വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിനു വിസ്സമ്മതിച്ച് വിവാഹിതരാകുവാന്‍ ശ്രമിച്ച കമിതാക്കളെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികള്‍ കല്ലെറിഞ്ഞു കൊന്നു. അഫ്ഗാനിസ്ഥാനിലെ ദസ്തെ ആര്‍ച്ചി ജില്ലയിലാണ് സംഭവം. ഖയമെന്ന യുവാവും അയാളുടെ കാമുകിയായ സിദ്ഖായെന്ന പത്തൊമ്പതുകാരിയുമാണ് വധ ശിക്ഷക്ക് വിധേയരായതെന്ന് അറിയുന്നു. പ്രണയ ബദ്ധരായ ഇവര്‍ ഒളിച്ചോടുവാനുള്ള ശ്രമത്തിനിടയില്‍ താലിബാന്‍ സംഘത്തിന്റെ പിടിയില്‍ ആകുകയായിരുന്നു. പിന്നീട് ഇരുവരേയും വിചാരണ ചെയ്തു കല്ലെറിഞ്ഞു കൊല്ലുവാന്‍ വിധിച്ചു. നൂറു കണക്കിനു ആളുകളെ സാക്ഷിയാക്കി ക്കൊണ്ടായിരുന്നു ക്രൂരമായ ഈ ശിക്ഷാ വിധി. കല്ലേറു കൊണ്ട് ഇരുവരും താഴെ വീഴുന്നതും ദയക്കായി യാചിക്കുന്നതും അടക്കം ഉള്ള വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍ നെറ്റില്‍ പ്രചരിക്കുന്നുണ്ട്. കല്ലേറില്‍ മരിക്കാത്തതിനെ തുടര്‍ന്ന് മരണം ഉറപ്പാക്കുവാനായി യുവതിയെ മൂന്നു തവണ താലിബാന്‍ ഭീകരന്‍ വെടി വെയ്ക്കുകയായിരുന്നു.
ഇത്തരത്തില്‍ കല്ലെറിഞ്ഞും വെടി വെച്ചും കൊല്ലുന്ന സംഭവങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുമ്പോളും പ്രാകൃതമായ ശിക്ഷാ വിധികള്‍ പലയിടത്തും അരങ്ങേറുന്നത് പതിവാണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഫ്ഗാനിസ്ഥാന്, തീവ്രവാദം, പീഡനം, മനുഷ്യാവകാശം