ലണ്ടൻ : മാറിയ വിസാ നിയമം ബ്രിട്ടനിൽ പഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി. ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ വിസാ നിയമ പ്രകാരം ബ്രിട്ടനിൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് തുടർന്ന് അവിടെ ജോലിയിൽ പ്രവേശിക്കാൻ ആവില്ല. ഇത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വൻ തിരിച്ചടിയാവും. നേരത്തേയുള്ള നിയമ പ്രകാരം പഠനം പൂർത്തിയാക്കിയതിനു ശേഷം രണ്ടു വർഷത്തോളം വിദ്യാർത്ഥികൾക്ക് ബ്രിട്ടനിൽ തുടർന്നും താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യാൻ അനുവാദം ഉണ്ടായിരുന്നു. ഈ സൗകര്യം ഉപയോഗിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, സ്വന്തം വിദ്യാഭ്യാസ ചിലവ് സ്വയം വഹിക്കുന്ന വിദ്യാർത്ഥികൾ തങ്ങളുടെ പഠന ചിലവിന്റെ ഒരു പങ്ക് ഇത്തരത്തിൽ തൊഴിൽ ചെയ്ത് തിരികെ സമ്പാദിക്കാറുണ്ടായിരുന്നു. ഈ സാദ്ധ്യതയാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്.
ബ്രിട്ടനിലേക്കുള്ള കുടിയേറ്റം തടയുവാനുള്ള കാമറൂൺ സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഈ പുതിയ നിയമ നിർമ്മാണം.
എന്നാൽ ഇതോടെ ബ്രിട്ടീഷ് സർവ്വകലാശാലകളിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറയുവാൻ സാദ്ധ്യതയുണ്ട്. വിദേശ വിദ്യാർത്ഥികൾ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയിലേക്ക് പ്രതിവർഷം 14 ബില്യൺ പൗണ്ടാണ് കൊണ്ടുവരുന്നത്. വിദേശ രാജ്യങ്ങളിൽ ബ്രിട്ടീഷ് വിദ്യാഭ്യാസ രംഗത്തെ പ്രതിനിധാനം ചെയ്യുന്ന ബ്രിട്ടീഷ് കൗൺസിൽ പുതിയ നിയമ നിർമ്മാണത്തിന്റെ അനന്തര ഫലങ്ങളെ കുറിച്ച് സർക്കാരിന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നിയമം, പ്രവാസി, ബ്രിട്ടന്, വിദ്യാഭ്യാസം