ടെഹ്‌റാന്‍ : ഇറാന്റെ സമ്പദ് വ്യവസ്ഥയെ ഒറ്റപ്പെടുത്തി തങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള പാശ്ചാത്യ ലോകത്തിന്റെ തന്ത്രം വിലപ്പോവില്ല എന്ന് ഇറാന്‍ വ്യക്തമാക്കി. ഇന്നലെ പാശ്ചാത്യ രാജ്യങ്ങള്‍ ഇറാന് എതിരെ പ്രഖ്യാപിച്ച പുതിയ സാമ്പത്തിക ഉപരോധങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഇറാന്‍. അമേരിക്ക, ബ്രിട്ടന്‍, കാനഡ എന്നീ രാജ്യങ്ങള്‍ ഇന്നലെ ഇറാനെതിരെ പുതിയ സാമ്പത്തിക ഉപരോധങ്ങളും ഫ്രാന്‍സ് “ചില പുതിയ” ഉപരോധങ്ങളുമാണ് പ്രഖ്യാപിച്ചത്. ഇറാന്റെ സെന്‍ട്രല്‍ ബാങ്ക് സ്വത്തുക്കള്‍ മരവിപ്പിക്കുകയും എണ്ണ വില്‍പ്പന നിര്‍ത്തി വെയ്ക്കുകയും അടങ്ങുന്ന നടപടികളാണ് പുതിയ ഉപരോധത്തില്‍ ഉള്‍പ്പെടുക.
ആണവ പദ്ധതികള്‍ നിര്‍ത്തി വെയ്ക്കണം എന്നാണ് ഉപരോധം ഏര്‍പ്പെടുത്തുന്നവരുടെ ആവശ്യം.
ഇത്തരം നടപടികള്‍ക്ക് മറ്റു രാജ്യങ്ങളുമായുള്ള ഇറാന്റെ സാമ്പത്തിക ബന്ധങ്ങളെയും വ്യാപാരത്തെയും ഒരു തരത്തിലും സ്വാധീനിക്കാന്‍ കഴിയില്ല എന്നാണ് ഇതേ സംബന്ധിച്ച് ഇറാന്‍ പറയുന്നത്.
- ജെ.എസ്.