ബെയ്ജിങ് : വെള്ളിയാഴ്ച്ച നടന്ന ഇരട്ട ഭൂകമ്പത്തിൽ തെക്ക് പടിഞ്ഞാറൻ ചൈനയിൽ 80ലേറെ പേർ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് വീടുകൾ തകർന്നു. മലയോര പ്രദേശമായ ഇവിടെ മലകളിൽ നിന്നും വൻ പാറകൾ വീടുകൾക്ക് മേൽ ഉരുണ്ടു വന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു ലക്ഷത്തോളം പേരെ ഇവിടെ നിന്നും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ചൈനയിലെ ഏറെ ദരിദ്രരായ ആളുകൾ പാർക്കുന്ന പ്രവിശ്യകളിലാണ് ദുരന്തം സംഭവിച്ചത്. ഇവിടത്തെ ആളുകൾ പ്രധാനമായും ചെറുകിട കൃഷിക്കാരും ഖനിത്തൊഴിലാളികളുമാണ്. റോഡാകെ പാറ കഷ്ണങ്ങൾ നിറഞ്ഞു നിൽക്കുന്നത് ഇവിടേയ്ക്ക് രക്ഷാ പ്രവർത്തകർക്ക് വരുന്നതിന് തടസ്സം സൃഷ്ടിക്കുന്നു.
ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് റിക്ടർ സ്കെയിലിൽ 5.6 രേഖപ്പെടുത്തിയ ആദ്യ പ്രകമ്പനം ഉണ്ടായത്. അര മണിക്കൂറിനകം ഇത്ര തന്നെ ശക്തമായ മറ്റൊരു ഭൂചലനവുമുണ്ടായി. തുടർന്ന് അനേകം തുടർ ചലനങ്ങളും. ചലനങ്ങളുടെ തീവ്രത ഏറെ കടുത്തതല്ലെങ്കിലും ഇവ ആഴം കുറഞ്ഞ പ്രകമ്പനങ്ങൾ ആയിരുന്നു. ഇത്തരം ആഴം കുറഞ്ഞ കമ്പനങ്ങളാണ് നാശ നഷ്ടങ്ങൾ കൂടുതൽ വരുത്തുന്നത്. വെള്ളിയാഴ്ച്ച നടന്ന ഭൂകമ്പത്തിന്റെ ആഴം 10 കിലോമീറ്റർ ആയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കോസ്റ്റാ റിക്കയിൽ നടന്ന ഭൂകമ്പത്തിന്റെ തീവ്രത 7.6 ആയിരുന്നിട്ടും നാശ നഷ്ടങ്ങൾ കുറവായിരുന്നത് അതിന്റെ ആഴം 40 കിലോമീറ്റർ അയിരുന്നത് കൊണ്ടാണ്.
- ജെ.എസ്.