക് കിട്ടുമായിരുന്നില്ല.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആണവ പുനര്‍ സംസ്കരണ കരാറില്‍ ഇന്ത്യ ഒപ്പ് വെച്ചു

August 4th, 2010

nuclear-waste-disposal-epathram

ഇന്ത്യ കഴിഞ്ഞയാഴ്ച അമേരിക്കയുമായി ആണവ ഇന്ധന പുനര്‍ സംസ്കരണ കരാറില്‍ ഒപ്പ് വെച്ചു. അധികമാരും ഇത് അറിഞ്ഞില്ല. പത്രങ്ങളില്‍ അച്ചടിച്ച്‌ വന്നിരുന്നു. ഇങ്ങനെ എത്ര കരാറുകള്‍ ഒപ്പിടുന്നു. എന്തൊക്കെ ബഹളങ്ങള്‍ നടക്കുന്നു. ബഹളങ്ങള്‍ എല്ലാം കഴിഞ്ഞാല്‍ കരാറും ഒപ്പിട്ടു പ്രജാപതി സുഖമായി കാര്യം സാധിക്കുന്നു. ജനം അത് സന്തോഷത്തോടെ വിഴുങ്ങുന്നു. വികസനമല്ലേ…? എതിര്‍ത്ത്‌ എന്തെങ്കിലും പറഞ്ഞാല്‍ വികസന വിരുദ്ധനായി മുദ്ര കുത്തിയാലോ? കിട്ടിയത്‌ എന്തായാലും അതും വിഴുങ്ങി മിണ്ടാതിരിക്കാം.

123 കരാറിന്റെ തുടര്‍ച്ചയാണ് ഈ കരാര്‍. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവ ബാന്ധവത്തില്‍ ഒരു സുപ്രധാന ചുവടു വെയ്പ്പാണിത് എന്നാണു നയതന്ത്ര മന്ത്രം. 123 കരാറിനു ശേഷം ഈ കരാര്‍ ഇന്ത്യയെ കൊണ്ട് ഒപ്പിടുവിക്കുവാന്‍ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്ക് ലഭിച്ചിരുന്ന സമയത്തിന് എത്രയോ മുന്‍പേ തന്നെ ഇത് ഇന്ത്യയെ കൊണ്ട് സമ്മതിപ്പിക്കുവാനും ഒപ്പിടുവിക്കുവാനും കഴിഞ്ഞത് ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ നേട്ടമായി പ്രഖ്യാപിച്ചു കരാറില്‍ ഒപ്പിട്ട ഇന്ത്യന്‍ അംബാസഡര്‍ മീര ശങ്കര്‍.

ഇത്രയേറെ തിടുക്കത്തില്‍ ഒപ്പിട്ട ഈ കരാര്‍ എന്താണെന്നതിനെ കുറിച്ച് ഏറെയൊന്നും ആര്‍ക്കുമറിയില്ല എന്നതാണ് വാസ്തവം. ഈ രംഗത്തെ വിദഗ്ദ്ധര്‍ക്കടക്കം. ആണവ പുനര്സംസ്കരണത്തെ കുറിച്ച് ഇന്ത്യന്‍ ആണവ ഗവേഷണത്തില്‍ സുപ്രധാന പങ്കു വഹിച്ച ഒരു ശാസ്ത്രജ്ഞനുമായി e പത്രം ടെലിഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച ചില വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്.

ആണവ നിലയത്തില്‍ ഉപയോഗിക്കപ്പെടുന്ന യുറാനിയം ഊര്‍ജ്ജം ഉല്‍പ്പാദിപ്പിച്ചതിനു ശേഷം അതിന്റെ രൂപം മാറി മറ്റ് പദാര്‍ത്ഥങ്ങളായി മാറും. ആണവ റിയാക്ടറില്‍ ഉപയോഗിച്ച് കഴിഞ്ഞ യുറാനിയത്തില്‍ നിന്നും ഉപയോഗ യോഗ്യമായ മറ്റ് പദാര്‍ത്ഥങ്ങള്‍ വേര്‍തിരിച്ച് എടുക്കുന്നതിനെയാണ് ആണവ പുനര്‍സംസ്കരണം എന്ന് പറയുന്നത്. ഇതില്‍ ഏറ്റവും പ്രധാനമാണ് പ്ലൂട്ടോണിയം. പ്ലൂട്ടോണിയം ഏറെ വിലപിടിപ്പുള്ളതാണ്. കാരണം ഇതാണ് ആണവ ബോംബ്‌ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഒരു ഫുട്ബോളിന്റെ പകുതിയോളം പ്ലൂട്ടോണിയം നിങ്ങളുടെ മേശപ്പുറത്ത് വെച്ച് പതുക്കെ ഒന്ന് കൈ കൊണ്ട് അമര്‍ത്തിയാല്‍ നിങ്ങള്‍ ഇരിക്കുന്ന രാജ്യവും അതിനടുത്ത ഏതാനും രാജ്യങ്ങളും ഞൊടിയിടയില്‍ ഇല്ലാതാവും.

