104 യാത്രക്കാര്‍ അടങ്ങിയ എയറോ മെക്സിക്കോ ബോയിംഗ് 737 വിമാനം മെക്സിക്കോ സിറ്റി വിമാന താവളത്തില്‍ റാഞ്ചികള്‍ കൈവശപ്പെടുത്തി. വിമാന താവളത്തില്‍ യാത്രയ്ക്കായി എത്തിയ മെക്സിക്കന്‍ പ്രസിഡണ്ട് ഫെലിപ് കാല്‍ഡെറോണുമായി കൂടിക്കാഴ്‌ച്ച നടത്തണം എന്നതാണ് റാഞ്ചികളുടെ ആവശ്യം. കാങ്കനില്‍ നിന്നും ഇന്നലെ ഉച്ചയ്ക്ക് 1:40ന് എത്തിയതായിരുന്നു വിമാനം. ഏറെ നേരം ഉദ്വേഗ ജനകമായ രംഗങ്ങള്‍ സൃഷ്ടിച്ചതിനു ശേഷം വിമാനം വിമാന താവളത്തിന്റെ ഒരു വിദൂരമായ മൂലയിലേക്ക് നീക്കി മാറ്റി. ഏതാനും യാത്രക്കാരെ റാഞ്ചികള്‍ വിട്ടയച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രസിഡണ്ടുമായി സംസാരിക്കുവാന്‍ അനുവദിച്ചില്ലെങ്കില്‍ വിമാനം തകര്‍ക്കുമെന്ന് റാഞ്ചികള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ബോളീവിയന്‍ പൌരന്മാരായ മൂന്ന് പേരാണ് വിമാനം റാഞ്ചിയത് എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
- ജെ.എസ്.