കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വ്യാപകമായ തിരിമറി കാണിച്ചു നാല്‍പ്പതോളം മേയര്‍ സ്ഥാനങ്ങളില്‍ തന്റെ ആളുകളെ കുടിയിരുത്തി എന്ന ആരോപണത്തിനു വിധേയനായ നിക്കരാഗ്വന്‍ പ്രസിഡണ്ട് ഡാനിയല്‍ ഒര്‍ട്ടേഗ തനിക്കെതിരെ വാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമങ്ങളേയും ആക്രമിക്കുന്നു. കഴിഞ്ഞ ദിവസം പ്രതിപക്ഷ ചായ്‌വുള്ള ഒരു റേഡിയോ സ്റ്റേഷനില്‍ സായുധരായ ആളുകള്‍ അതിക്രമിച്ചു കയറുകയും സ്റ്റേഷനിലെ ഉപകരണങ്ങള്‍ എടുത്തു കൊണ്ടു പോകുകയും ചെയ്തു. സര്‍ക്കാരിനെതിരെ ഉണ്ടായിരുന്ന ഒരേ ഒരു ശബ്ദം കൂടി ഇതോടെ നിലച്ചതായി റേഡിയോ സ്റ്റേഷന്‍ ഉടമ പറയുന്നു.
പ്രസിഡണ്ട് ഡാനിയല്‍ ഒര്‍ട്ടേഗയുടെ തെരഞ്ഞെടുപ്പ് തിരിമറികളെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും നിക്കരാഗ്വക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തി വെച്ചിട്ടുണ്ട്. ഐ.എം.എഫ്. പദ്ധതികളും മരവിപ്പിക്കുന്നതോടെ നിക്കരാഗ്വ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആകും എന്നാണ് സൂചന.
- ജെ.എസ്.