ടോക്യോ: ജപ്പാനില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന അവസാനത്തെ ആണവ റിയാക്ടറും അടച്ചു പൂട്ടിയപ്പോള്‍ ഇന്ത്യയില്‍ കൂടംകുളം ആണവ നിലയം ഒരു മാസത്തിനകം തുറന്നു പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. ജപ്പാനിലെ ഹൊക്കൈഡോ പ്രവിശ്യയിലെ തൊമാരി നിലയത്തിലെ മൂന്നാം റിയാക്ടർ ശനിയാഴ്ച്ച അടച്ചതോടെ ജപ്പാനില്‍ ആകെയുള്ള 50 ആണവ റിയാക്ടറുകളില്‍ അവസാനത്തേതാണ് അടച്ചു പൂട്ടിയത്. ഇതോടെ 1970തിന് ശേഷം ആദ്യമായി ജപ്പാന്‍ ആണവോര്‍ജ്ജമില്ലാത്ത നാടായി. ഈ വാര്‍ത്ത അറിഞ്ഞ ഉടന്‍ ജപ്പാന്‍ ജനത ടോക്യോയിലെ തെരുവില്‍ ആഹ്ലാദ പ്രകടനം നടത്തി.
കഴിഞ്ഞ വര്‍ഷം ഉണ്ടായ സുനാമിയില്‍ ഫുക്കുഷിമ ആണവ നിലയം തകര്‍ന്നതോടെ ആണവോര്‍ജ്ജം ആപത്താണെന്ന സത്യം മനസിലാക്കി പല രാജ്യങ്ങളും ആണവോര്‍ജ്ജ പദ്ധതികള്‍ ഉപേക്ഷിക്കുകയോ നിറുത്തി വെയ്ക്കുകയോ ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയില്‍ കാര്യങ്ങള്‍ മറിച്ചാണ് നടന്നത്. ഫുക്കുഷിമ ദുരന്തത്തിന് ശേഷം കൂടംകുളം ആണവ നിലയം എങ്ങിനെയും പ്രവര്‍ത്തിപ്പിക്കുമെന്ന വാശിയിലാണ് നമ്മുടെ ഭരണകൂടം. കൂടംകുളത്ത് ഉദയ കുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ ഭരണകൂടവും ചില മാധ്യമങ്ങളും ചേര്‍ന്ന് അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ വീര്യം ഒട്ടും ചോര്‍ന്നു പോകാതെ കുട്ടികളും സ്ത്രീകളും അടങ്ങിയ ഗ്രാമീണര്‍ നടത്തുന്ന ജീവന്റെ സമരം തുടരുകയാണ്. ഒരു വശത്ത് അധികാരികളും കോര്‍പറേറ്റ് ശക്തികളും മറുവശത്ത് പാവങ്ങളായ ഗ്രാമീണ ജനതയും.
ജപ്പാന്‍ ഈ നശിച്ച വിദ്യയെ ഇല്ലാതാന്‍ ശ്രമിക്കുമ്പോള്‍ നാമത് കൂടുതല്‍ ഉല്പാദിപ്പിക്കാന്‍ ശ്രമിക്കുന്നു. ജപ്പാനില്‍ ആണവ നിലയം പൂട്ടിയതിന് അവര്‍ ആഹ്ലാദ പ്രകടനം നടത്തുന്നു. നമ്മുടെ പ്രഥമ പൌരനായ പ്രമുഖന്‍ പോലും കൂടംകുളം നിലയം വരണമെന്ന് വാദിക്കുന്നു. ജപ്പാനില്‍ ആണവ നിലയങ്ങള്‍ പ്രവര്‍ത്തനം നിറുത്തുമ്പോള്‍ രാജ്യത്തെ വ്യവസായ മേഖലയെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ പഴയ വൈദ്യുതി നിലയങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ വൈദ്യുതി കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നമ്മുടെ നിര്‍ദേശങ്ങള്‍ കൂടംകുളം തുറന്നേ മതിയാകൂ എന്നും.
എന്തൊരു വൈരുദ്ധ്യം!