ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് നേരെ നടന്ന ആക്രമണത്തിന് പുറകില്‍ ഇസ്രായേല്‍ തന്നെയാണ് എന്ന് ഇറാന്‍ ആരോപിച്ചു. ഇറാനുമായി സൗഹൃദം പുലര്‍ത്തുന്ന രാഷ്ട്രങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത് ഇസ്രയേലിന്റെ തന്ത്രമാണ്. ആക്രമണങ്ങള്‍ നടത്തുന്നത് ഇറാനാണ് എന്ന് ആരോപിച്ച് ഈ രാഷ്ട്രങ്ങളുമായുള്ള ഇറാന്റെ സൗഹൃദം തകര്‍ക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. മാത്രവുമല്ല, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇറാനുമായി മനശാസ്ത്രപരമായി യുദ്ധം നടത്താനുള്ള തയ്യാറെടുപ്പ് കൂടി നടത്തുകയാണ് ഇസ്രായേല്‍ എന്നും ഇറാന്റെ വിദേശ കാര്യ വക്താവ് അറിയിച്ചു.
ഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയിലെ ഇസ്രയേലി എംബസിക്ക് പുറത്ത് നടന്ന ബോംബ് ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇസ്രയേലി എംബസിയുടെ കാറിലാണ് ബോംബ് സ്ഫോടനം നടന്നത്. ഒരു നയതന്ത്ര ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് സാരമായ പരിക്കുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ആക്രമണത്തിന് പുറകില്‍ ഇറാന്‍ ആണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചിരുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇറാന്‍, ഇസ്രായേല്‍, തീവ്രവാദം, ദേശീയ സുരക്ഷ, യുദ്ധം