ഇത്തരം ആണവ പദാര്‍ത്ഥങ്ങള്‍ക്ക് ഒരു ക്രിറ്റിക്കല്‍ മാസ് ഉണ്ട്. ക്രിറ്റിക്കല്‍ മാസിന്റെ അത്രയും ഭാരം ഒരുമിച്ചു വന്നാല്‍ ആണവ പ്രതിപ്രവര്‍ത്തനം ഇത് സ്വമേധയാ ആരംഭിക്കും. ഇതിനാല്‍ ഈ പദാര്‍ഥങ്ങള്‍ എപ്പോഴും ഇതിന്റെ ക്രിറ്റിക്കല്‍ മാസിനേക്കാള്‍ കുറഞ്ഞ അളവിലാണ് സൂക്ഷിക്കുന്നത്. പ്ലൂട്ടോണിയത്തിന്റെ ക്രിറ്റിക്കല്‍ മാസ് ഏതാണ്ട് 10 കിലോയില്‍ താഴെയാണ്. ഘനമേറിയ വസ്തുവായതിനാല്‍ ഇതിന് ഒരു ഫുട്ബോളിന്റെ പകുതി വലിപ്പമേ കാണൂ. ഒരു ബോംബില്‍ ഇത് ചെറിയ ചെറിയ അറകളില്‍ വെവ്വേറെയാണ് സൂക്ഷിക്കുന്നത്. ഈ ബോംബ്‌ പൊട്ടിക്കാന്‍ ചെറിയ ഒരു മര്‍ദ്ദം കൊണ്ട് ഈ അറകളെ തകര്‍ത്തു പ്ലൂട്ടോണിയത്തെ അതിന്റെ ക്രിറ്റിക്കല്‍ മാസ് ആകുന്ന അളവില്‍ ഒരുമിച്ചു കൊണ്ട് വന്നാല്‍ മാത്രം മതി. നേരത്തെ സൂചിപ്പിച്ചത്‌ പോലെ, ഭൂഗോളത്തില്‍ നിങ്ങള്‍ ഇരിക്കുന്ന ഭാഗം ഒന്നാകെ നശിക്കും ഈ സ്ഫോടനത്തില്‍.

പ്ലൂട്ടോണിയം ഒരു കടുത്ത വിഷവും കൂടിയാണ്. ഇതിന്റെ ലക്ഷത്തില്‍ ഒരംശം ശരീരത്തില്‍ കടന്നാല്‍ മനുഷ്യന് മാരകമാണ്. ഇതെല്ലാം കൊണ്ടാണ് പ്ലൂട്ടോണിയം അമൂല്യമാവുന്നത്, കാരണം ഒരല്‍പം പ്ലൂട്ടോണിയം കൈവശം ഉള്ളവന് ലോകത്തെ അടക്കി ഭരിക്കാം, ഭീകരത കൊണ്ട് വിറപ്പിക്കാം… ഭീകരത കൊണ്ട് വിറപ്പിക്കുന്നത് തന്നെയല്ലേ സാമ്രാജ്യത്വത്തിന്റെ സ്ഥായീ ഭാവം?…

