ടെഹ്‌റാന്‍ : ഐക്യരാഷ്ട്ര സഭയുടെ ആണവ സംഘം ഇറാനില്‍ എത്തി. ഇറാന്‍ ആണവ ആയുധങ്ങള്‍ നിര്‍മ്മിക്കുവാനുള്ള ശ്രമത്തിലാണ് എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഈ സംഘത്തിന്റെ സന്ദര്‍ശനം. അന്താരാഷ്‌ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ നേതൃത്വത്തില്‍ എത്തിയ സംഘത്തില്‍ ഫ്രാന്‍സില്‍ നിന്നും ദക്ഷിണ ആഫ്രിക്കയില്‍ നിന്നുമുള്ള രണ്ട് മുതിര്‍ന്ന ആണവായുധ വിദഗ്ദ്ധരും ഉള്‍പ്പെടുന്നു. ഇറാനിലെ ആണവ ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്‌ചകള്‍ നടത്തുക, രേഖകള്‍ പരിശോധിക്കുക, വിവിധ വിഷയങ്ങളില്‍ ഇറാന്‍ അധികൃതരുടെ ഉറപ്പുകള്‍ സമ്പാദിക്കുക എന്നിങ്ങനെ ഒട്ടേറെ ലക്ഷ്യങ്ങളാണ് സംഘത്തിന്റെ മുന്‍പില്‍ ഉള്ളത്. എന്നാല്‍ തങ്ങള്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നു എന്നത് കെട്ടിച്ചമച്ച രേഖകളുടെ അടിസ്ഥാനത്തില്‍ പാശ്ചാത്യ രാഷ്ട്രങ്ങള്‍ നടത്തുന്ന കുപ്രചരണം മാത്രമാണ് എന്നും അതിനാല്‍ തന്നെ ഈ വിഷയത്തില്‍ എന്തെങ്കിലും ചര്‍ച്ച നടത്തേണ്ട കാര്യമില്ല എന്നുമുള്ള ഇറാന്റെ നയം ആയിരിക്കും സംഘത്തിന്റെ ഏറ്റവും വലിയ തലവേദന.
- ജെ.എസ്.