ധനുഷ്ക്കോടി: മലയാളിയായ എസ്. പി മുരളീധരന്‍ പാക്ക് കടലിടുക്ക് നീന്തിക്കടന്നു. പതിനാല് മണിക്കൂര്‍ ഇരുപത് മിനിട്ട് എടുത്തു കൊണ്ടാണ് ശ്രീലങ്കയിലെ തലൈമന്നാര്‍ മുതല്‍ തമിഴ്‌നാട്ടിലെ ധനുഷ്ക്കോടി വരെയുള്ള 31 കിലോമീറ്റര്‍ ദൂരം താണ്ടിയത്. പുലര്‍ച്ചെ 1.50 നാണ് മുരളീധരന്‍ തന്റെ സാഹസിക യഞ്ജത്തിനു തുടക്കമിട്ടത്. അത്യന്തം ദുര്‍ഘടമായ ഈ കടല്‍പ്പാത നീന്തിക്കടക്കുന്ന ആദ്യമലയാളിയാണ് മുരളീധരന്‍. ചേര്‍ത്തല തിരുനലൂര്‍ ഗൌരിക്കാട്ടുതറയില്‍ പ്രഭാകരന്‍ – സരോജിനി ദമ്പതികളുടെ മകനാണ് ഇദ്ദേഹം.
കോച്ച് ആനന്ദ് പര്‍വ്വേശിയുടെ ശിക്ഷണത്തില്‍ ഒരുമാസമായി കഠിന പരിശീലനം നടത്തിയാണ് മുരളീധരന്‍ ഈ യഞ്ജത്തിനു തയ്യാറായത്. ഇന്ത്യന്‍ നാവിക സേനയും കോസ്റ്റ് ഗാര്‍ഡും ന്മുരളീധരനു സഹായവുമായി ഒപ്പം ഉണ്ടായിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നതോടെ കാലവസ്ഥ പ്രതികൂലമായി. ഇത് നീന്തലിന്റെ വേഗത്തെ ബാധിച്ചിരുന്നതായി മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ 2004-ല്‍ പാക്ക് കടലിടുക്ക് നീന്തിക്കടക്കുവാന്‍ മുരളീധരന്‍ ശ്രമിച്ചിരുന്നെങ്കിലും അന്ന് ദിശമാറിപ്പോയതിനാല്‍ പരാജയപ്പെടുകയായിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബഹുമതി