സ്ത്രീകള്‍ക്ക് ഇസ്ലാം നിഷ്കര്‍ഷിക്കുന്ന ബുര്‍ഖ അഥവ പര്‍ദ്ദ മതപരമായ ചിഹ്നം ആയല്ല, മറിച്ച് സ്ത്രീകളെ തരം താഴ്ത്താനുള്ള ഉപാധി ആയിട്ടാണ് ഫ്രാന്‍സ് കാണുന്നത് എന്ന് ഫ്രഞ്ച് പ്രസിഡണ്ട് നിക്കോളാസ് സാര്‍ക്കോസി വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫ്രാന്‍സില്‍ സജീവമായ ബുര്‍ഖാ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ആണ് പ്രസിഡണ്ടിന്റെ ഈ പരാമര്‍ശം.
ഫ്രാന്‍സില്‍ മുസ്ലിം വനിതകള്‍ പൊതു സ്ഥലത്ത് ദേഹം മുഴുവന്‍ മൂടി പ്രത്യക്ഷപ്പെടുന്നത് ഫ്രഞ്ച് മതേതരത്വത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും നേരെയുള്ള വെല്ലുവിളി ആണെന്നും ഇതിനെതിരെ സ്വതന്ത്രമായ ഒരു അന്വേഷണം നടത്തണമെന്നും ഫ്രഞ്ച് പാര്‍ലമെന്റില്‍ ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഇത് ഫ്രാന്‍സില്‍ വന്‍ ചര്‍ച്ചക്ക് ഇടയാക്കിയിരുന്നു.
തങ്ങളുടെ രാജ്യത്ത് മൂടുപടത്തിനു പുറകില്‍ തടവുകാരെ പോലെ സ്ത്രീകള്‍ ഒളിക്കേണ്ടി വരുന്ന ദുരവസ്ഥ അനുവദിക്കാനാവില്ല. തങ്ങളുടെ വ്യക്തിത്വം നഷ്ടപ്പെട്ട് ഇത്തരത്തില്‍ സാമൂഹികമായി വേര്‍പെടുത്തപ്പെട്ട് കഴിയുന്ന സ്ത്രീത്വമല്ല ഫ്രഞ്ച് റിപ്പബ്ലിക്കില്‍ സ്ത്രീകളുടെ അന്തസ്സിനെ കുറിച്ചുള്ള സങ്കല്‍പ്പം എന്നും ഫ്രഞ്ച് പ്രസിഡണ്ട് അറിയിച്ചു. മതത്തിന്റെ പേരില്‍ ഇത്തരത്തില്‍ സ്ത്രീകളെ താഴ്ത്തിക്കെട്ടുന്ന ഈ ഏര്‍പ്പാട് ഫ്രഞ്ച് മണ്ണില്‍ സ്വാഗതം ചെയ്യില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സ്ത്രീ വിമോചനം