കരാക്കസ്: ഇറാന് മേല്‍ ശക്തമായ ഉപരോധങ്ങള്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനുകളും കൊണ്ടുവന്ന സാഹചര്യത്തില്‍ ഇറാന്‍ ജനതയ്ക്ക് എല്ലാ വിധ പിന്തുണയും നല്‍കുന്നതായി വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് പറഞ്ഞു. സാമ്രാജ്യത്വം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയാണെന്നും ഇതിനെതിരെ ഇറാന്‍ ജനതയുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലാറ്റിനമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഇറാന്‍ പ്രസിഡന്റ് അഹമദി നജാദുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്റെ ആണവപരിപാടികള്‍ ലോകഭീഷണിയാണെന്ന അമേരിക്കയുടെ കുറ്റപ്പെടുത്തലുകളെ ഇരുനേതാക്കളും തള്ളിക്കളഞ്ഞു. ഇറാന്‍ ആണവായുധം സ്വായത്തമാക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ഉന്നയിച്ച അമേരിക്ക ഇതേ നുണ പറഞ്ഞു കൊണ്ടാണ് ഇറാഖില്‍ അധിനിവേശം നടത്തിയതെന്നും ഇറാഖ് പ്രസിഡന്റ് നെജാദ് ഓര്‍മ്മപ്പെടുത്തി. വികസനത്തിലേക്ക് കുതിക്കുന്ന ഇറാന്റെ മുന്നേറ്റമാണ് അമേരിക്കയെ ചൊടിപ്പിച്ചതെന്നും നെജാദ് കുറ്റപ്പെടുത്തി. എന്നാല്‍ ആരുടെ കൈവശമാണ് ബോംബുകള്‍ യഥേഷ്ടം ഉള്ളതെന്ന് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് വ്യക്തമായി അറിയാം. ഇറാനും വെനിസ്വേലയും സമാധാനം ആഗ്രഹിക്കുന്ന രാജ്യങ്ങളാണെന്ന് കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും അഭിപ്രായപ്പെട്ടു
- ന്യൂസ് ഡെസ്ക്