വര്‍ണ്ണങ്ങള്‍ കൊണ്ട് അത്ഭുതം സൃഷ്ടിക്കുകയും ജീവിതം തന്നെ വിസ്മയകരമാക്കുകയും ചെയ്ത അപൂര്‍വ്വം പേരെ ലോകത്തുണ്ടായിട്ടുള്ളൂ. അത്തരത്തില്‍ വിൻസന്റ് വാൻഗോഗ് എന്ന ഡച്ച് ചിത്രകാരന്റെ വരയും ജീവിതവും ഒരു അത്ഭുതമായിരുന്നു. ഈ മഹാനായ കലാകാരന്‍ നമ്മെ വിട്ടു പോയിട്ട് 122 വര്‍ഷങ്ങള്‍ പിന്നിട്ടു. ആരാലും തിരിച്ചറിയപ്പെടാതെ പോയ ഈ ചിത്രകാരന്‍ പില്‍കാലത്ത് ലോകത്ത് തന്നെ ഏറ്റവും പ്രഗത്ഭനായ ചിത്രകാരനായി മാറുകയായിരുന്നു.
വാൻഗോഗ് ചിത്രങ്ങളുടെ വൈകാരികതയും വർണ വൈവിദ്ധ്യവും ഇരുപതാം നൂറ്റാണ്ടിലെ പാശ്ചാത്യ കലയിൽ നിർണായക സ്വാധീനം ചെലുത്തി. തന്റെ ജീവിത കാലത്ത് കഠിനമായ ഉത്കണ്ഠയും മാനസിക അസ്വാസ്ഥ്യങ്ങളും വാൻഗോഗിനെ വേട്ടയാടി. ചിത്ര രചനയ്ക്കായ് തന്റെ ഈസലും തോളിലേറ്റി ഖനികളിലും ഗോതമ്പു വയലുകളിലും അലഞ്ഞു നടന്ന അദ്ദേഹത്തെ ഒരു ഭ്രാന്തനായായാണ് അന്നുള്ളവര്‍ കണ്ടിരുന്നത്. വാൻഗോഗ് തന്റെ ചെവിയുടെ ഒരു ഭാഗം മുറിച്ച് ഒരു വേശ്യക്ക് അയച്ചു കൊടുത്തു. അതോടെ മാനസിക രോഗങ്ങൾ കൂടിയ വാൻഗോഗിനെ ഒരു ഭ്രാന്താലയത്തിൽ പ്രവേശിപ്പിക്കേണ്ടി വന്നു.
അദ്ദേഹത്തിന്റെ സഹോദരന്‍ തിയോ മാത്രമാണ് വാന്‍ഗോഗിന്റെ ചിത്ര രചനയ്ക്ക് പ്രോത്സാഹനം നല്‍കിയത്. തിയോവും വാന്‍ഗോഗും തമ്മില്‍ നടത്തിയ കത്തിടപാടുകള്‍ പില്‍കാലത്ത് പ്രസിദ്ധീകരിച്ചപ്പോള്‍ ലോകം മുഴുവന്‍ അത് സ്വീകരിക്കപ്പെട്ടു. പോൾ ഗോഗിൻ എന്ന ചിത്രകാരനുമൊത്ത് വാൻഗോഗിനുണ്ടായിരുന്ന സൗഹൃദം വളരെ ആഴമേറിയതായിരുന്നു. ഈ രണ്ടു പ്രഗല്‍ഭരായ കലാകാരന്‍മാരുടെ ഒത്തുചേരല്‍ പ്രശസ്തമാണ്. അവര്‍ തമ്മിലുള്ള ആത്മബന്ധം അത്രയ്ക്ക് വലുതായിരുന്നു.
പോസ്റ്റ് ഇംപ്രഷണിസം ചിത്രകലയില്‍ കൊണ്ടു വന്ന ഈ മഹാനായ ചിത്രകാരന്‍ വരച്ച ദി പോട്ടാറ്റൊ ഈറ്റേഴ്സ്, സൺഫ്ലവർ, ദി സ്റ്റാറി നൈറ്റ്, ഐറിസസ്, അവസാന കാലത്ത് വരച്ച ഭ്രാന്താലയത്തിലെ ഡോക്ടർ ഗാചെറ്റ് , ഒരു കർഷകന്റെ ഛായാചിത്രം, മൾബറി മരം, ഗോതമ്പ് വയല്‍ എന്നീ ചിത്രങ്ങള്‍ വളരെ പ്രശസ്തമാണ്.
1890 ജൂലൈ 30ന് തന്റെ 37 ആമത്തെ വയസ്സിൽ തോക്കു കൊണ്ട് സ്വയം വെടി വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
വിൻസന്റ് വാൻഗോഗിന്റെ ജീവിതത്തെ ആസ്പദമാക്കി ഇര്‍വിംഗ് സ്റ്റോണ്‍ എഴുതിയ ‘ജീവിതാസക്തി’ (Lust for life) എന്ന നോവല്‍ അതേ പേരില്‍ വിന്സെന്റ് മിന്നെല്ലി സിനിമയാക്കിയിട്ടുണ്ട്. കിര്‍ക്ക് ഡഗ്ലസാണ് അതില്‍ വാന്‍ഗോഗിന്റെ വേഷം ചെയ്തിരിക്കുന്നത്. ഇതേ ചിത്രത്തില്‍ പോള്‍ ഗോഗിന്റെ വേഷം ചെയ്ത ആന്റണി ക്വീന്‍ ഓസ്കാര്‍ പുരസ്കാരം നേടിയിരുന്നു. കൂടാതെ വിഖ്യാത സംവിധായകന്‍ അകിര കുറോസോവയുടെ ‘ഡ്രീംസ് ‘ എന്ന ചിത്രത്തിലും ഒരു സ്വപ്നം വാന്‍ഗോഗിന്റെ ജീവിതമാണ്. ഇങ്ങനെ മരണാന്തരം ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുകയും, പ്രതിപാദിക്കപ്പെടുകയും, ഇപ്പോഴും ഒരുപാടു പേരെ സ്വാധീനിക്കുകയും ചെയ്ത കലാകാരനാണ് വിൻസന്റ് വാൻഗോഗ്.
താരതമ്യേന അപ്രശസ്തനായി ആത്മഹത്യ ചെയ്ത വാൻഗോഗിന്റെ പ്രശസ്തി മരണ ശേഷം നാൾക്കു നാൾ വർദ്ധിച്ചു വരികയായോരുന്നു. ലോകത്തേറ്റവും തിരിച്ചറിയപ്പെടുന്നതും വിലയേറിയവയും ആണ് ഇന്ന് വാൻഗോഗ് ചിത്രങ്ങൾ.
- ഫൈസല്‍ ബാവ