മനുഷ്യരുമായി ഇടപെടുമ്പോള്‍ സ്നേഹപ്രകടങ്ങള്‍ക്കായി ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന ആനകള്‍ സാധാരണമാണ്. എന്നാല്‍ മനുഷ്യരെ പോലെ ചില വാക്കുകള്‍ സംസാരിക്കുന്ന ആന എന്ന് കേട്ടാല്‍ വിശ്വസിക്കുവാന്‍ അല്പം ബുദ്ധിമുട്ടുണ്ട് അല്ലേ? എങ്കില്‍ ഇതാ ഹലോ, നല്ലത്, ഇല്ല, ഇരിക്കൂ, കിടക്കൂ തുടങ്ങിയ വാക്കുകള്‍ സംസാരിക്കുന്നത് 22 കാരനായ കോഷിക്കാണ്. സംഗതി മലയാളത്തില്‍ അല്ല കൊറിയന്‍ ഭാഷയിലാണ് എന്ന് മാത്രം. വായില്‍ തുമ്പിക്കൈ തിരുകിയാണ് കോഷിക് ഇതെല്ലാം പറയുന്നത്.
ദക്ഷിണ കൊറിയയിലെ എവര്‍ ലാന്റ് മൃഗശാലയിലാണ് ഈ ഏഷ്യന്‍ ആന ഉള്ളത്. വളരെ ചെറുപ്പത്തില്‍ തന്നെ ഇവന്‍ മനുഷ്യരുമായി ഇടപെടുവാന്‍ തുടങ്ങിയതാകാം ഇങ്ങനെ ശബ്ദം അനുകരിക്കുവാന്‍ കാരണമെന്നാണ് ആന ഗവേഷകര്‍ പറയുന്നത്. ആനയോട് ഈ അഞ്ചു വാചകങ്ങള്‍ പറഞ്ഞാല്‍ ഉടനെ അവന്‍ അത് തിരിച്ചു പറയും. ഇത് റെക്കോര്‍ഡ് ചെയ്ത് നടത്തിയ പഠനങ്ങളില്‍ ശരിക്കുള്ള ഉച്ചാരണമാണെന്ന് വ്യക്തമായിട്ടുണ്ട്. തത്തയും മൈനയുമെല്ലാം മനുഷ്യരെ പോലെ സംസാരിക്കാറുണ്ടെങ്കിലും ആദ്യമായാണ് ഒരാന ഇത്തരത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. പുരാണേതിഹാസങ്ങളിലും ചരിത്രത്തിലുമെല്ലാം പേരെടുത്ത ആനകള്‍ ഉണ്ടെങ്കിലും അവയില്‍ ഒന്നും ആനകള്‍ സംസാരിച്ചിരുന്നതായി പറയുന്നില്ല. ആനകള്‍ക്ക് പണ്ട് പറക്കുവാന്‍ കഴിഞ്ഞിരുന്നു എന്ന് പുരാണങ്ങളില്‍ പറയുന്നുണ്ട്. പിന്നീട് വന്ന ചിത്രകഥകളില്‍ പറക്കുന്ന ആനകള്‍ കുട്ടികളെ ആകര്‍ഷിച്ചിട്ടുമുണ്ട്. എന്തായാലും കോഷിൿ എന്ന ഈ സംസാരിക്കുന്ന കൊമ്പന്‍ ഇപ്പോള്‍ കൊറിയക്കാരുടെ ഇടയില്‍ മാത്രമല്ല കേരളത്തിലും സംസാര വിഷയമായിരിക്കുകയാണ്.