ജോര്‍ജ്ജ് ബുഷിന്റെ ഭരണ കാലത്ത് അമേരിക്കന്‍ സര്‍ക്കാര്‍ തീവ്രവാദ കുറ്റം ആരോപിക്കപ്പെട്ട തടവുകാര്‍ക്ക് നേരെ പ്രയോഗിച്ച മര്‍ദ്ദന മുറകളെ പറ്റിയുള്ള ഒരു റിപ്പോര്‍ട്ട് ഒബാമ പ്രസിദ്ധപ്പെടുത്തി. ഒരു കുടുസ്സു മുറിയില്‍ പ്രാണികളോടൊപ്പം പൂട്ടിയിടുക, മതിലിലേക്ക് വലിച്ചെറിയുക, മുഖത്ത് അടിക്കുക, ഉറങ്ങാന്‍ അനുവദിക്കാതിരിക്കുക, ശാരീരിക ചലനങ്ങള്‍ സാധ്യമല്ലാത്ത വിധം ചെറുതായ മനുഷ്യ കൂടുകളില്‍ ചങ്ങലക്കിടുക എന്നിങ്ങനെ അനേകം മര്‍ദ്ദന മുറകളെ പറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്.
ഇതില്‍ ഏറ്റവും പ്രസിദ്ധമായ വിദ്യ “വാട്ടര്‍ ബോഡിങ്” എന്നാണ് അറിയപ്പെടുന്നത്. ഒരു വീതി കുറഞ്ഞ ബെഞ്ചില്‍ തടവുകാരനെ കെട്ടി ഇട്ട് ബെഞ്ചടക്കം ഇയാളെ തല കീഴായി ബെഞ്ച് ഉയര്‍ത്തി നിര്‍ത്തും. ഇയാളുടെ മുഖം ഒരു തുണി വെച്ച് മൂടിയതിനു ശേഷം തുണിയില്‍ കുറേശ്ശെ വെള്ളമൊഴിക്കും. ഇതോടെ ഇരയുടെ മനസ്സില്‍ എന്തോ അത്യാപത്ത് വരുന്ന പ്രതീതി ജനിക്കും. ഒപ്പം ശ്വാസം മുട്ടുന്നതായും അനുഭവപ്പെടും.
മറ്റൊരു കുപ്രസിദ്ധമായ വിദ്യക്ക് ഇവര്‍ “വാളിങ്ങ്” എന്നാണ് പേര്‍ നല്‍കിയിരിക്കുന്നത്. കഴുത്തില്‍ ഒരു പ്ലാസ്റ്റിക് പട്ട വഴി ബന്ധിപ്പിച്ച തടവുകാരനെ ഒരു പ്രത്യേകമായി നിര്‍മ്മിച്ച മതിലിലേക്ക് വലിച്ചെറിയും. മതിലില്‍ പതിക്കുമ്പോള്‍ ഉണ്ടാവുന്ന ശബ്ദത്തെ പ്രത്യേക സംവിധാനം വഴി ഉച്ചത്തിലാക്കി കേള്‍പ്പിക്കുന്നതോടെ തനിക്ക് വന്‍ ആഘാതമാണ് ലഭിച്ചത് എന്ന് ഇരക്ക് തോന്നും. ഇവരുടെ മറ്റൊരു പ്രിയപ്പെട്ട വിനോദം തടവുകാരെ പട്ടിണിക്ക് ഇടുക എന്നതായിരുന്നു എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഇതൊന്നും മര്‍ദ്ദനമല്ല എന്നായിരുന്നു ബുഷ് ഭരണകൂടത്തിന്റെ നിലപാട്. എന്നാല്‍ ഇതെല്ലാം മര്‍ദ്ദനം തന്നെ എന്ന് ഒബാമ ഉറപ്പിച്ചു വ്യക്തമാക്കുകയും അമെരിക്കന്‍ ചാര സംഘടനയായ സി.ഐ.എ. യുടെ ഇത്തരം രഹസ്യ മര്‍ദ്ദന സങ്കേതങ്ങള്‍ അടച്ചു പൂട്ടാന്‍ ഉത്തരവ് ഇടുകയും ചെയ്തു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, പീഡനം, മനുഷ്യാവകാശം