ആണവ റിയാക്ടറില്‍ ഉപയോഗിച്ച് കഴിഞ്ഞ യുറാനിയത്തില്‍ നിന്നും പ്ലൂട്ടോണിയം വേര്‍തിരിച്ച് എടുക്കുന്നത് ഏറെ ബുദ്ധിമുട്ടാണ്. കാരണം ഇതിന്റെ നശീകരണ സ്വഭാവം തന്നെ. പ്ലൂട്ടോണിയവുമായി ബന്ധപ്പെടുന്ന എല്ലാ വസ്തുക്കളും മലിനമാകുകയും ദ്രവിച്ചു നശിക്കുകയും ചെയ്യും. ഇതിനാല്‍ ഇത്തരത്തില്‍ യുറാനിയത്തില്‍ നിന്നും പ്ലൂട്ടോണിയം വേര്‍തിരിച്ച് എടുക്കാന്‍ വളരെ ശ്രദ്ധാപൂര്‍വ്വം നിയന്ത്രിക്കപ്പെട്ട സാഹചര്യങ്ങളില്‍ ഉന്നത സാങ്കേതിക വിദ്യ കൊണ്ടേ കഴിയൂ. ഈ ശേഷി ഇന്ത്യയ്ക്കുണ്ട്. എന്നാല്‍ ഇന്ത്യയ്ക്കെന്നത് പോലെ തന്നെ പാക്കിസ്ഥാനും ഈ ശേഷിയുണ്ട് എന്ന് കൂടി നാം ഓര്‍ക്കണം.

എന്നാല്‍ ഇതിലും ഭീതിദമാണ് പുനര്സംസ്കരണം കഴിഞ്ഞതിനു ശേഷത്തെ കാര്യം. പുനര്സംസ്കരണം ചെയ്തെടുക്കുന്ന പ്ലൂട്ടോണിയത്തിന് ആവശ്യക്കാര്‍ ധാരാളം ഉള്ളതിനാല്‍ അത് ശ്രദ്ധാപൂര്‍വ്വം തന്നെ വേണ്ടവര്‍ കൈകാര്യം ചെയ്തു കൊണ്ട് പോവും എന്ന് കരുതാം. എന്നാല്‍ സംസ്കരണത്തിന് ശേഷം ബാക്കിയാവുന്ന ആണവ ചണ്ടി (nuclear waste) എന്ത് ചെയ്യും? ഇത് ചര്‍ച്ച ചെയ്യാന്‍ “പാടില്ലാത്ത” വിഷയമാണ്. ഇന്ത്യ പോലുള്ള മൂന്നാം ലോക രാഷ്ട്രങ്ങളില്‍ പ്രത്യേകിച്ചും. “ആണവ രഹസ്യ നിയമം” പല തലങ്ങളില്‍ ഇത്തരം ചര്‍ച്ചകളെ നിയന്ത്രിക്കുകയും നിരുല്സാഹ പ്പെടുത്തുകയും ചെയ്യുന്നു. ഇത്തരം നിയമങ്ങള്‍ സ്റ്റേറ്റിന് സ്വന്തം താല്‍പര്യ സംരക്ഷണ ത്തിനായി ഉപയോഗിക്കാന്‍ ഉള്ളതാണ്. ഇത് ചോദ്യം ചെയ്യാനാവില്ല. രാജ്യ ദ്രോഹമാവും.

ഉപയോഗ ശൂന്യമായ ആണവ ചണ്ടി പിന്നെന്തു ചെയ്യും? ഈ ചോദ്യം പണ്ട് ഓ. വി. വിജയന്‍ ഡല്‍ഹിയില്‍ ആണവ ശാസ്ത്രജ്ഞരുടെ ഒരു വിരുന്നു സല്ക്കാര ത്തിനിടയില്‍ ഉന്നയിച്ചപ്പോള്‍ കൂസലില്ലാതെ മറുപടി വന്നു അത് ഭീകരാകാരമായ കൊണ്ക്രീറ്റ്‌ കട്ടകള്‍ക്കുള്ളിലെ അറയില്‍ അടക്കം ചെയ്തു ഭൂമിക്കടിയിലോ സമുദ്രത്തിന്റെ അടിത്തട്ടിലോ നിക്ഷേപിക്കും എന്ന്. ഈ കൊണ്ക്രീറ്റ്‌ കട്ട എത്ര നാള്‍ നിലനില്‍ക്കും എന്ന ചോദ്യത്തിന് അത് കുറേക്കാലം നിലനില്‍ക്കും എന്ന് മാത്രമായിരുന്നു മറുപടി.

nuclear-waste-dumping-epathram

കൊളറാഡോയിലെ ആണവ നിലയത്തില്‍ നിന്നുമുള്ള ചണ്ടി കുഴിച്ചിടാനായി ഇഡാഹോയിലെ കേന്ദ്രത്തിലേയ്ക്ക് കൊണ്ട് വരുന്നു. ഭൂമിക്കടിയില്‍ എല്ലാ സുരക്ഷാ സന്നാഹങ്ങളോടെയും കുഴിച്ചിട്ട ചണ്ടിയില്‍ നിന്നുമുള്ള മലിനീകരണം ഇഡാഹോയിലെ 300000 ത്തോളം വരുന്ന ജനത്തിന്റെ കുടിവെള്ളത്തിലും കലര്‍ന്നതായി കണ്ടെത്തി.

