ഇസ്ലാമാബാദ് : പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റന്‍ പാക്കിസ്ഥാനുമായി വിവിധ വിഷയങ്ങളില്‍ ഉന്നത തല ചര്‍ച്ചകള്‍ ആരംഭിച്ചു. രാജ്യത്തെ ജല വിഭവ, ഊര്‍ജ്ജ, ആരോഗ്യ മേഖലകളില്‍ സമഗ്രമായ വികസനം ലക്ഷ്യമാക്കിയുള്ള ഒട്ടേറെ പദ്ധതികളാണ് അമേരിക്ക നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഏഴര ബില്യന്‍ ഡോളര്‍ വരും ഈ സാമ്പത്തിക സഹായ പാക്കേജ്. താലിബാന്‍, അല്‍ ഖായിദ ഭീകരരെ നേരിടാന്‍ മാത്രമല്ല, സാധാരണക്കാരായ പാക്കിസ്ഥാനി പൌരന്മാരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും അമേരിക്ക പ്രതിജ്ഞാ ബദ്ധമാണ് എന്ന് തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ സഹായ പദ്ധതികള്‍.
അമേരിക്കയ്ക്ക് പാക്കിസ്ഥാനില്‍ സൈനിക താല്‍പര്യങ്ങള്‍ മാത്രമേയുള്ളൂ എന്നാണു പാക്കിസ്ഥാനിലെ ഭൂരിപക്ഷത്തിന്റെയും ധാരണ. എന്നാല്‍ ഇത് തങ്ങളുടെ കൂട്ടുകെട്ടിന്റെ ഒരു ചെറിയ അംശം മാത്രമാണ്. “ദൈവ ദത്തമായ” അനുഗ്രഹങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി സുരക്ഷിതവും, ആരോഗ്യപൂര്‍ണവും, ഉല്‍പ്പാദനക്ഷമവും, സമൂഹ നന്മ ലക്ഷ്യമാക്കിയുമുള്ള ജീവിതം ഓരോ പാക്കിസ്ഥാനി പൌരനും നയിക്കണമെന്നാണ് പാക്കിസ്ഥാന്‍ സര്‍ക്കാരിനോടൊപ്പം അമേരിക്കയുടെയും ആഗ്രഹം എന്ന് ക്ലിന്റന്‍ പ്രസ്താവിച്ചു.
അമേരിക്കയ്ക്കെതിരെ പാക്കിസ്ഥാനില്‍ ഉയര്‍ന്നു വരുന്ന എതിര്‍പ്പിന്റെ ശബ്ദങ്ങളെ അമേരിക്ക ഗൌരവമായി തന്നെയാണ് കാണുന്നത്. അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ സൈനിക താല്‍പര്യങ്ങളില്‍ പാക്കിസ്ഥാന്റെ സഹകരണം ഉറപ്പു വരുത്താനുള്ള പെന്റഗണിന്റെ ലക്‌ഷ്യം നടപ്പിലാക്കുകയാണ് ഈ നീക്കത്തിലൂടെ ഹില്ലരി.
എന്നാല്‍ ചരിത്രപരമായി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീകരരുമായി നല്ല ബന്ധമാണ് പാക്കിസ്ഥാന് ഉള്ളത്. അമേരിക്ക അടക്കമുള്ള അന്താരാഷ്‌ട്ര സൈനിക സാന്നിധ്യം അഫ്ഗാനിസ്ഥാനില്‍ നിന്നും ഒഴിഞ്ഞു പോയാല്‍ തുടര്‍ന്നും അഫ്ഗാനിസ്ഥാനുമായി നല്ല ബന്ധം തുടരണമെങ്കില്‍ താലിബാന്റെ സഹായം പാക്കിസ്ഥാന് അത്യന്താപേക്ഷിതമാണ്. ഇത് നന്നായി അറിയാവുന്നതിനാലാണ് പാക്കിസ്ഥാന്‍ സൈനിക നേതൃത്വം താലിബാന്‍ ഭീകരര്‍ക്കെതിരെയുള അമേരിക്കന്‍ നീക്കങ്ങളില്‍ വേണ്ടവിധം സഹകരിക്കാത്തത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക