സൂറിച്ച്: തുടര്‍ച്ചയായ മൂന്നാം വര്‍ഷവും മികച്ച ലോക ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ബാലണ്‍ ഡി’ഓര്‍ അവാര്‍ഡിന് അര്‍ജന്റീനയുടെ ലയണല്‍ മെസ്സി അര്‍ഹനായി. ലയണല്‍ മെസ്സി 2011ലെ മികച്ച ഫുട്ബോള്‍ താരം മെസ്സി തന്നെ യാകുമെന്നു ഏറെക്കുറെ കായിക പ്രേമികള്‍ നിരീക്ഷിച്ചിരുന്നു. ഫ്രഞ്ച് താരം മിഷേല്‍ പ്ലാറ്റീനിക്കുശേഷം ഹാട്രിക് നേട്ടം കൈവരിക്കുന്ന ആദ്യ താരമെന്ന ബഹുമതിയാണ് ലോകത്തുള്ള ഫുട്ബോള്‍ പ്രേമികളെ ആവേശം കൊള്ളിച്ച് മെസ്സി സ്വന്തമാക്കിയത്. അന്താരാഷ്ട്ര ഫുട്‌ബോള്‍ ടീമുകളുടെ പരിശീലകരും നായകന്‍മാരും ഫുട്‌ബോള്‍ കളിയെഴുത്തുകാരും ചേര്‍ന്നാണ് മികച്ച ഫുട്‌ബോള്‍ താരത്തെ തിരഞ്ഞെടുത്തത്. സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണയ്ക്കുവേണ്ടി നടത്തിയ മികച്ച പ്രകടനമാണ് മെസ്സിയെ ലോക താരമാക്കി ഉയര്‍ത്താന്‍ കാരണം. ബാഴ്‌സയ്ക്ക് സ്പാനിഷ് ലീഗും ചാമ്പ്യന്‍സ് ലീഗും യൂറോപ്യന്‍ സൂപ്പര്‍ കപ്പും ലോക ക്ലബ് കപ്പും സമ്മാനിക്കുന്നതില്‍ മെസ്സി നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. മെസ്സിക്ക് 47.88 ശതമാനം വോട്ടു കിട്ടി. മറ്റൊരു സാധ്യത കല്‍പ്പിച്ചിരുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് 21.6 ശതമാനവും സാവിക്ക് 9.23 ശതമാനവും വോട്ടാണ് കിട്ടിയത്. ജപ്പാന്റെ ഹൊമാരെ സാവയാണ് മികച്ച വനിതാ താരം. മികച്ച ഗോളിനുള്ള ഫിഫ പുഷ്‌കാസ് അവാര്‍ഡ് ബ്രസീലിന്റെ നെയ്മറിന് ലഭിച്ചു. പുരുഷ ടീമിന്റെ മികച്ച പരിശീലകനുള്ള അവാര്‍ഡ് ബാഴ്‌സലോണയുടെ പെപ് ഗാര്‍ഡിയോളയ്ക്ക് ആണ്. ജപ്പാന്‍ പരിശീലകന്‍ നോറിയോ സസാക്കിയാണ് മികച്ച വനിതാ ഫുട്‌ബോള്‍ പരിശീലകന്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ ഫിഫ പ്രസിഡണ്ട്‌സ് അവാര്‍ഡിന് അര്‍ഹനായി. 2011ലെ ഫെയര്‍ പ്ലേ അവാര്‍ഡ് ജാപ്പനീസ് ഫുട്‌ബോള്‍ അസോസിയേഷനാണ്.
- ന്യൂസ് ഡെസ്ക്