വന്‍ രാഷ്ട്രങ്ങളെ ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിലേയ്ക്ക് ഇനിയും കൊണ്ടു വരുന്നത് സമിതിയുടെ സന്തുലിതാ വസ്ഥയ്ക്ക് ദോഷം ചെയ്യും എന്ന് ലിബിയന്‍ നേതാവ് ഗദ്ദാഫി പ്രസ്താവിച്ചു. സമിതിയിലെ അംഗ രാജ്യങ്ങള്‍ക്കിടയില്‍ തുല്യത ആവശ്യമാണ്. ഇന്ത്യ അംഗമായാല്‍ ഇന്ത്യയെ പോലെ ആണവ രാഷ്ട്രമായ പാക്കിസ്ഥാനും അംഗത്വം നല്‍കേണ്ടി വരും. ഇറ്റലി, ജര്‍മ്മനി, ഇന്‍ഡോനേഷ്യ, ഫിലിപ്പൈന്‍സ്, ജപ്പാന്‍, അര്‍ജന്റീന, ബ്രസീല്‍ എന്നിങ്ങനെ മറ്റു രാജ്യങ്ങളേയും പരിഗണിയ്ക്കേണ്ടി വരും. ഇങ്ങനെ വന്‍ ശക്തികളുടെ തിക്കിലും തിരക്കിലും പെട്ടു ചെറു രാഷ്ട്രങ്ങള്‍ ഞെരുങ്ങി പോവും. ഇതിനാല്‍ സുരക്ഷാ സമിതിയില്‍ കൂടുതല്‍ സീറ്റുകള്‍ എന്ന ആവശ്യം തങ്ങള്‍ നിരാകരിയ്ക്കുന്നു.
ഇന്ത്യയ്ക്ക് നേരെ ഗദ്ദാഫിയില്‍ നിന്നും പിന്നേയും ആക്രമണമുണ്ടായി. ഇന്ത്യയുടെ അവിഭാജ്യ ഘടകമായ കാശ്മീര്‍ ഇന്ത്യയില്‍ നിന്നും അടര്‍ത്തി പാക്കിസ്ഥാനും ഇന്ത്യയ്ക്കും അവകാശമില്ലാതെ ഒരു സ്വതന്ത്ര രാഷ്ട്രമായി മാറ്റണം എന്നായിരുന്നു ഗദ്ദാഫിയുടെ നിര്‍ദ്ദേശം.
കഴിഞ്ഞ വര്‍ഷം മുതല്‍ സുരക്ഷാ കൌണ്‍സിലിന്റെ പ്രസിഡണ്ട് സ്ഥാനമുള്ള ലിബിയയുടെ നേതാവ് സുരക്ഷാ കൌണ്‍സില്‍ ഒരു ഭീകര കൌണ്‍സിലാണ് എന്ന് പരിഹസിച്ചു. ശതാബ്ദങ്ങളായി ആഫ്രിക്കന്‍ രാജ്യങ്ങളെ തങ്ങളുടെ കോളനികളായി സൂക്ഷിച്ച വന്‍ ശക്തികള്‍ 7.77 ട്രില്യണ്‍ ഡോളര്‍ ഈ രാജ്യങ്ങള്‍ക്ക് നഷ്ട പരിഹാരമായി നല്‍കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐക്യ രാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയെ അഭിമുഖീകരിച്ചുള്ള തന്റെ ആദ്യ പ്രസംഗത്തിലാണ് ഗദ്ദാഫി ഈ പ്രസ്താവനകള്‍ നടത്തിയത്. അമേരിയ്ക്കയിലേയ്ക്കുള്ള തന്റെ ആദ്യ സന്ദര്‍ശനമായിരുന്നു ഗദ്ദാഫിയുടേത്. തനിയ്ക്ക് അനുവദിച്ച 15 മിനിട്ടിനു പകരം ഒന്നര മണിയ്ക്കൂറോളം നീണ്ടു നിന്നു ഗദ്ദാഫിയുടെ പ്രസംഗം. അമേരിയ്ക്കയെ നിശിതമായി വിമര്‍ശിച്ച ഗദ്ദാഫി, പന്നിപ്പനി പോലും സൈനിക തന്ത്രത്തിന്റെ ഭാഗമായി രൂപകല്‍പ്പന ചെയ്തതാണ് എന്ന് ആരോപിച്ചു.
- ജെ.എസ്.