ന്യൂയോർക്ക് : ഇന്ത്യൻ പ്രധാനമന്ത്രിയെ കുറിച്ച് വാഷിംഗ്ടൺ പോസ്റ്റിൽ ലേഖനമെഴുതിയ സൈമൺ ഡെന്യർ തന്റെ ലേഖനത്തിന്റെ പേരിൽ മാപ്പ് പറയാൻ തയ്യാറല്ല എന്ന് വ്യക്തമാക്കി. വാഷിംഗ്ടൺ പോസ്റ്റിന്റെ ഇന്ത്യാ ബ്യൂറോ ചീഫാണ് ലേഖകൻ. താൻ നേരത്തെ പ്രധാന മന്ത്രിയുടെ ഓഫീസിലെ വാർത്താവിനിമയ ഉപദേശകനായ പങ്കജ് പച്ചൌരിയോട് മാപ്പ് പറഞ്ഞു എന്ന് പറയുന്നത് അസത്യമാണ് എന്നും ലേഖകൻ അറിയിക്കുന്നു. താൻ ലേഖനത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. എന്നാൽ വെബ്സൈറ്റ് അൽപ്പ നേരത്തേക്ക് പ്രവർത്തന രഹിതമായതിനാൽ ലേഖനത്തെ കുറിച്ച് പ്രതികരിക്കാൻ പ്രധാന മന്ത്രിയുടെ ഓഫീസിനു കഴിഞ്ഞില്ലെന്നും ഇതിനാണ് താൻ മാപ്പ് പറഞ്ഞത് എന്നും സൈമൺ വ്യക്തമാക്കി.
നിശ്ശബ്ദനായ പ്രധാന മന്ത്രി ഒരു ദയനീയ ചിത്രമായി എന്ന തലക്കെട്ടിൽ വാഷിംഗ്ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ ആഴത്തിൽ അഴിമതി നിലനിൽക്കുന്ന ഒരു സർക്കാരിനെ നയിക്കുന്ന നിഷ്ഫലനായ പ്രധാനമന്ത്രിയാണ് മൻമോഹൻ സിങ്ങ് എന്ന് വർണ്ണിക്കുന്നു.
കൽക്കരി അഴിമതിയെ ചൊല്ലി മന്മോഹൻ സിങ്ങിന്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ച്ചയായി ഇന്ത്യൻ പാർലമെന്റിന്റെ പ്രവർത്തനം സ്തംഭിച്ച കാര്യവും ലേഖനം ചൂണ്ടിക്കാണിക്കുന്നുണ്ട്.
മൻ മോഹൻ സിങ്ങ് കൽക്കരി വകുപ്പിന്റെ ചുമതല വഹിച്ച കാലത്ത് സർക്കാർ ഖജനാവിന് വൻ നഷ്ടം വരുത്തിക്കൊണ്ട് കൽക്കരി ഖനന അനുമതി സ്വകാര്യ കമ്പനികൾക്ക് തുച്ഛമായ തുകയ്ക്ക് നൽകിയതാണ് ഇപ്പോൾ സർക്കാർ ഓഡിറ്റർ പുറത്തു കൊണ്ടുവന്നിരിക്കുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇന്ത്യ, മാദ്ധ്യമങ്ങള്‍