അമേരിക്കയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍. കഴിഞ്ഞ മാസത്തില്‍ മാത്രം 80,000 ജീവനക്കാരെയാണിവിടെ തൊഴിലുടമകള്‍ പിരിച്ചുവിട്ടത്.
തുടര്‍ച്ചയായ മൂന്നാംമാസമാണ് ഇവിടെ കൂട്ടപിരിച്ചുവിടല്‍ അരങ്ങേറുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ തൊഴില്‍ മേഖലയിലുണ്ടായ ഏറ്റവും വലിയ ഇടിവാണിത്. തൊഴിലില്ലായ്‌മനിരക്ക് രണ്ടരവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഈ വര്‍ഷം ആദ്യ രണ്ടുമാസങ്ങളില്‍ ത്തന്നെ 1,52,000 പേര്‍ക്ക് അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ടതായി തൊഴില്‍ വകുപ്പ് വെള്ളിയാഴ്‌ച വ്യക്തമാക്കി. മാര്‍ച്ചില്‍ തൊഴിലില്ലായ്‌മനിരക്ക് 4.8 ശതമാനത്തില്‍ നിന്ന് 5.1 ശതമാനമായി ഉയര്‍ന്നു.
സാമ്പത്തിക ശാസ്‌ത്രജ്ഞര്‍ നേരത്തേ പ്രവചിച്ചതിനേക്കാള്‍ രൂക്ഷമായ തൊഴിലില്ലായ്‌മയാണ് രാജ്യത്തുണ്ടായത്. മാര്‍ച്ചില്‍ 60,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും തൊഴിലില്ലായ്‌മനിരക്ക് അഞ്ച് ശതമാനമായി ഉയരുമെന്നുമാണ് കരുതിയിരുന്നത്. പലിശനിരക്ക് ഫെഡറല്‍ ബാങ്ക് വീണ്ടും വെട്ടിക്കുറയ്‌ക്കുമെന്ന ആശങ്കയിലാണ് അമേരിക്കന്‍ ധനകാര്യ സാമ്പത്തിക സ്ഥാപനങ്ങള്‍. അമേരിക്കന്‍ ഡോളറും ഓഹരിവിപണി സൂചികയും വീണ്ടും ഇടിയും.
സാമ്പത്തികമാന്ദ്യം കുറേക്കാലത്തേക്ക് തുടരുമെന്നും അതിന്റെ തുടക്കം മാത്രമാണിതെന്നുമാണ് അമേരിക്കന്‍ പലിശനിരക്ക് തന്ത്രജ്ഞര്‍ നല്‍കുന്ന സൂചന.