മോസ്‌കോ: ഭഗവദ് ഗീതാ വ്യാഖ്യാനത്തിന്റെ റഷ്യന്‍പരിഭാഷ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ബുധനാഴ്ച അന്തിമവിധി പറയാനിരിക്കെ, റഷ്യയിലെ ഏറ്റവും വലിയ ഹൈന്ദവക്ഷേത്രം ഒഴിപ്പിക്കല്‍ ഭീഷണിയില്‍. റഷ്യയുടെ നിയുക്ത പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്റെ ജന്മസ്ഥലമായ സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗിലെ ക്ഷേത്രത്തിനാണ് ഭീഷണി. രാജ്യത്തെ ഏറ്റവും വലിയ ഹൈന്ദവ സാംസ്‌കാരിക കേന്ദ്രവും ക്ഷേത്രവും നില നില്‍ക്കുന്ന കെട്ടിടത്തിന്റെ ഉടമകള്‍ വസ്തു തര്‍ക്കത്തെച്ചൊല്ലി പാട്ടക്കരാര്‍ റദ്ദാക്കാന്‍ നിയമനടപടി തുടങ്ങിയതാണ് ക്ഷേത്രം അടച്ചിടേണ്ടിവരുമെന്ന ആശങ്കയ്ക്കു കാരണമാവുന്നത്.
അഗ്‌നിശമന സുരക്ഷാചട്ടങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് എട്ടുനിലക്കെട്ടിടത്തിന്റെ ഉടമകള്‍ ക്ഷേത്രം ഒഴിപ്പിക്കാനുള്ള വിധി സമ്പാദിച്ചത്. എന്നാല്‍ സാംസ്‌കാരികകേന്ദ്രം സമര്‍പ്പിച്ച അപ്പീലില്‍ മേല്‍ക്കോടതി ഒഴിപ്പിക്കല്‍ മാര്‍ച്ച് 29വരെ തടഞ്ഞിരുന്നു. ഹിന്ദുമതക്കാര്‍ക്കിടയില്‍ സംസ്‌കൃതവും യോഗയുമടക്കമുള്ള പുരാതന ഇന്ത്യന്‍സംസ്‌കാരം പ്രചരിപ്പിക്കുന്ന സാംസ്‌കാരിക കേന്ദ്രം പാട്ടക്കരാറില്‍ പറയുന്ന ഒരു നിബന്ധനയും ലംഘിച്ചിട്ടില്ലെന്ന് കേന്ദ്രത്തിന്റെ ചെയര്‍മാന്‍ സുരെന്‍ കരപത്യാന്‍ പറയുന്നു. റഷ്യന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ഹിന്ദുമതത്തിനെതിരെ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമാണ് ക്ഷേത്രത്തിനെതിരായ നീക്കമെന്ന് സുരെന്‍ ആരോപിച്ചു.
- ഫൈസല്‍ ബാവ