ജെനീവ: ആയിരക്കണക്കിന് കേരള ജനതയ്ക്ക് തീരാ ദുരിതങ്ങള്‍ സമ്മാനിച്ച എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ചൂട് പിടിച്ച ചര്‍ച്ചയ്ക്ക് സ്റ്റോക്ക്‌ഹോം കണ്‍വന്‍ഷന്‍ സാക്ഷിയായി. മനുഷ്യനും പ്രകൃതിക്കും മാരകമാവുന്ന ഈ വിഷത്തെ അന്താരാഷ്‌ട്ര തലത്തില്‍ നിരോധിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നതിനായി ജനീവയില്‍ ഒത്തുകൂടിയ സമ്മേളനത്തില്‍ ഈ മാരക കീടനാശിനിയെ പിന്താങ്ങുന്നതിലൂടെ അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യ ഒറ്റപ്പെട്ടു. അര്‍ജന്റീന, ജപ്പാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ദക്ഷിണ കൊറിയ തുടങ്ങിയവയും ഏതാനും ആഫ്രിക്കന്‍ രാജ്യങ്ങളും നിരോധനത്തെ അനുകൂലിക്കുകയാണ്. ചൈനയും നിരോധനത്തെ എതിര്‍ക്കുമെന്നാണു പ്രതീക്ഷിച്ചിരുന്നതെങ്കിലും അവസാന നിമിഷം അവര്‍ കാലുമാറി. ഇത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. മൊത്തം 173 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഈ സമ്മേളനത്തില്‍ വോട്ടെടുപ്പിലൂടെ പ്രശ്നം പരിഹരിച്ചാല്‍ അതിലും ഇന്ത്യ പരാജയപ്പെടും. കാരണം വിരലില്‍ എണ്ണാവുന്നവ രാജ്യങ്ങള്‍ മാത്രമേ എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ എതിര്‍ക്കുന്നുള്ളൂ. വെള്ളിയാഴ്‌ച ആയിരിക്കും വോട്ടെടുപ്പ് എന്ന് പറയപ്പെടുന്നു.
എന്‍ഡോസള്‍ഫാന്റെ ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് തെളിവുകള്‍ ഇല്ലെന്നാണ് ഇന്ത്യയുടെ വാദം. എന്‍ഡോസള്‍ഫാന്‍ ഒഴിവാക്കാനാവാത്ത കീടനാശിനിയാണെന്നു ഇന്ത്യ പറയുന്നു. എന്‍ഡോസള്‍ഫാന് പകരമായി പുതിയൊരു കീടനാശിനി കണ്ടെത്തുക അസാധ്യമാണെന്നും അഥവാ കണ്ടെത്തിയാല്‍ തന്നെ അതിന്റെ പ്രയോഗ രീതികളെക്കുറിച്ച് കര്‍ഷകരെ ബോധവത്‌കരിക്കുക പ്രായോഗികമല്ല എന്നാണ് മറ്റൊരു വാദം. എന്നാല്‍ ഇന്ത്യ അടക്കമുള്ള പല ഏഷ്യന്‍ രാജ്യങ്ങളിലും ലാറ്റിന്‍ അമേരിക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും എന്‍ഡോസള്‍ഫാന്‍ ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ ഇന്ത്യയുടെ ഈ വാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. ശാസ്‌ത്രീയ വസ്‌തുതകള്‍ മറച്ചു വച്ചുകൊണ്ടുള്ള ഇന്ത്യയുടെ ഈ പ്രകടനം തെറ്റായ കീഴ്‌വഴക്കമാവുമെന്ന് അന്താരാഷ്‌ട്ര നിരീക്ഷകര്‍ പറയുന്നു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ദുരന്തം, പരിസ്ഥിതി, പ്രതിഷേധം, മനുഷ്യാവകാശം