ഇന്ത്യയുടെ പ്രഥമ അന്താരാഷ്ട്ര ബഡ്ജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സ്പ്രസ് നാലാം വര്‍ഷത്തിലേക്ക്. 2005 ഏപ്രില്‍ 28 നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വ്വീസ് ആരംഭിച്ചത്.
തുടക്കത്തില്‍ ആഴ്ചയില്‍ 26 ഫ്ളൈറ്റുകള്‍ സര്‍വ്വീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 153 സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് 13 ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും 12 അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേക്കു നടത്തുന്നത്.
കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി, ചെന്നൈ, ട്രിച്ചി, മാംഗ്ളൂര്‍, മുംബയ്, നാഗ്പൂര്‍, കൊല്‍ക്കത്ത, ജയ്പൂര്‍, ലക്നൗ, ഡല്‍ഹി, അമൃത്സര്‍ എന്നീ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ദുബായ്, ഷാര്‍ജ, അബുദാബി, മസ്കറ്റ്, അല്‍ഐന്‍, സലാല, ബഹ്റൈന്‍, ദോഹ, കൊളംബോ, സിംഗപ്പൂര്‍, ക്വലാലമ്പൂര്‍, ബാങ്കോക്ക് എന്നീ സ്ഥലങ്ങളിലേക്കാണ് എയര്‍ ഇന്ത്യ നിലവില്‍ സര്‍വ്വീസ് നടത്തുന്നത്.
വാടകയ്ക്കെടുത്ത മൂന്ന് വിമാനങ്ങള്‍ വച്ച് സര്‍വ്വീസ് ആരംഭിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ്സിന് ഇന്ന് 18 ബോയിംഗ് 737-800 വിമാനങ്ങളുണ്ട്.
1200 കോടി രൂപയുടെ പ്രതിവര്‍ഷ വരുമാനം സ്വന്തമായുള്ള വിമാനക്കമ്പനി പുതിയ വികസന പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
കേരളം, മാംഗ്ളൂര്‍, അഹമ്മദാബാദ് എന്നിവടങ്ങളില്‍ നിന്നും കുവൈറ്റിലേക്കും ഗോവ, പൂനെ, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവടങ്ങളില്‍ നിന്നും ദുബായിലേക്കും സര്‍വ്വീസ് തുടങ്ങാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.