ഇഞ്ചിയോണ്‍: ഇടിക്കൂട്ടിലെ ഇന്ത്യന്‍ ഉരുക്ക് വനിത മേരികോമിനു സ്വര്‍ണ്ണം. വനിതകളുടെ 51 കിലോഗ്രാം ഫ്ലൈവെയ്റ്റിന്റെ ഫൈനലില്‍ ആണ് എതിരാളിയെ ഇടിച്ച് നിലം പരിശാക്കിക്കൊണ്ട് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഏഴാമത്തെ സ്വര്‍ണ്ണം നേടിത്തന്നത്. ഉയരക്കൂടുതലിന്റെ ആനുകൂല്യമുള്ള കസാഖിസ്ഥാന്റെ ഷൈന ഷെകെര്‍ബെക്കോവയെ ദ്രുതചലനങ്ങളിലൂടെയും അപ്രതീക്ഷിതമായ പ്രത്യാക്രമങ്ങളിലൂടെയും മേരികോം നേരിട്ടു. ആദ്യഘട്ടത്തില്‍ ഷൈനയ്ക്ക് അനുകൂലയായിരുന്നു എങ്കിലും പിന്നീട് ഉശിരന്‍ പഞ്ചുകള്‍ കൊണ്ട് തിരിച്ചുവരവ് നടത്തി. രണ്ടാം റൌണ്ടില്‍ എതിരാളിയുടെ പോയന്റ് കുറച്ചു കൊണ്ടുവന്നു തുടര്‍ന്നുള്ള രണ്ടു റൌണ്ടിലും മേരിയുടെ “ഇടിമഴയ്ക്കാണ്” ഇഞ്ചിയോണിലെ വേദി സാക്ഷിയായത്. മേരിയുടെ കൈകളുടെ ദ്രുതചലനങ്ങളില്‍ പലപ്പോഴും ഷൈന പതറിപ്പോയി. മൂന്നാം റൌണ്ടില്‍ ഷൈന തിരിച്ചുവരുവാന്‍ ശ്രമിച്ചെങ്കിലും അതേ റൌണ്ടില്‍ ഇടം കൈകൊണ്ടുള്ള ഒരു പഞ്ചില്‍ മേരിയുടെ പോയന്റ് നില ഉയര്‍ന്നു. 27-30,29-28,30-27,30-27 എന്നിങ്ങനെ ആണ് പോയന്റ് നില. ആദ്യമായാണ് മേരികോമിനു ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം ലഭിക്കുന്നത്. ഒളിമ്പിക്സില്‍ വെങ്കലവും നാല് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണവും അടക്കം നിരവധി മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട് ഈ 31 കാരി.
- എസ്. കുമാര്‍