ചില പാശ്ചാത്യ രാജ്യങ്ങള്‍ ആഫ്രിക്കയിലെ നാടുവാഴികളെ സ്വാധീനിച്ചു അവിടെ ആണവ ചണ്ടി കൊണ്ക്രീറ്റ്‌ കട്ടകളിലാക്കി കുഴിച്ചിടാറുണ്ട് എന്ന് പറയപ്പെടുന്നുണ്ട്. ഇതിനു സ്ഥിരീകരണ മൊന്നുമില്ലെങ്കിലും സാധ്യത തള്ളി ക്കളയാനുമാവില്ല.

കടലില്‍ നിക്ഷേപിക്കുന്നതാണ് കൂടുതല്‍ പ്രചാരമുള്ള രീതി. പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങളുടെ സമുദ്രത്തില്‍ ഇത്തരം നിക്ഷേപങ്ങള്‍ നടത്തുന്നത് പ്രതിരോധിച്ചപ്പോള്‍ അതിനെ അടിച്ചമര്ത്താനാണ് പ്രതിരോധിച്ചവരെ കടല്‍ കൊള്ളക്കാര്‍ എന്ന് മുദ്ര കുത്തിയത് എന്നൊരു വാദവും സോമാലിയയിലെ കടല്‍ കൊള്ളക്കാരെ കുറിച്ചുണ്ട്. ഇങ്ങനെ നിയമ വിരുദ്ധരാക്ക പ്പെട്ടവരാണത്രേ ഇപ്പോഴത്തെ സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഈ ആണവ ചണ്ടി എത്ര നാള്‍ അതിന്റെ വീര്യം നിലനിര്‍ത്തും എന്ന് ശാസ്ത്രജ്ഞര്‍ക്ക് കൃത്യമായി പ്രവചിക്കാനാവും. എന്നാല്‍ ഇത് അടക്കം ചെയ്തിരിക്കുന്ന കൊണ്ക്രീറ്റ്‌ എത്ര നാള്‍ അതിന്റെ ബലം നിലനിര്‍ത്തും എന്ന് ആര്‍ക്കും പറയാനാവില്ല. ഇതാണ് ഇതിന്റെ അപകടവും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ട്രോളിംഗ് നിരോധനം അവസാനിച്ചു

July 31st, 2010

vypeen-fishing-trawlers-epathramകൊച്ചി : 45 ദിവസം നീണ്ടു നിന്ന ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും. കേരളത്തിന്റെ തീരങ്ങളില്‍ യന്ത്രവല്‍കൃത മല്‍സ്യ ബന്ധനത്തിന് വര്‍ഷാവര്‍ഷം ഏര്‍പ്പെടുത്തുന്ന ഈ ഒന്നര മാസത്തെ മല്‍സ്യ ബന്ധന നിരോധനം മല്‍സ്യ സമ്പത്തിനെ നില നിര്‍ത്താന്‍ വഹിച്ച പങ്ക് ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടതും പ്രശംസ നേടിയതുമാണ്.

കേരളത്തിന്റെ സമ്പദ് ഘടനയില്‍ മല്‍സ്യ ബന്ധനത്തിന് ഒരു വലിയ പങ്കാണ് ഉള്ളത്. ഭക്ഷ്യ ഉല്‍പ്പന്നം എന്ന നിലയിലും മല്‍സ്യ ബന്ധനവുമായി ബന്ധപ്പെട്ട തൊഴില്‍ സാധ്യത മൂലവും മല്‍സ്യ ബന്ധനം കേരളത്തിന്റെ സമ്പദ്‌ വ്യവസ്ഥ യുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. അത് കൊണ്ട് തന്നെ മല്‍സ്യ സമ്പത്തിന്റെ നിരുത്തരവാദ പരമായ അമിത ഉപയോഗം നിയന്ത്രിച്ചില്ലെങ്കില്‍ അത് ദൂര വ്യാപകമായ പരിസ്ഥിതി വിപത്തുകള്‍ മാത്രമല്ല ഉണ്ടാക്കുക, തൊഴിലില്ലായ്മ പോലുള്ള ഹ്രസ്വ കാല സാമൂഹിക പ്രശ്നങ്ങള്‍ തന്നെ സൃഷ്ടിക്കും.

