ടെഹ്‌റാന്‍: ബലാത്സംഗം ചെറുക്കുന്നതിനിടെ അക്രമിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ തള്ളി ക്കൊണ്ട് റെയ്‌ഹാന ജബ്ബാരി(26)യെ ഇറാനില്‍ വധശിക്ഷക്ക് വിധേയയാക്കി. റെയ്‌ഹാനയുടെ വധശിക്ഷ നടപ്പിലാക്കുന്നതിനെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയര്‍ന്നിരുന്നു. ആംനെസ്റ്റി ഇന്റര്‍ നാഷ്ണല്‍ അടക്കം ഉള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങി വിവിധ സോഷ്യല്‍ മീഡിയകളില്‍ റെയ്ഹാനയുടെ വധ ശിക്ഷ നടപ്പിലാക്കുന്നതിനെതിരെ ക്യാമ്പെയ്‌നുകളും ഉണ്ടായിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സെപ്‌റ്റംബര്‍ 30 നു നടത്താനിരുന്ന വധ ശിക്ഷ പത്തു ദിവസത്തേക്ക് താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു.
2007-ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. റെയ്‌ഹാനെ ബലാത്സംഗം ചെയ്യുവാന്‍ ശ്രമിച്ച അക്രമിയില്‍ നിന്നും രക്ഷപ്പെടുവാനായി തിരിച്ച് ആക്രമിച്ചു. ഇതിനിടയില്‍ അക്രമി കൊല്ലപ്പെടുകയായിരുന്നു. ഇറാനിലെ രഹസ്യാന്വേഷണ വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്ന മുര്‍ത്താസ അബ്ദുലലി ശര്‍ബന്ദിയാണ് കൊല്ലപ്പെട്ടത്. ആത്മരക്ഷാര്‍ഥം നടത്തിയ കൊലപാതകമാണെന്ന റെയ്‌ഹാനയുടെ വാദം കോടതി തള്ളുകയായിരുന്നു.
റെയ്‌ഹാനയെ തൂക്കിലേറ്റുന്നത് സംബന്ധിച്ച് യാതൊരു സൂചനയും അധികൃതര്‍ നല്‍കിയിരുന്നില്ലെന്ന് ഇവരുടെ മാതാവ് പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഈ വര്‍ഷം മാത്രം ഇറാനില്‍ ഇരുന്നൂറ്റമ്പതോളം പേരെ തൂക്കിക്കൊന്നതായാണ് യു.എന്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇറാന്, കുറ്റകൃത്യം, പീഡനം, പ്രതിഷേധം, മനുഷ്യാവകാശം, മാദ്ധ്യമങ്ങള്‍, സ്ത്രീ