കൈറോ : ഈജിപ്റ്റ് കലാപ കലുഷിതമാണ്. ടുണീഷ്യയിലെ മുല്ല വിപ്ലവത്തിന്റെ അലകള്‍ ഈജിപ്റ്റ് തീരത്ത് എത്തിക്കഴിഞ്ഞു. പ്രസിഡണ്ട് ഹോസ്നി മുബാറക്ക് അധികാരം ഒഴിയണം എന്ന ആവശ്യവുമായി നാട് നീളെ ജനം പ്രക്ഷോഭം നടത്തുകയാണ്. നിശാ നിയമം ലംഘിച്ചു ഇന്നലെ രാത്രി മുഴുവന്‍ ജനക്കൂട്ടം പോലീസിനെയും പട്ടാളത്തെയും കല്ലുകളും ബോംബുകളും കൊണ്ട് നേരിട്ടു. ഭരണ പക്ഷത്തിന്റെ ഓഫീസ് തീ വെച്ച് നശിപ്പിച്ചു. ഗത്യന്തരമില്ലാതെ പ്രസിഡണ്ട് ഇന്ന് രാവിലെ മന്ത്രി സഭ പിരിച്ചു വിട്ടു എങ്കിലും മുബാറക് താഴെ ഇറങ്ങണം എന്ന ആവശ്യമാണ് പ്രക്ഷോഭകാരികള്‍ ആവര്‍ത്തിക്കുന്നത്.
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി പ്രക്ഷോഭം സംഘടിപ്പിക്കുന്നത് തടയാനായി ഇന്റര്‍നെറ്റും മൊബൈല്‍ ഫോണ്‍ സര്‍വീസും സര്‍ക്കാര്‍ പ്രവര്‍ത്തന രഹിതമാക്കി. നിശാ നിയമം നടപ്പിലാക്കി തെരുവുകളില്‍ സൈന്യത്തെ വിന്യസിച്ചു.
എന്നാല്‍ പ്രതിഷേധിക്കുന്ന ജനത്തെ നേരിടുന്നതിനായി കടുത്ത നടപടികള്‍ സ്വീകരിക്കു ന്നതിനെതിരെ അമേരിക്ക ഈജിപ്തിനെ താക്കീത് ചെയ്തിട്ടുണ്ട്. ഈജിപ്റ്റ് ജനതയുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനു വേണ്ടി അമേരിക്ക നില കൊള്ളും എന്നാണ് അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ ഇന്നലെ പ്രസ്താവിച്ചത്. ഈജിപ്തിലെ സര്‍ക്കാരിനോടൊപ്പം സഹകരിച്ച് ഒരു മെച്ചപ്പെട്ട ഭാവി ഉറപ്പാക്കുന്നതിനായി അമേരിക്ക യത്നിക്കും എന്നും ഒബാമ പറഞ്ഞു.
അറബ് ലോകത്ത് അമേരിക്കയുടെ ഏറ്റവും ശക്തനായ കൂട്ടാളിയാണ് ഈജിപ്ത്. സൈനികവും സാമ്പത്തികവുമായി വന്‍ സഹായങ്ങളാണ് അമേരിക്ക മുബാറക്കിന് നല്‍കി പോരുന്നത്. ഇറാനെതിരെ അമേരിക്കയ്ക്ക് ഈജിപ്തിന്റെ സഹായം അനിവാര്യമാണ്. മാത്രമല്ല, മുബാറക്കിന് ഭരണം നഷ്ടമായാല്‍ ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ഹുഡ് പിടിമുറുക്കും എന്ന ഭീഷണിയും മുബാറക് മുന്നോട്ട് വെയ്ക്കുന്നത് അമേരിക്കയെ വിഷമിപ്പിക്കുന്നു. ഈജിപ്തില്‍ ശരിയത്ത് നിയമം നടപ്പിലാക്കുക എന്ന ലക്ഷ്യമുള്ള ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ മുസ്ലിം ബ്രദര്‍ഹുഡ് അധികാരത്തില്‍ വന്നാല്‍ ഇസ്രയേലുമായുള്ള അറബ് ലോകത്തിന്റെ സമാധാന ഉദ്യമങ്ങള്‍ അവസാനിക്കും എന്ന് അമേരിക്ക ഭയക്കുന്നു. മദ്ധ്യ പൂര്‍വേഷ്യയിലേക്ക് തങ്ങളുടെ യുദ്ധ കപ്പലുകള്‍ അയക്കുവാന്‍ നിര്‍ണ്ണായകമായ സൂയെസ് കനാല്‍ തങ്ങള്‍ക്ക് അപ്രാപ്യമാവും എന്ന ആശങ്കയും അമേരിക്കയ്ക്ക് ഉണ്ട്.