1957ല്‍ ഇന്തോ – നോര്‍വീജിയന്‍ സംയുക്ത സംരംഭത്തിന്റെ ഭാഗമായാണ് നവീന മല്‍സ്യ ബന്ധന രീതികള്‍ കേരളത്തിലെ മല്‍സ്യ ബന്ധന രംഗത്ത്‌ പ്രചരിച്ചത്. ഇതിന്റെ ഭാഗമായി സംസ്ഥാന ഫിഷറീസ്‌ വകുപ്പ്‌ തന്നെ വയര്‍ലെസ്‌ ടെലിഫോണ്‍, യന്ത്ര വല്‍കൃത വിഞ്ചുകള്‍, എക്കോ സൌണ്ടറുകള്‍, എന്നിങ്ങനെയുള്ള ആധുനിക സൌകര്യങ്ങളുള്ള യന്ത്ര വല്‍കൃത ബോട്ടുകള്‍ ലഭ്യമാക്കി. യന്ത്ര വല്‍കൃത മല്‍സ്യ ബന്ധന രീതികളില്‍ ഏറ്റവും പ്രമുഖമായ “ബോട്ടം ട്രോളിംഗ്” നയലോണ്‍ വലകള്‍ ഉപയോഗിച്ച് സമുദ്രത്തിന്റെ അടിത്തട്ട് തൂത്തു വാരി എടുക്കാന്‍ തുടങ്ങി അധിക നാളുകള്‍ വേണ്ടി വന്നില്ല, സമുദ്ര പാരിസ്ഥിതിക വ്യവസ്ഥയ്ക്ക് ഏറ്റവും വലിയ വെല്ലുവിളി ആയി ഈ സമ്പ്രദായം മാറുവാന്‍.

മല്‍സ്യ കുഞ്ഞുങ്ങളെയും മുട്ടകളെയും അടക്കം ഈ ബോട്ടുകളിലെ നൈലോണ്‍ വലകള്‍ വാരി എടുത്തതോടെ പ്രജനനത്തിനുള്ള സാധ്യതകള്‍ ഇല്ലാതായ മല്‍സ്യ സമ്പത്തില്‍  ക്രമാതീതമായ കുറവ് കാണപ്പെട്ടു തുടങ്ങി. ബോട്ടുകളിലെ യന്ത്രങ്ങളില്‍ നിന്നും ചോര്‍ന്നു വെള്ളത്തില്‍ കലരുന്ന ഇന്ധനം മല്‍സ്യ മുട്ടകളെ  നശിപ്പിക്കുകയും ചെയ്തു. യന്ത്ര വല്‍കൃത മല്‍സ്യ ബന്ധനം പുറം കടലില്‍ മാത്രമായി പരിമിതപ്പെടു ത്തിയിട്ടുണ്ടെങ്കിലും പലപ്പോഴും ഇവര്‍ തീരത്തിനടുത്തേയ്ക്ക് അതിക്രമിച്ചു കയറി പരമ്പരാഗത മല്‍സ്യ തൊഴിലാളികള്‍ക്ക്‌ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. പലപ്പോഴും പരമ്പരാഗത ചെറുകിട മല്‍സ്യ ബന്ധന തൊഴിലാളികളുടെ വലകള്‍ക്ക് യന്ത്ര വല്‍കൃത ബോട്ടുകള്‍ മൂലം നാശം സംഭവിക്കുന്നു.

മല്‍സ്യ ലഭ്യതയില്‍ വന്ന വ്യതിയാനങ്ങള്‍ പഠിച്ച സര്‍ക്കാര്‍ 1980ല്‍ പഴ്സീന്‍ വല, റിംഗ് സീന്‍ വല, പെലാജിക്‌ ട്രോളിംഗ്, മിഡ് വാട്ടര്‍ ട്രോളിംഗ് എന്നിങ്ങനെ ഒട്ടേറെ വിനാശകരമായ മല്‍സ്യ ബന്ധന രീതികള്‍ കേരളത്തില്‍ നിരോധിച്ചു. അടിത്തട്ട് ട്രോളിംഗ് മണ്‍സൂണ്‍ കാലത്ത് നിരോധിക്കണം എന്ന പരമ്പരാഗത തൊഴിലാളികളുടെ ആവശ്യവും സര്‍ക്കാര്‍ 1981ല്‍ നടപ്പിലാക്കി. എന്നാല്‍ യന്ത്ര വല്‍കൃത ബോട്ട് ഉടമകള്‍ കോടതി വഴി ഈ നിരോധനം ഒഴിവാക്കി. ഈ മേഖലയില്‍ കൂടുതല്‍ പഠനം നടത്തുവാന്‍ ആയിരുന്നു കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

