ഗാസ : ഗാസയില്‍ ഇനി പൊതു സ്ഥലങ്ങളില്‍ വെച്ച് സ്ത്രീകള്‍ക്ക് പുകവലിക്കാനാവില്ല. വിവാഹ ബന്ധങ്ങള്‍ക്ക് വരെ ദോഷം ചെയ്യുന്ന ഈ ഏര്‍പ്പാട് പലസ്തീന്‍ വനിതകളുടെ പ്രതിച്ഛായക്ക് നല്ലതല്ല എന്നാണു ഗാസ ഭരിക്കുന്ന ഹമാസിന്റെ നിലപാട്. ഉപരോധം മൂലം ദുരിതം അനുഭവിക്കുന്ന ഗാസയിലെ ജനതയ്ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഹമാസിന്റെ ഏറ്റവും പുതിയ നടപടിയാണിത്. സാങ്കേതികമായി ഇസ്ലാം മതം സ്ത്രീകളെ പുകവലിക്കുന്നതില്‍ നിന്നും വിലക്കുന്നില്ലെങ്കിലും സ്ത്രീകള്‍ പൊതു സ്ഥലങ്ങളില്‍ ഇരുന്നു പുകവലിക്കുന്നതിനോട് പൊതുവേ യാഥാസ്ഥിതികര്‍ക്ക് വിയോജിപ്പാണുള്ളത്. ഹമാസ് ഗാസയിലെ യാഥാസ്ഥിതിക പാരമ്പര്യം പലപ്പോഴും ഇസ്ലാമിക നിയമവുമായി ഇടകലര്‍ത്തി നിര്‍വചിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമായി ഈ പുകവലി നിരോധനം ചൂണ്ടിക്കാണിക്കപ്പെടുന്നു.
പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്ന സ്ത്രീകളില്‍ പലരെയും അവരുടെ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിക്കുന്നതായി തങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് എന്ന് പോലീസ് വക്താവ് അറിയിച്ചു. പ്രത്യേകിച്ച് മുന്നറിയിപ്പ് ഒന്നുമില്ലാതെയാണ് പോലീസ് പുകവലി നിരോധനം നടപ്പിലാക്കിയത്. കഴിഞ്ഞ ദിവസം കോഫി ഷോപ്പുകളും ഹുക്ക വലി കേന്ദ്രങ്ങളും നിറഞ്ഞ തെരുവില്‍ പൊടുന്നനെ പ്രത്യക്ഷപ്പെട്ട പോലീസ് സംഘം കോഫി ഷോപ്പ് ഉടമകള്‍ക്ക് നിരോധനാജ്ഞ കൈമാറുകയായിരുന്നു. ഹുക്ക വലിക്കെതിരെ സമ്പൂര്‍ണ്ണ നിരോധനമാണെന്നു കരുതി പരിഭ്രാന്തരായ കടയുടമകളെ ആശ്വസിപ്പിച്ചു കൊണ്ട് ഉടന്‍ അധികൃതര്‍ വിശദീകരണം നല്‍കി – പുകവലി വിലക്ക് സ്ത്രീകള്‍ക്ക് മാത്രമേയുള്ളൂ. നിരോധനം നടപ്പിലായതോടെ ഇനി മുതല്‍ ഗാസയിലെ കടയുടമകള്‍ക്ക് സ്ത്രീകള്‍ക്ക് ഹുക്ക നല്‍കാന്‍ ആവില്ല.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, മനുഷ്യാവകാശം, സ്ത്രീ വിമോചനം