വേനല്‍ അവധി കഴിഞ്ഞു വിദ്യാലയങ്ങള്‍ തുറക്കാറായി. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇന്ത്യയില്‍ നിന്നും മടങ്ങി ഗള്‍ഫിലേക്ക് എത്തുന്നത്. ലോകത്തെല്ലായിടത്തും പന്നി പനി പടര്‍ന്നു പിടിക്കുകയാണ്. ഇന്ത്യയില്‍ പനി ആയിരത്തിലേറെ പേരെ പിടി കൂടി കഴിഞ്ഞു. 19 പേര്‍ മരണത്തിനു കീഴടങ്ങി. വേനല്‍ അവധി കഴിഞ്ഞു ഗള്‍ഫിലേക്ക് ലക്ഷങ്ങള്‍ മടങ്ങുമ്പോള്‍ ഇവരില്‍ പലരും വയറസിന്റെ വാഹകരാവാം എന്ന സാധ്യത തള്ളി കളയാന്‍ ആവില്ല. കഴിഞ്ഞ വര്‍ഷം വേനല്‍ അവധി കഴിഞ്ഞ് പലരും ചിക്കുന്‍ ഗുനിയയുമായി ആയിരുന്നു തിരികെ വന്നത്. എന്നാല്‍ ഇതിനേക്കാള്‍ ഭീതിദമാണ് പന്നി പനി എന്ന് ഇത് പകരുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പനി ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ദിവസങ്ങള്‍ കൊണ്ടാണ് ഇത് ലോകമെമ്പാടും പകര്‍ന്നത്.
ഒരു ശീതീകരിച്ച, അടച്ച മുറിക്കുള്ളില്‍ നാല്‍പ്പതോളം കുട്ടികള്‍ തിക്കി തിരക്കി ഇരിക്കുന്ന സാഹചര്യമാണ് ഗള്‍ഫിലെ സ്കൂളുകളില്‍. ഇവരുടെ വിയര്‍പ്പിന്റെ ഗന്ധം പോലും ഈ ക്ലാസ് മുറികളെ ദുഃസ്സഹമാക്കുന്നു എന്നാണ് അധ്യാപകര്‍ പോലും പറയുന്നത്. ഈ മുറികളിലേക്കാവും പന്നി പനിയുടെ വയറസും പേറി കുട്ടികള്‍ അവധി കഴിഞ്ഞ് മടങ്ങി വരുന്നത്. ഈ അടച്ച മുറികളില്‍ വയറസ് പകര്‍ച്ച തടയുക അസാധ്യമാവും എന്നത് വളരെ ഏറെ അപകടം പിടിച്ച ഒരു സ്ഥിതി വിശേഷമാണ് കാഴ്ച വെക്കുന്നത്.
പന്നി പനി മൂലം മസ്ക്കറ്റിലെ ഇന്ത്യന്‍ സ്ക്കൂള്‍ ഓഗസ്റ്റ് 22 വരെ അടച്ചിടുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഇവിടെ ഒരു കുട്ടി പനി മൂലം മരണമടഞ്ഞു എന്നാണ് ഇവിടെ നിന്നും ഉള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പനി ഭീതി വളര്‍ത്താതിരിക്കാന്‍ വേണ്ടിയാവാം അധികൃതര്‍ മൌനം പാലിക്കുന്നത്. എന്നാല്‍ ഇന്ത്യയും മറ്റ് രാജ്യങ്ങളും പനിയെ നേരിട്ടത് വ്യാപകമായ ബോധവല്‍ക്കരണത്തിലൂടെയും വസ്തുതകള്‍ പൊതു ജനത്തിനു മുന്‍പില്‍ പരസ്യമായി വെളിപ്പെടുത്തിയും ആണ്. ഇന്ത്യയില്‍ മൂന്നില്‍ ഒന്നു പേര്‍ക്ക് പന്നി പനി ബാധിക്കാന്‍ സാധ്യത ഉണ്ടെന്ന് ഇന്ത്യന്‍ ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസമാണ് പ്രസ്താവിച്ചത്.
പനി ഇവിടെയും ഒരു യാഥാര്‍ത്ഥ്യം ആണെന്ന് എല്ലാവരും മനസ്സിലാക്കി അത് പടരുന്നതിന് എതിരെ ആവശ്യമായ മുന്‍ കരുതലുകള്‍ എടുക്കുക തന്നെ വേണം. ഇതിന് പൊതുജനം അധികൃതരുമായി പരമാവധി സഹകരിക്കുകയും ഈ പ്രവര്‍ത്തനം ഒരു കൂട്ടായ സംരംഭമായി ഏറ്റെടുക്കുകയും വേണം. ഇത് നില നില്‍പ്പിന്റെ തന്നെ പ്രശ്നമാണ് എന്ന ബോധം ഒരോരുത്തര്‍ക്കും ആവശ്യമാണ്. ഇത്തരം ഒരു കൂട്ടായ പ്രവര്‍ത്തനം ഇവിടങ്ങളില്‍ നിലവില്‍ ഇല്ലാത്തതാണ്. പ്രവാസി സംഘടനകളേയും കൂട്ടായ്മകളേയും പങ്കാളികളാക്കി, ഇത്‍ സാഹചര്യത്തിന്റെ ആവശ്യമായി അംഗീകരിച്ച്, ഇത്തരം പ്രവര്‍ത്തനത്തിന് അധികൃതരും തയ്യാറായേ മതിയാകൂ.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കുട്ടികള്‍, പ്രവാസി