ലോകം ഒരു പന്തിന് ചുറ്റും കാത്തിരിക്കുന്ന സമയം. ലോകത്താകമാനം മല്‍സരിച്ച് ശക്തി തെളിയിച്ചെത്തിയ 32 ടീമുകള്‍ ഫുട്ബോളിന്‍റെ മെക്കയായ ബ്രസീലില്‍ എല്ലാ പ്രതീക്ഷയും അര്‍പ്പിച്ച് ഒത്തു കൂടുന്നു. 64 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് മല്‍സരം ബ്രസീലിന്റെ പുല്‍ത്തകിടില്‍ എത്തുമ്പോൾ സാംബാ നൃത്ത ചുവടുകള്‍ക്ക് ഇടയില്‍ ആ ചുണ്ടുകള്‍ മന്ത്രിക്കുന്നത് ബ്രസൂക്കാ ബ്രസൂക്കാ എന്നു മാത്രം.
ആദ്യ മല്‍സരം ബ്രസീലും ക്രൊയേഷ്യയുമാണ്. കാനറി പക്ഷികള്‍ക്ക് വിജയത്തില്‍ കുറഞ്ഞതൊന്നും വേണ്ട. ബ്രസീലിന്റെ രാഷ്ട്രീയ, സാമൂഹിക അവസ്ഥയില്‍ കിരീടമില്ലാത്ത ഈ ലോകകപ്പ് ഊഹിക്കാന്‍ പോലും അവര്‍ക്കാവില്ല.
സാവോ പോളോയില്‍ ആദ്യ മല്‍സരത്തിന് പന്തുരുളുമ്പോള്‍ നെയ്മര്‍ എന്ന കളിക്കാരനില്‍ ലോകശ്രദ്ധ പതിയും. നേയ്മറെ കൂടാതെ ഹള്‍ക്കും, ഫ്രെഡും കുന്തമുനകളായി ആക്രമണത്തിന് തയ്യാറെടുക്കുമ്പോള്‍ ടീമിന്‍റെ നായകത്വം വഹിക്കുന്ന തിയോഗോ സില്‍വ പ്രതിരോധത്തില്‍ ക്രോട്ടുകളുടെ ആക്രമണത്തെ ചെറുക്കും. ബാറിനു കീഴെ പരിചയ സമ്പന്നനായ ജൂലിയോ സെസാര്‍ കൂടിയാകുമ്പോള്‍ ബ്രസീല്‍ എന്ന ടീം ക്രൊയേഷ്യക്ക് ബാലികേറാ മലയാകും എന്നാണ് പലരുടേയും നിരീക്ഷണം. സ്വന്തം തട്ടകത്തില്‍ ബ്രസീല്‍ എങ്ങനെ കളിക്കും എന്നു കാണാം. മറുവശത്ത് ക്രൊയേഷ്യ കരുത്തില്‍ ഒട്ടും കുറവല്ല. യൂറോപ്യന്‍ ഫുട്ബോളിന്‍റെ സൌന്ദര്യം പുല്‍ത്തകിടില്‍ ഒരുക്കാന്‍ ക്രോട്ടുകള്‍ ഒരുങ്ങുംമ്പോൾ ലൂക്കാ മോഡ്രിച്ച് എന്ന കുന്തമുന തന്നെയാകും ബ്രസീലിന് ഭീഷണി ഉയര്‍ത്തുക. ക്രോറ്റുകള്‍ക്ക് വലിയ ചരിത്രം അവകാശപ്പെടാന്‍ ഇല്ലെങ്കിലും 2006 ല്‍ കാക്ക നയിച്ച ബ്രസീലിനെ വിറപ്പിച്ച ചരിത്രം ക്രോട്ടുകള്‍ക്കുണ്ട്. അന്ന് കഷ്ടിച്ച് ഒരു ഗോളിന് ബ്രസീല്‍ രക്ഷപ്പെടുകയായിരുന്നു. ലോക കപ്പില്‍ ഒരിക്കല്‍ കറുത്ത കുതിരകളായി വന്ന ഡാരിയോ സര്‍ന്ന നയിക്കുന്ന ക്രൊയേഷ്യ എഴുതി തള്ളാനാവാത്ത ശക്തിയാണ്.
ആദ്യ മല്‍സരം തന്നെ പുല്‍ത്തകിടിനെ തീ പിടിപ്പിക്കുന്നതാണ്. ഇനി പന്തുരുളുന്നതും നോക്കി ലോകം മന്ത്രിക്കുന്നു, ആരായിരിക്കും ജൂലായ് 13നു കപ്പുയര്‍ത്തുക? ബ്രസീല്‍, അര്‍ജന്‍റീന, ജര്‍മനി, സ്പെയിന്‍, പിന്നെ കറുത്ത കുതിരകള്‍. ആരൊക്കെ? കാത്തിരിക്കാം. സാംബാ സാംബാ സംഗീതത്തോടൊപ്പം ബ്രസൂക്കാ, ബ്രസൂക്കാ!
(കളിയെഴുത്ത് – ഫൈസല്‍ ബാവ)
- ഫൈസല്‍ ബാവ