ലണ്ടന്‍ : രാത്രി വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി ഉറങ്ങി കിടക്കുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യാക്കാരനായ വിദ്യാര്‍ത്ഥിക്ക് ബ്രിട്ടീഷ് കോടതി മൂന്നു വര്ഷം തടവ് ശിക്ഷ വിധിച്ചു. 23 കാരനായ പ്രദീപ് ഭാസ്കര്‍ എന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിക്കാണ് ശിക്ഷ ലഭിച്ചത്. പീഡന ശ്രമത്തെ തുടര്‍ന്ന് യുവതി ബഹളം വെച്ചപ്പോള്‍ ഇയാള്‍ ഇറങ്ങി ഓടിയെങ്കിലും ഇയാളുടെ പാസ്പോര്‍ട്ട് യുവതിയുടെ കിടപ്പറയില്‍ വീണു പോയി. ഇത് വെച്ചാണ് പോലീസ് ഇയാളെ പിടി കൂടിയത്.
യുവതിയോടൊപ്പം ഒരു പുരുഷനും സംഭവ സമയത്ത് കിടക്കുന്നുണ്ടായിരുന്നു എന്നത് സംഭവത്തെ വിചിത്രമാക്കുന്നു എന്ന് ശിക്ഷ വിധിച്ച ജൂറി ചൂണ്ടിക്കാട്ടി. ഏറെ മദ്യപിച്ചിരുന്ന തനിക്ക് ദാഹിച്ചപ്പോള്‍ വെള്ളം കുടിക്കാന്‍ വേണ്ടിയാണ് വീട്ടിനുള്ളില്‍ കയറിയത് എന്നും വെള്ളം എടുക്കാനുള്ള അനുവാദം ചോദിക്കാന്‍ ഉറങ്ങി കിടന്ന യുവതിയെ താന്‍ തട്ടി വിളിക്കുകയായിരുന്നു എന്നും പെട്ടെന്ന് പേടിച്ചരണ്ട യുവതി ബഹളം വെച്ചപ്പോഴാണ് താന്‍ ഇറങ്ങി ഓടിയത് എന്നുമുള്ള യുവാവിന്റെ വാദം കോടതി വിശ്വസനീയമല്ല എന്ന് പറഞ്ഞു തള്ളി. യുവതിയുടെ കിടപ്പറയില്‍ നിന്നും ലഭിച്ച ചൂയിംഗ് ഗം പരിശോധന നടത്തിയപ്പോള്‍ പ്രദീപിന്റെ ഡി. എന്‍. എ. ഉള്ളതായി കണ്ടെത്തിയതാണ് ഇയാളെ ശിക്ഷിക്കാനുള്ള പ്രധാന തെളിവായത്.
എഞ്ചിനിയറിംഗ് പഠനം കഴിഞ്ഞ് താങ്കള്‍ ഉയര്‍ന്ന ശമ്പളത്തോടെ എന്‍ജിനിയര്‍ ആവുന്നതോടെ താങ്കളുടെ ഈ പ്രവര്‍ത്തി താങ്കള്‍ക്ക് മറക്കുവാന്‍ ആയേക്കും. എന്നാല്‍ താങ്കളുടെ അതിക്രമത്തില്‍ മനം നൊന്ത ആ യുവതിക്ക് ഇതത്ര പെട്ടെന്നൊന്നും മറക്കുവാന്‍ കഴിയില്ല എന്നും ജഡ്ജി വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, പീഡനം, ബ്രിട്ടന്, വിദ്യാഭ്യാസം