1981ല്‍ ബാബു പോള്‍ ചെയര്‍മാനായുള്ള 13 അംഗ കമ്മിറ്റി മുതല്‍ കാലവര്‍ കമ്മിറ്റി, ബാലകൃഷ്ണന്‍ കമ്മിറ്റി എന്നിങ്ങനെ നിരവധി കമ്മിറ്റികള്‍ ഈ വിഷയത്തില്‍ പഠനം നടത്തുകയുണ്ടായി. ഒടുവില്‍ 1988 മുതല്‍ സ്ഥിരമായി മണ്‍സൂണ്‍ മാസങ്ങളില്‍ 45 ദിവസത്തെ ട്രോളിംഗ് നിരോധനം സര്‍ക്കാര്‍ നടപ്പിലാക്കി തുടങ്ങി. ഈ നീക്കം മല്‍സ്യ സമ്പത്തിനെ ഏറെ സഹായകരമായി എന്ന് പിന്നീടുള്ള നിരീക്ഷണങ്ങളില്‍ നിന്നും വ്യക്തമായി. ഇതിനെ തുടര്‍ന്ന് മറ്റു തീര ദേശ സംസ്ഥാനങ്ങളും സമാനമായ നിരോധനങ്ങള്‍ ഏര്‍പ്പെടുത്തി. മാത്രമല്ല, സംസ്ഥാന ട്രോളിംഗ് നിരോധനത്തോട്‌ അനുബന്ധിച്ച് ആഴക്കടലിലും ഈ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ മല്‍സ്യ ബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തുവാനും ഇത് പ്രചോദനമായി എന്നതില്‍ കേരളത്തിന്‌ അഭിമാനിക്കാം.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഇന്ത്യയുടെ പക്ഷി മനുഷ്യന് ആദരാഞ്ജലികള്‍

July 27th, 2010
Salim Ali ePathram

ഇന്ത്യയുടെ പക്ഷി മനുഷ്യന്‍ ഡോ. സാലിം അലി

ലോക പ്രശസ്ത പക്ഷി ശാസ്ത്രജ്ഞന്‍ ഡോ. സാലിം അലി നമ്മോട് വിട പറഞ്ഞിട്ട് ഇന്നേക്ക് ഇരുപത്തി മൂന്നു വര്‍ഷം തികയുകയാണ്. 1987 ജൂലൈ 27നാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്.

രണ്ടു വര്ഷം മുന്‍പ് ഇന്നേ ദിവസമായിരുന്നു e പത്രത്തില്‍ പരിസ്ഥിതി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന “പച്ച” യുടെ ആരംഭവവും. ഒരു കാലത്ത് “വികസനത്തിന്‌ വിഘാതമാവുകയും ശല്യമാവുകയും” ചെയ്ത പരിസ്ഥിതി വാദം പിന്നീട് ഒരു ഫാഷന്‍ ആവുകയും ഇന്ന് മനുഷ്യ രാശിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഘടകമായി അവഗണിക്കാനാവാത്ത വിധം രാഷ്ട്രീയ പ്രാധാന്യം കൈവരിക്കുകയും ചെയ്തിരിക്കുന്നു. ഈ ഘട്ടത്തില്‍ പരിസ്ഥിതി സമരങ്ങളിലും ചെറുത്തുനില്‍പ്പുകളിലും, സമാന്തര പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക്‌ പരസ്പരം ബന്ധപ്പെടുവാനും ആശയങ്ങള്‍ കൈമാറുവാനും ഉള്ള ഒരു വേദിയായി മാറുവാന്‍ e പത്രം പച്ച ഒരുങ്ങുകയാണ്.

ഇതിന്റെ ആദ്യ പടിയായി ലോകത്തില്‍ എവിടെ ഇരുന്നും, നമ്മുടെ നാടിന്റെ പാരിസ്ഥിതിക വിഷയങ്ങളില്‍ നമ്മുടെതായ സഹായം എത്തിക്കുവാനും അതാത് മേഖലയിലെ പരിസ്ഥിതി പ്രവര്‍ത്തകരെ ബന്ധപ്പെടുവാനും സഹായകരമാവുന്ന e ഡയറക്ടറിക്ക് “പച്ച” തുടക്കം ഇട്ടു കഴിഞ്ഞു.

ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചൈനയില്‍ ജനിതക അരി മലിനീകരണം

July 22nd, 2010

genetically-modified-rice-china-epathramഹൂബെ: ജനിതക പരിവര്‍ത്തനം നടത്തിയ അരിയുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ഔദ്യോഗികമായി അനുവദിച്ചിട്ടില്ലാത്ത ചൈനയില്‍ ഇത്തരം അരി അനൌദ്യോഗികമായി വ്യാപിക്കുന്നതായി അന്താരാഷ്‌ട്ര പരിസ്ഥിതി സംഘമായ ഗ്രീന്‍ പീസ്‌ കണ്ടെത്തി. ചൈനയിലെ ഹൂബെ പ്രവിശ്യയില്‍ നിന്നുമാണ് ഈ അരി വിപണിയിലെത്തുന്നത് എന്ന് കരുതപ്പെടുന്നു.

ജനിതകമായി പരിവര്‍ത്തനം ചെയ്യപ്പെട്ട അരിയുടെ ഉപയോഗം സുരക്ഷിതമല്ല എന്ന കാരണത്താല്‍ പൊതു ജന ഉപയോഗത്തിന് ചൈന വിലക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം അരിയുടെ ഉല്‍പ്പാദനം തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഹൂബെ പ്രവിശ്യ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ല. Bt63 എന്ന ജീന്‍ കലര്‍ന്ന അരിയാണ് ഇവിടെ നിന്നും വിപണിയില്‍ എത്തുന്നതായി കണ്ടെത്തിയത്. കീടങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുള്ളതാണ് ഈ അരി.

ചൈനയിലെ അരി ഉല്‍പ്പാദനത്തിന്റെ പ്രമുഖ കേന്ദ്രങ്ങളില്‍ ഒന്നാണ് ഹൂബെ. ദേശീയ ദുരന്തങ്ങളെ തുടര്‍ന്നുള്ള അടിയന്തിര ആവശ്യങ്ങള്‍ക്കുള്ള അരി ഇവിടെ നിന്നും പൊതു വിപണിയിലേക്ക് വിതരണം ചെയ്യപ്പെടുന്നു. ഇതോടെ ഈ മലിനമായ അരി ചൈനയില്‍ ഉടനീളം വ്യാപിക്കുകയും ചെയ്യും എന്നതാണ് ഭീതിദമായ അവസ്ഥ. ഇപ്പോള്‍ തന്നെ ഇത്തരം അരി പല പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളും വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്.

അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ജനസംഖ്യയുള്ള ചൈനയിലെ നഗരങ്ങളില്‍ ആവശ്യത്തിനുള്ള ധാന്യം എത്തിക്കുന്നതിനു പാട് പെടുന്ന ചൈന പക്ഷെ ജനിതക വിത്തുകള്‍ ഉളവാക്കിയേക്കാവുന്ന അജ്ഞാതമായ ആരോഗ്യ, ജൈവ വൈവിദ്ധ്യ പ്രശ്നങ്ങളെ ഗുരുതരമായി തന്നെ കണ്ട് ഇത്തരം വിത്തുകള്‍ക്ക് അനുമതി നിഷേധിച്ചിരിക്കുകയാണ്.

എന്നാല്‍ ഈ വിലക്കിനെ മാറി കടക്കാന്‍ ചില ജൈവ സാങ്കേതിക കമ്പനികള്‍ ഈ വിത്തുകള്‍ മനപൂര്‍വം വിപണിയില്‍ പ്രചരിപ്പിച്ചു ഇവയെ സാര്‍വത്രികമാക്കി അംഗീകാരം ലഭ്യമാക്കാനുള്ള ഗൂഡ തന്ത്രം പ്രയോഗിക്കുകയാണ് എന്നാണു സംശയിക്കപ്പെടുന്നത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

32 of 43« First...1020...313233...40...Last »

« Previous Page« Previous « പരിസ്ഥിതി പ്രവര്‍ത്തകരുടെ e ഡയറക്ടറി
Next »Next Page » ഇന്ത്യയുടെ പക്ഷി മനുഷ്യന് ആദരാഞ്ജലികള്‍ »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010